കോട്ടയം: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിലൂടെ ചെയർപേഴ്സണ്‍ പുറത്താക്കപ്പെട്ട കോട്ടയം നഗരസഭയിൽ ഒരു മാസത്തിനുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ്.
തദ്ദേശസ്വയം ഭരണവകുപ്പിന്റെ നിർദേശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ഒരുമാസത്തിനുള്ളിൽ വീണ്ടും ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പ് നടക്കും. എൽഡിഎഫിനും യുഡിഎഫിനും തുല്യ അംഗങ്ങളുള്ള നഗരസഭയിൽ വീണ്ടും നറുക്കെടുപ്പിനാണ് സാധ്യത.
എൽഡിഎഫും യുഡിഎഫും ബിജെപിയും ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കും. തുല്യ അംഗബലം വരുന്പോൾ നറുക്കെടുപ്പല്ലാതെ മറ്റു മാർഗമില്ല. ഇത്തവണ ഭാഗ്യം ആരെ തുണയ്ക്കുമെന്ന് കണ്ടറിയണം. എട്ട് അംഗങ്ങളുള്ള ബിജെപി മത്സരിക്കുമെങ്കിലും ആദ്യ വോട്ടിംഗിൽ ഏറ്റവും കുറവ് വോട്ടു കിട്ടുന്നതോടെ പുറത്താകും.
പിന്നീട് എൽഡിഎഫും യുഡിഎഫും തമ്മിൽ വീണ്ടും മത്സരം നടക്കും. അപ്പോഴും തുല്യ അംഗബലം വരുന്പോഴാണ് നറുക്കെടുപ്പ് നടത്തുന്നത്.യുഡിഎഫിൽനിന്ന് ബിൻസി സെബാസ്റ്റ്യനു തന്നെയാണ് പ്രഥമ പരിഗണന.
ഇവർ പിൻവാങ്ങിയാൽ മുൻചെയർപേഴ്സണ്‍ ബിന്ദു സന്തോഷ് കുമാർ, ജാൻസി ജേക്കബ്, ഷൈനി ഫിലിപ്പ് എന്നിവരിൽ ഒരാളെയും പരിഗണിച്ചേക്കും. എൽഡിഎഫിൽ ഷീജാ അനിൽ തന്നെയാകും വീണ്ടും സ്ഥാനാർഥി.
ബിജെപി മത്സരിക്കുകയാണെങ്കിൽ മുൻചെയർപേഴ്സണ്‍ റീബാ വർക്കി രംഗത്തുണ്ടാകും. ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പിൽ മറ്റുപാർട്ടിക്കാരെ പിന്തുണയ്ക്കില്ലെന്നു ബിജെപി നേതൃത്വം പറഞ്ഞു. എൽഡിഎഫും യുഡിഎഫും ബിജെപിയുടെ പിന്തുണ നേടില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടയിൽ യുഡിഎഫിൽ നിന്നും അംഗങ്ങളെ തങ്ങൾക്കൊപ്പം ചേർക്കാൻ എൽഡിഎഫ് ശ്രമം തുടങ്ങി.കോണ്‍ഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. ഭിന്നത രൂക്ഷമായതോടെയാണ് അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽകാൻ ഡിസിസി നിർദേശം നൽകിയത്.
വോട്ടെടുപ്പ് നടന്നാൽ അഞ്ച് വോട്ടെങ്കിലും പ്രമേയത്തിന് അനുകൂലമായി ലഭിക്കുമെന്നായിരുന്നു എൽഡിഎഫിന്റെ കണക്കുകൂട്ടൽ.കോണ്‍ഗ്രസിനുള്ളിൽ രണ്ടു നേതാക്കളുടെ നേതൃത്വത്തിൽ ശക്തമായ ചേരിയാണുള്ളത്. ഇരു കൂട്ടരും തമ്മിൽ ശക്തമായ അഭിപ്രായ ഭിന്നതയാണുള്ളത്.
ഇതിനെത്തുടർന്നാണ് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതൃ സ്ഥാനം മുൻ ചെയർമാൻ കൂടിയായ എം.പി. സന്തോഷ് കുമാർ രാജിവച്ചത്. എന്നാൽ രാജി കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിട്ടില്ല. അഭിപ്രായ ഭിന്നതയ്ക്ക് പരിഹാരമുണ്ടാക്കാതെ പാർലമെന്ററി പാർട്ടിയോഗത്തിനില്ലെന്നാണ് നേതാവ് അറിയിച്ചിരിക്കുന്നത്.
ഇതിനിടയിൽ എൽഡിഎഫ് കൗണ്‍സിലർമാരിൽ ആരെങ്കിലും തങ്ങളെ പിന്തുണയ്ക്കുമോ എന്നുള്ള ശ്രമവും കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നുണ്ട്. എന്നാൽ ഇതിനു സാധ്യത കുറവാണ്.ഇന്നലെ യുഡിഎഫ് ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ബിജെപി പിന്തുണയോടെയാണ് പാസായത്.
52 അംഗ നഗരസഭയിൽ 29 വോട്ടിനാണ് അവിശ്വാസം പാസായത്. എൽഡിഎഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. 22 അംഗങ്ങളുള്ള യുഡിഎഫ് അവിശ്വാസ പ്രമേയ ചർച്ചയിൽനിന്നു വിട്ടുനിന്നു.
ഒരു മാസത്തിനുള്ളിൽ അവിശ്വാസത്തിലൂടെ കോട്ടയം ജില്ലയിൽ യുഡിഎഫിന് അധികാരം നഷ്ടമാകുന്ന മൂന്നാമത്തെ തദ്ദേശ സ്ഥാപനമാണു കോട്ടയം.
ഇനി ആലോചിച്ച ശേഷം മാത്രം തീരുമാനം: ബിൻസി സെബാസ്റ്റ്യൻ
കോട്ടയം: ഒരു മാസത്തിനുള്ളിൽ നടക്കുന്ന ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പിൽ മുൻ ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യന്റെ നിലപാട് നിർണായകം.
ഇനി എടുത്തുചാടി തീരുമാനമെടുക്കില്ലെന്നും ആലോലിച്ചതിനു ശേഷമേ തീരുമാനമെടുക്കുകയുള്ളൂവെന്നും ബിൻസി സെബാസ്റ്റ്യൻ രാഷ്്ട്രദീപികയോടു പറഞ്ഞു.
ചെയർപേഴ്സണ്‍ സ്ഥാനം അഞ്ചു വർഷത്തേക്കും നൽകാമെന്ന കരാറിലാണ് സ്ഥാനം ഏറ്റെടുത്തത്. വീണ്ടും കോണ്‍ഗ്രസ് ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്നറിയില്ല.
കോണ്‍ഗ്രസാണ് തീരുമാനമെടുക്കേണ്ടത്. ഇടതു നേതൃത്വം ഇതുവരെ സമീപിച്ചിട്ടില്ല. സമീപിക്കാത്തിടത്തോളം കാലം അതിനേക്കുറിച്ച് അഭിപ്രായം പറയേണ്ടതില്ലെന്നും ബിൻസി സെബാസ്റ്റ്യൻ രാഷ്്ട്രദീപികയോടു പറഞ്ഞു.