കോട്ടയം: കോട്ടയം നഗരസഭാ അധ്യക്ഷ സ്ഥാനം വീണ്ടും യുഡിഎഫിന്. ചെയർപേഴ്സണായി ബിൻസി സെബാസ്റ്റ്യനെ വീണ്ടും തെരഞ്ഞെടുത്തു.
ഒരു വോട്ടിനായിരുന്നു ബിൻസിയുടെ ജയം. ഇത്തവണയും നറുക്കെടുപ്പിന്റെ ഭാഗ്യപരീക്ഷണം വേണ്ടിവരുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ചികിത്സയിലുള്ള സിപിഎം അംഗം വോട്ടെടുപ്പിന് എത്താതിരുന്നതോടെയാണ് യുഡിഎഫ് വിജയം സ്വന്തമാക്കിയത്.
ഇതോടെ യുഡിഎഫ് 22, എല്‍ഡിഎഫ് 21, ബിജെപി എട്ട് എന്നിങ്ങനെയാണ് കക്ഷിനില. കൗൺസിലിൽ ആകെ 52 അംഗങ്ങളാണ് ഉള്ളത്.
ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി സിപിഎം അംഗം ടി.എം. മനോജാണ് വോട്ടെടുപ്പിന് എത്താതിരുന്നത്. അദ്ദേഹം ആശുപത്രിയിലാണ്.
പ്രതിപക്ഷമായിരുന്ന എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ കഴിഞ്ഞ സെപ്റ്റംബർ 24നാണ് യുഡിഎഫിന്റെ ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യൻ പുറത്തായത്.
ബിജെപി പിന്തുണയോടെയാണ് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽനിന്നും യുഡിഎഫ് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.