എസ്.മഞ്ജുളാദേവി
ആദ്യകാലത്ത് വില്ലനായും പിന്നെ ഹാസ്യറോളുകളിലും തിളങ്ങിയ, ഇന്നും തിളങ്ങുന്ന ചലച്ചിത്രതാരം ജനാർദനന്റെ ശബ്ദത്തിൽ കോട്ടയം നസീർ സംസാരിച്ചാൽ ശരിക്കും ജനാർദനൻ മുന്നിൽ വന്ന് നിൽക്കുന്ന പ്രതീതിയാണ്.
ബാലചന്ദ്ര മേനോനായും സുരേഷ് ഗോപിയായും ലാലു അലക്സായും കൊച്ചിൻ ഹനീഫയായും എല്ലാം നൊടിനേരം കൊണ്ടാണ് കോട്ടയം നസീർ മാറിമറിയുന്നത്. .
മിമിക്രിയുടെ ലോകത്ത് എറ്റവും മികവിൽ ചലച്ചിത്ര താരങ്ങളെ അനുകരിക്കുന്നത് ആരെന്ന ചോദ്യത്തിനുത്തരവും കോട്ടയം നസീർ എന്നുതന്നെയാണ്.
മികച്ച രീതിയിൽ നടന്മാരെ അനുകരിക്കുന്ന മറ്റ് ആർട്ടിസ്റ്റുകൾ ഉണ്ടെന്ന സത്യം മറക്കുന്നില്ല. എങ്കിലും ഇത്രയേറെ വൈവിധ്യമുള്ള അഭിനേതാക്കളെ അതിസൂക്ഷ്മമായി അനുകരിക്കുന്ന മറ്റൊരു മിമിക്രിതാരം ഇല്ലെന്നു പറയാം.
വർഷങ്ങൾക്കു മുന്പ് സ്വകാര്യ ചാനലിലെ ഹിറ്റ് പരിപാടിയായിരുന്ന കോട്ടയം നസീർ ഷോതന്നെ എടുക്കാം.
എത്രയെത്ര സെലിബ്രിറ്റികളെയാണ് തന്റെ ശബ്ദം കൊണ്ട് അന്നു കോട്ടയം നസീർ വട്ടംചുറ്റിച്ചത്. അതേക്കുറിച്ച് കോട്ടയം നസീർതന്നെ പറയുന്നത് ഇങ്ങനെ-
“”മാമുക്ക(നടൻ മാമുക്കോയ)യുടെ ശബ്ദത്തിൽ കോട്ടയം നസീർ ഷോയിൽ കാവ്യാ മാധവനെ വിളിച്ചിട്ടുണ്ട്. ടെലിവിഷനിൽ പ്രേത സീരിയലുകൾ നിറയുന്ന കാലമായിരുന്നു അത്.
മാമുക്കയാണെന്ന് ഞാൻ പറഞ്ഞപ്പോൾ തന്നെ “എന്താ മാമുക്ക’ എന്നായിരുന്നു കാവ്യയുടെ പ്രതികരണം. കള്ളിയങ്കാട് ആമിന എന്നൊരു സീരിയൽ ഞാൻ ഉടനെ എടുക്കുമെന്നും അതിലെ ആമിന ആകാൻ കാവ്യാ മാധവനെയാണ് ആലോചിക്കുന്നതെന്നും പറഞ്ഞു.
തുടർന്ന് കള്ളിയങ്കാട് ആമിനയുടെ കഥ വിസ്തരിച്ചു തുടങ്ങി. ഞാൻ മാമുക്കോയ ആണെന്ന കാര്യത്തിൽ കാവ്യയ്ക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല.
എന്നാൽ എന്റെ കള്ളിയങ്കാട് ആമിന കഥ കാവ്യയെ വല്ലാതെ “നടുക്ക’ത്തിലാക്കി. ഈ മാമുക്കോയയ്ക്ക് എന്തു പറ്റി എന്ന സംശയം കാവ്യയുടെ പ്രതികരണങ്ങളിൽ ഉണ്ടായിരുന്നു.
കുറേസമയം കാവ്യയെ വട്ടംകറക്കിയ ശേഷമാണ് ഞാൻ കോട്ടയം നസീറാണെന്ന സത്യം തുറന്നു പറഞ്ഞത്. ഇതേ ഷോയിൽ ജനാർദനൻ ചേട്ടന്റെ വീട്ടിലേക്ക് ഫോൺ വിളിച്ചപ്പോൾ ചേട്ടന്റെ ഭാര്യയാണ് എടുത്തത്.
അപ്പോൾ ജനാർദനൻ ചേട്ടനായി ഞാൻ സംസാരിച്ചു തുടങ്ങി. ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ഇന്ന് വീട്ടിൽ വരും. അതിനാൽ വീട്ടിലെ കാര്യങ്ങളൊന്നും തുറന്നു പറയരുതെന്ന് ഞാൻ.
