കോട്ടയം: നഗരസഭയില്‍ കോടികളുടെ തട്ടിപ്പു നടത്തിയ കൊല്ലം സ്വദേശി അഖില്‍ സി. വര്‍ഗീസിനെ സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയിന്‍ ഡയറക്ടറാണ് അഖിലിനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. നിലവില്‍ വൈക്കം നഗരസഭയില്‍ ജോലി ചെയ്യുകയായിരുന്നു അഖില്‍.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കോട്ടയം നഗരസഭ ഓഫീസില്‍ ഇന്നലെ പോലീസ് പരിശോധന നടത്തി. നഗരസഭ സെക്രട്ടറിയില്‍നിന്നു വിവരങ്ങള്‍ തേടിയ സംഘം, പണമിടപാടു രേഖകള്‍ അടക്കമുള്ളവ പരിശോധിച്ചു. സെക്ഷന്‍ ക്ലര്‍ക്ക് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെയും മൊഴിയെടുത്തു.
അതേസമയം മൂന്നാം ദിനവും അഖിലിനെ കണ്ടെത്താനായില്ല. തട്ടിപ്പു പുറത്തുവരുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പ്രതി നഗരസഭ ഓഫീസില്‍ എത്തി താന്‍ മുമ്പ് ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍, ഫയല്‍ അടക്കമുള്ളവ കൈകാര്യം ചെയ്തുവെന്നാണു പുറത്തുവരുന്ന വിവരം. ഇതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
പ്രതിയുടെ കൊല്ലത്തെ വീടു കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിക്കാനാണു നീക്കം.കോട്ടയം വെസ്റ്റ് എസ്എച്ച് ഒ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മരിച്ചുപോയ ശ്യാമള എന്ന വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആയിരുന്നു ഓരോ മാസവും പെന്ഷന് തുക മാറ്റിയിരുന്നത്.
അഖിലിന്റെ അമ്മയുടെ പേരും ശ്യാമള എന്നായിരുന്നതിനാല്‍ ഇവരുടെ അക്കൗണ്ടിലേക്കാണു പണം മാറ്റിയിരുന്നത്.അതേസമയം അഖില്‍ ജോലി ചെയ്യുന്ന വൈക്കം നഗരസഭയില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധന ആവശ്യപ്പെട്ട് നഗരസഭ കത്തു നല്കി.