കോട്ടയം: കോട്ടയം നഗരസഭ ചെയർപേഴ്സണനെ നറുക്കെടുപ്പിലുടെ തീരുമാനിക്കും. നഗരസഭയിലെ 52-ാം വാർഡിൽ നിന്നും സ്വതന്ത്ര്യയായി വിജയിച്ച ബിൻസി സെബാസ്റ്റ്യൻ യുഡിഎഫിനു പിന്തുണ അറിയിച്ചതോടെ എൽഡിഎഫിനും യുഡിഎഫിനും തുല്യഅംഗങ്ങളായി.
ഇതോടെയാണ് ചെയർപേഴ്സണ് സ്ഥാനം നറുക്കെടുപ്പിലൂടെ തീരുമാനിക്കേണ്ട സാഹചര്യമുണ്ടായത്. ഇന്നലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള നേതാക്കൾ ബിൻസിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ബിൻസി യുഡിഎഫിനു പിന്തുണ നൽകാൻ തീരുമാനിച്ചത്.
ചെയർപേഴ്സണ് പദവിയും ബിൻസി യുഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ ഫലം വിലയിരുത്തുന്നിതിനായി ഡിസിസിയിൽ നടന്ന യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നേതാക്കൾ ബിൻസിയുമായി ചർച്ച നടത്തിയത്.
ക്വാറന്റെനിലായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ബിൻസിയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. തുടർന്ന് നേതൃയോഗത്തിനിടയിൽ ഡിസിസിയിലെത്തിയ ബിൻസിയെ ഉമ്മൻചാണ്ടി ഷാൾ അണിയിച്ച് സ്വീകരിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് ഒപ്പമുണ്ടായിരുന്ന പ്രവർത്തകരുടെയും വാർഡിലെ ജനങ്ങളുടെയും തീരുമാനം യുഡിഎഫിനൊപ്പം നിൽക്കുക എന്നതായിരുന്നുവെന്നും ബിൻസി പറഞ്ഞു.
ബിൻസി യുഡിഎഫിനു പിന്തുണ അറിയിച്ചതോടെ എൽഡിഎഫ് സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഉടൻ ചേരുന്ന സിപിഎം പാർലമെന്ററി പാർട്ടി യോഗം നേതാവിനെ തെരഞ്ഞെടുക്കും. ഷീജ അനിലിനെയാണ് സിപിഎം ചെയർപേഴ്സണ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.