കോട്ടയം: നഗരത്തിൽ പാർക്കിംഗിന്റെ പേരിൽ പകൽക്കൊള്ള. ചെറിയ ഫീസ് ഈടാക്കി വാഹനപാർക്കിംഗ് നടത്തിയിരുന്ന നഗരസഭ ഇപ്പോൾ കൊടുംകൊള്ളയാണ് നടത്തുന്നത്. ഇതിന്റെ പേരിൽ വൻഅഴിമതി നടക്കുന്നതായുള്ള ആരോപണം ഉയർന്നിരിക്കെയാണ് ജനങ്ങളെ പിഴിയുന്നത് ഇന്നു മുതൽ തുടങ്ങിയത്. അനുപമ തിയറ്ററിനു എതിർവശത്തുള്ള പാർക്കിംഗ് ഏരിയായിൽ ആദ്യ രണ്ടു മണിക്കൂറിനു 20 രൂപയും തുടർന്നു വരുന്ന ഓരോ മണിക്കൂറിനും അഞ്ച് രൂപയും ഇന്നു മുതൽ നല്‍കണം.
രാവിലെ മുതൽ വൈകുന്നേരം വരെ പാർക്ക് ചെയ്യുന്ന ഒരാൾക്ക് 70 രൂപയോളം ചെലവ് വരും. കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാർക്കിംഗ് ഏരിയായിൽ ഫീസ് പിരിക്കുന്നത് പുറം കരാറുകരാണ്. ഇതിന്റെ മറവിൽ വൻഅഴിമതി നഗരസഭ ഭരണാധികാരികൾ നടത്തുന്നുണ്ടെന്ന് ആരോപണം ഉയർന്നിട്ട് നാളേറെയായി.
പുറം കരാർ എടുക്കുന്നവരേറെയും കൗണ്‍സിലർമാരുമായി ബന്ധപ്പെട്ട് നിൽക്കുന്നവരാണെന്നും പറയപ്പെടുന്നു. മുന്‍പു ദിവസം 20 രൂപയായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. ഭരണപ്രതിപക്ഷ ഭേദമെന്യെ എല്ലാ കൗണ്‍സിലർമാരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്ന് സംസാരവുമുണ്ട്.അതേസമയം നഗരത്തിൽ വാഹനത്തിൽ എത്തുന്നവർ പാർക്കിംഗിനു ഇടമില്ലാതെ വലയുകയാണ്.
നഗരത്തിലും പരിസരപ്രദേശങ്ങളിലും അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കുനേരേ പോലീസ് നടപടി കർശനമാക്കി പിഴയീടാക്കി തുടങ്ങിയതോടെ പാർക്കിംഗ് ഇടങ്ങൾ നിറഞ്ഞു. നഗരത്തിലെ ശീമാട്ടി റൗണ്ടാന സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആകാശനടപ്പാതയുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചതോടെ വാഹനങ്ങൾ പാർക്കു ചെയ്തിരുന്ന ടിബി റോഡിലും പോസ്റ്റോഫീസിനു മുന്നിലും നോ പാർക്കിംഗ് ബോർഡുകളും നിരന്നു.
പണം നൽകി പാർക്കിംഗ് അനുവദിച്ചിട്ടുള്ള ആറു സ്ഥലങ്ങളാണു നഗരത്തിനുള്ളിലുള്ളത്. തിരുനക്കര മൈതാനം, പഴയ പോലീസ് സ്റ്റേഷൻ മൈതാനം, ചന്തയ്ക്കകത്ത് അനുപമ തിയറ്ററിന് എതിർവശത്തുള്ള പാർക്കിംഗ് ഗ്രൗണ്ട്, ശാസ്ത്രി റോഡിൽ ശീമാട്ടി റൗണ്ടാന കഴിഞ്ഞ ഇടവതുവശത്ത് ബസ് സ്റ്റോപ്പിനു പിന്നിൽ, കല്യാണ്‍ സിൽക്സിനുസമീപം എന്നിങ്ങനെയാണു ആറു പാർക്കിംഗ് ഗ്രൗണ്ടുകളുള്ളത്.
ആകെ 480 വാഹനങ്ങൾ മാത്രമാണ് ആറു പാർക്കിംഗ് ഗ്രൗണ്ടുകളിലുമായി പാർക്ക് ചെയ്യാൻ സാധിക്കുന്നത്. പാർക്കിംഗിനു സ്ഥലം ഒരുക്കി നൽകേണ്ടതു നഗരസഭയുടെ കടമയാണ്. എന്നാൽ ഇക്കാര്യത്തിൽ ക്രിയാത്മകമായി യാതൊരു നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ആളുകളെ വച്ചു പാർക്കിംഗ് ഫീ പിരിവു നടത്തിയാൽപോലും ലാഭമുണ്ടാകുമെന്നിരിക്കെ പാർക്കിംഗ് ഗ്രൗണ്ടുകൾ ടെണ്ടർ വിളിച്ചു സ്വകാര്യവ്യക്തികൾക്കു നൽകുകയാണ് നഗരസഭ ചെയ്യുന്നത്.
നഗരത്തിൽ പാർക്കിംഗ് ക്രമീകരണം വേണമെന്ന ആവശ്യത്തിനു കാലങ്ങളുടെ പഴക്കമുണ്ട്. കോട്ടയം ജനറൽ ആശുപത്രിയിലെ പാർക്കിംഗ് മൈതാനം സ്വകാര്യ ആവശ്യത്തിനും മറ്റുമായി നൽകാറുണ്ട്. ഇതു സ്ഥിരമായി പാർക്കിംഗിനായി തുറന്നു കൊടുക്കണമെന്ന ആവശ്യവും ശക്തമാണ്. നാഗന്പടത്ത് പുതിയതായി നിർമിക്കുന്ന ഇൻഡോർ സ്റ്റേഡിയം പരിസരം, പബ്ലിക് ലൈബ്രറി മൈതാനം പാർക്കിംഗിനായി തുറന്നു കൊടുക്കാമെന്ന നിർദ്ദേശവും അവഗണിക്കപ്പെടുകയാണ്.