കോട്ടയം: രാഷ്്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 72-ാം രക്ത സാക്ഷിത്വ ദിനത്തിൽ കോട്ടയം നഗരസഭയിൽ അനുസ്മരണ സൈറണ്‍ മുഴങ്ങാതിരുന്നതു സാങ്കേതിക തകരാർ മൂലമാണെന്ന് അധികൃതർ. വോൾട്ടേജ് വ്യതിയാനം മൂലം യന്ത്രം തകരാറിലായതാണു സൈറണ്‍ മുഴങ്ങാതിരുന്നതെന്ന് നഗരസഭ അധ്യക്ഷ ഡോ. പി. ആർ. സോന അറിയിച്ചു.
രക്തസാക്ഷിത്വ ദിനത്തിൽ ആദര സൂചകമായി 11.10നായിരുന്നു സൈറണ്‍ മുഴങ്ങേണ്ടിയിരുന്നത്. സൈറണ്‍ ശ്രദ്ധിച്ചു ഗാന്ധിജി അനുസ്മരണത്തിനു കാത്തിരുന്ന നഗരത്തിലെ സ്കൂളുകളും മറ്റു ഓഫീസുകളും അതോടെ അനുസ്മരണം താമസിച്ചാണു നടത്തിയത്. സൈറണ്‍ താമസിക്കുന്നതു തിരിച്ചറിഞ്ഞ സ്കൂളുകൾ സ്വന്തം നിലയിൽ ആദരിക്കൽ ചടങ്ങ് നടത്തുകയായിരുന്നു.
കൃത്യ സമയത്തു സൈറണ്‍ മുഴങ്ങാതിരുന്നത് നഗരസഭാ ജീവനക്കാരുടെ അനാസ്ഥ മൂലമാണെന്ന് മുൻ നഗരസഭാ ചെയർമാനും പൊതുപ്രവർത്തകനുമായ ടി.ജി സാമുവൽ ആരോപിച്ചിരുന്നു. രാവിലെ കൃത്യമായി സൈറണ്‍ പ്രവർത്തിച്ചിരുന്നു. പിന്നീട് വോൾട്ടേജ് വ്യതിയാനം സംഭവിച്ചപ്പോഴാണു സൈറണ്‍ യന്ത്രത്തിനു തകരാറു സംഭവിച്ചത്.
ഉദ്യോഗസ്ഥർ അപ്പോൾ തന്നെ കാര്യം അറിയിച്ചിരുന്നു. ഉടൻ തന്നെ പരിശോധിച്ചെങ്കിലും ഉച്ചകഴിഞ്ഞാണ് യന്ത്രം ശരിയാക്കാനായത്. അതിനാലാണ് സൈറണ്‍ മുഴങ്ങാതിരുന്നതെന്നു നഗരസഭ അധ്യക്ഷ പറഞ്ഞു.