പത്തനംതിട്ട: ലോക്ക്ഡൗണ്‍ കാലയളവില്‍ അതിഥി തൊഴിലാളിയുടെ മൃതദേഹത്തോടു കോട്ടയം നഗരസഭയില്‍ നിന്ന് അനാദരവ് ഉണ്ടായതായി ആക്ഷേപം.
ഞായാറാഴ്ച ഏനാത്ത് ആറ്റില്‍ കുളിക്കാനിറങ്ങവേ മുങ്ങിമരിച്ച പശ്ചിമബംഗാള്‍ കുച്ച് ബീഹാര്‍ സ്വദേശി നറെഷിന്റെ (37) മൃതദേഹത്തോടൊപ്പമുണ്ടായിരുന്നവര്ക്കാണ് നഗരസഭയുടെ പിടിവാശിയില്‍ ബുദ്ധിമുട്ടുണ്ടായത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ബോഡി എംബാം ചെയ്യുന്നതിനാണ് തിങ്കളാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ കോട്ടയത്തു തന്നെ സംസ്കരിക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ തീരുമാനിക്കുകയായിരുന്നു.
തൊഴിലാളി കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ച് മൃതദേഹം കോട്ടയം നഗരസഭാ ശ്മശാനത്തില്‍ സംസ്കരിക്കാന്‍ തീരുമാനമെടുത്തു . ഇതു സംബന്ധിച്ച് ഏനാത്ത് സിഐ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെ ബന്ധപ്പെടുകയും ഉടന്‍ തന്നെ മൃതദേഹം സംസ്ക്കരിക്കാന്‍ നടപടിയെടുക്കണമെന്നും ഇവരില്‍ നിന്നും ഈ പ്രത്യേക സാഹചര്യത്തില്‍ സംസ്കാരത്തിനുള്ള ഫീസ് ഈടാക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു .
നഗരസഭാ ചേയര്‍പേഴ്സണ്‍ ഫീസ് ഈടാക്കുകയില്ലെന്നും വേണ്ട നടപടി സ്വീകരിക്കാമെന്ന് എംഎല്‍എക്ക് ഉറപ്പ് നല്‍കിയിരുന്നതായും പറയുന്നു. ഇക്കാര്യം മൃതദേഹത്തിന് ഒപ്പമുണ്ടായവരെ എംഎല്‍എ ധരിപ്പിക്കുകയും ചെയ്തു.
എന്നാല്‍ മൃതദേഹം സംസ്കരിക്കാനായി ശ്മശാനത്തിലെത്തിച്ചപ്പോള്‍ 4000 രൂപ അടയ്ക്കണമെന്ന് നഗരസഭ അറിയിച്ചതോടെ മൃതദേഹത്തിന് ഒപ്പമുണ്ടായിരുന്ന ബംഗാളികള്‍ വെട്ടിലായി. സംസ്ക്കരിക്കാനുള്ള പണം തങ്ങളുടെ പക്കലില്ലെന്ന് ഇവര്‍ കേണപേക്ഷിച്ചിട്ടും നഗരസഭ അധികൃതര്‍ കൂട്ടാക്കിയില്ല.
പിന്നീട് കൂടെയുണ്ടായിരുന്നവരില്‍ നിന്നു പിരിവെടുത്ത് പണം നല്കിയ ശേഷമാണ് മൃതദേഹം നഗരസഭ സംസ്കരിച്ചത്. നഗരസഭയുടെ നടപടി ഇപ്പോഴത്തെ സാഹചര്യത്തില്‍ ന്യായീകരണം അര്‍ഹിക്കുന്നതല്ലെന്നും ഈടാക്കിയ പണം തിരികെ നല്‍കണമെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു.