കോട്ടയം: സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കോട്ടയം നഗരസഭ ജാഗ്രതാ സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചു.
നഗരത്തിൽ എത്തുന്ന സ്ത്രീകൾ സുരക്ഷിതരല്ലെന്നുള്ളതിന്റെ ചിത്രം രാഷ്്ട്രദീപിക പത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
നാഗന്പടം റെയിൽവേ മേൽപ്പാലത്തിനു സമീപമുള്ള വെയ്റ്റിംഗ് ഷെഡിൽ സത്രീകൾ സുരക്ഷിതമല്ലാതെ ബസ് കാത്തു നിൽക്കുന്ന ചിത്രമാണ് പ്രസിദ്ധീകരിച്ചത്.
ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ചെയർപേഴ്സണ് ബിൻസി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നാണ് ജാഗ്രതാ സമിതികൾ രൂപീകരിക്കാൻ തീരുമാനമെടുത്തത്.
പോലീസ് നിരീക്ഷണം
തിരുനക്കര മൈതാനം, പഴയ പോലീസ് സ്റ്റേഷൻ മൈതാനം, തിരുനക്കര ബസ് സ്റ്റാൻഡ്, നാഗന്പടം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ റെസിഡൻസ് അസോസിയേഷനുകൾ, യുവജനങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ജാഗ്രതാ സമിതികൾ പ്രവർത്തിക്കുന്നത്.
നഗരത്തിലെത്തുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ജാഗ്രതാ സമിതികൾ ജാഗ്രതയോടെ പ്രവർത്തിക്കും.
ഇതിനു പുറമേ പോലീസ് പട്രോളിംഗ് ശക്തമാക്കാനും നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചു.
പിങ്ക് പോലീസിന്റെ സേവനം 24 മണിക്കൂറും നഗരത്തിലുണ്ടാകും. വെളിച്ചമില്ലാത്ത സ്ഥലങ്ങളിൽ അടിയന്തരമായി വഴിവിളക്കുകൾ സ്ഥാപിക്കാനും നഗരസഭ തീരുമാനിച്ചു.
യാചക നിരോധിത മേഖല
സ്ത്രീ സുരക്ഷയ്ക്കൊപ്പം നഗരത്തിലെ യാചകരെ പുനരധിവസിപ്പിക്കാനും നഗരസഭ തീരുമാനിച്ചു. നഗരസഭ പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ യാചക നിരോധിത മേഖല എന്ന ബോർഡ് സ്ഥാപിക്കും.
പൊതുസ്ഥലത്ത് സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നവരുടെ യോഗം വിളിച്ചു ചേർത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഭക്ഷണം വാങ്ങുവാനും കഴിക്കാനുമായി യാചകർ കൂട്ടത്തോടെ എത്തുന്നുണ്ട്.
നാഗന്പടം ബസ് സ്റ്റാൻഡിൽ ഫുട്പാത്ത് കച്ചവടം നടത്തുന്നവർ അംഗീകൃത വിസ്തൃതിയിൽ കൂടുതൽ സ്ഥലം കൈവശം വച്ചിട്ടുണ്ടോയെന്നു പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റവന്യു ഓഫീസറെ ചുമതലപ്പെടുത്തി.
മുട്ടന്പലം ശാന്തിഭവനിൽ 24 മണിക്കൂറും സെക്യൂരിറ്റിക്കായി മൂന്നു പേരെ നിയമിക്കും. നാഗന്പടം ബസ് സ്റ്റാൻഡിന്റെ മുകൾ നിലയിലേക്കു കയറി പോകുന്ന സ്ഥലത്തെ ഷട്ടർ അടയ്ക്കുന്നതിനും തുറക്കുന്നതിനും ഒരാളെ ചുമതലപ്പെടുത്തും.
ദിനംപ്രതി ഭക്ഷണം എത്തിച്ചു നല്കുന്നവരെ നഗരസഭ കണ്ടെത്തി അവർക്കു സ്ഥലം നിശ്ചയിച്ചു നല്കി അവിടെ വച്ചു മാത്രം ഭക്ഷണം വിതരണം ചെയ്യുന്നതിനു ഹെൽത്ത് വിഭാഗത്തെ ചുമതലപ്പെടുത്തി.
നഗരസഭ ചെയർപേഴ്സണ് ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി. ഗോപകുമാർ, എസ്എച്ച്ഒമാരായ നിർമ്മൽ ബോസ്, റിജോ പി. ജോസഫ്, കൗണ്സിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.