കോട്ടയം: ആർക്കും ഭൂരിപക്ഷമില്ലാത്ത കോട്ടയം നഗരസഭയിൽ ഇനി താരം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച ബിൻസി സെബാസ്റ്റ്യൻ. വനിതാ സംവരണമായ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ബിൻസി എത്താനുള്ള സാധ്യതയും തെളിയുന്നു.
52 വാർഡുകളുള്ള നഗരസഭയിൽ ഇപ്പോൾ വലിയ കക്ഷി എൽഡിഎഫാണ്. 22 സീറ്റുകളാണ് എൽഡിഎഫ് നേടിയത്. 21 സീറ്റുകൾ യുഡിഎഫും എട്ട് സീറ്റുകൾ എൻഡിഎയും നേടി.
52-ാം വാർഡിൽ നിന്നുമാണ് കോണ്‍ഗ്രസ് വിമതയായി ബിൻസി സെബാസ്റ്റ്യൻ മത്സരിച്ചത്. ഭരണം പിടിക്കാൻ ഇടതു മുന്നണി ബിൻസി സെബാസ്റ്റ്യന്റെ സഹായം തേടിയിരിക്കുകയാണ്.
യുഡിഎഫിനു ബിൻസിയെ ഒപ്പം ചേർത്ത് 22 സീറ്റാക്കി ഉയർത്തിയാൽ ഇടത്, വലത് കക്ഷികൾ തുല്യകക്ഷി നിലയാകും. ഇതു നറുക്കെടുപ്പിലൂടെ ചെയർപേഴ്സണനെ തെരഞ്ഞെടുക്കേണ്ട സ്ഥിതിയുണ്ടാക്കും. ബിൻസിയുടെ പിന്തുണയില്ലാതെ ആർക്കും ഭരിക്കാനാവാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നത്.
‘ഏറ്റുമാനൂർ നഗരസഭ ആരു ഭരിക്കണം’ ബിജെപി തീരുമാനിക്കും
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ ആരു ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും. 35 അംഗ ഭരണസമിതിയിൽ ഭരണം ലഭിക്കാൻ ഭൂരിപക്ഷമായ 18 സീറ്റുകൾ ആരും നേടാത്ത അവസ്ഥ എത്തിയതോടെയാണ് തുറുപ്പ് ചീട്ട് ബിജെപിയുടെ കൈവശം വന്നിരിക്കുന്നത്.
യുഡിഎഫ്-13, എൽഡിഎഫ്-12, ബിജെപി- ഏഴ്, സ്വതന്ത്രർ- മൂന്ന് എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷി നില. ഇതോടെയാണ് യുഡിഎഫിനും എൽഡിഎഫിനും ഭരണത്തിലേറാൻ ഏഴ് സീറ്റിൽ ജയിച്ച ബിജെപിയുടെ സഹായം തേടേണ്ടിവരുന്നത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ മുന്നേറ്റമാണ് ബിജെപി ഏറ്റുമാനൂരിലുണ്ടാക്കിയത്. 2015ലെ തെരഞ്ഞെടുപ്പിലും ഏറ്റുമാനൂർ നഗരസഭയിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ല.
കോണ്‍ഗ്രസിന് ഒന്‍പത്, കേരളാ കോണ്‍ഗ്രസിന് അഞ്ച് എന്നിങ്ങനെ 14 സീറ്റുകൾ നേടിയ യുഡിഎഫ് നാല് സ്വതന്ത്രരുടെ പിൻതുണയോടെയാണ് കഴിഞ്ഞ തവണ ഭരിച്ചത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ തവണ അധികാരത്തിലെത്തിയത് അഞ്ച് ചെയർമാൻമാരാണ്. ഇതേ ചരിത്രം വീണ്ടും ആവർത്തിക്കുകയാണ് ഇപ്പോൾ.
കഴിഞ്ഞ തവണ സ്വതന്ത്രരാണ് പിന്തുണ നൽകിയതെങ്കിൽ ഇക്കുറി ആര് അധികാരത്തിലെത്തണമെങ്കിലും ബിജെപി പിന്തുണയ്ക്കേണ്ട അവസ്ഥയാണ്. ചെയർമാൻ സ്ഥാനവും ബിജെപിയുടെ നിലപാടിനനുസൃതമായിരിക്കും.