പറഞ്ഞതെല്ലാം കേട്ട് വളരെ അനുസരണയോടെ ചേച്ചി സമ്മതിച്ചു. പിന്നെ ഞാൻ പറഞ്ഞു, ആരെങ്കിലും എന്റെ അതായത് ജനാർദനൻ ചേട്ടന്റെ ശബ്ദത്തിൽ വിളിച്ച് പണത്തിന്റെ കാര്യം ചോദിച്ചാൽ ഒന്നു പറയരുത്.
അങ്ങനെയുള്ള കബളിപ്പിക്കലുകളിൽ ഒന്നും വീഴില്ല എന്ന രീതിയിൽ ചേച്ചി സംസാരിച്ചു. ആ നിമിഷത്തിൽ ഞാൻ സ്വന്തം ശബ്ദത്തിൽ “പിന്നെ ഇപ്പോൾ എന്തിന് ഇങ്ങനെ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുന്നു’എന്നായി.
പെട്ടെന്ന് ചേച്ചി നിശബ്ദയായി. നസീർ ഷോയുടെ തമാശയാണെന്ന് ഞാൻ പറഞ്ഞ് ബോധ്യപ്പെടുത്തിയെങ്കിലും അല്പം കഴിഞ്ഞാണ് ചേച്ചി സംസാരിച്ചു തുടങ്ങിയത്.
ഇങ്ങനെ അക്കാലത്ത് നിരവധിപ്പേരെ കബളിപ്പിച്ചിട്ടുണ്ട്. എന്നാൽ മാനസികമായി വളരെ അടുപ്പമുള്ളവരെ തെരഞ്ഞെടുത്താണ് ഫോൺ ചെയ്തിരുന്നത്.
ഫോണിന്റെ അങ്ങേത്തലയ്ക്കൽ ഉള്ള ആൾ പ്രകോപിതനാകാൻ തുടങ്ങിയാൽ ഞാൻ എന്റെ പേരു പറയാറുണ്ട്. അതുകൊണ്ടുതന്നെ ഷോയ്ക്ക് ഇടയിൽ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല.”
മിമിക്രിലോകത്തെ സൂപ്പർതാരത്തെ കുറച്ചുകാലം മുന്പ് കണ്ടപ്പോൾ നടത്തിയ അഭിമുഖത്തിൽ നിന്ന്-
ചലച്ചിത്രലോകത്തെ പ്രഗ്ത്ഭരായ താരങ്ങളെയാണ് അനുകരിക്കുന്നത്. സെലിബ്രിറ്റി സ്റ്റാറുകൾ ഈ മിമിക്രി ശരിക്കും ആസ്വദിക്കുന്നുണ്ടോ?
“”രാഷ്ട്രീയ-സിനിമാ രംഗത്തെ നിരവധി പ്രശസ്തരെ ഞാൻ അനുകരിച്ചിട്ടുണ്ട്. നല്ല അഭിപ്രായങ്ങളാണ് സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ളവർ പറഞ്ഞിട്ടുള്ളത്.
“നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുന്നു ഞാൻ എന്റെ ജോലിയും’ എന്നാണ് സുരേഷ് ഗോപി ചേട്ടൻ പറഞ്ഞിട്ടുള്ളത്. ജഗദീഷ് ചേട്ടൻ പറഞ്ഞത്- “എന്നെ അനുകരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു’ എന്നാണ്. നരേന്ദ്രപ്രസാദ് സാറിന്റെ വാക്കുകളും മറക്കാൻ കഴിയില്ല- “വളരെ പ്രയാസമേറിയ ഈ കലയെ ഞാൻ ഇഷ്ടപ്പെടുന്നു.’
“നീ വളരെ നന്നായി എന്നെ അനുകരിക്കുന്നു’ എന്നാണ് മാമുക്കോയ അഭിപ്രായപ്പെട്ടത്. താരങ്ങൾ അവരുടെ നല്ല മനസുകൊണ്ട് ഇങ്ങനെ പറയുന്നുവെങ്കിലും എനിക്ക് വ്യക്തിപരമായി തോന്നാറുള്ളത് ലോകത്ത് ഒരാൾക്കും ഒരു മിമിക്രി ആർട്ടിസ്റ്റ് അയാളെ അനുകരിക്കുന്നത് ഇഷ്ടമാകില്ല എന്നാണ്.
കാരണം ഓരോ വ്യക്തിയുടേയും പെരുമാറ്റ രീതികളോ വീക്നെസുകളോ ഹൈലൈറ്റ് ചെയ്താണല്ലോ മിമിക്രി കലാകാരന്മാർ അനുകരിക്കുന്നത്.
ആസ്വാദകർക്ക് ഇഷ്ടപ്പെട്ട നസീർ താരങ്ങൾ ആരൊക്കെയാണ്?
“ആദ്യകാലങ്ങളിൽ ബാലചന്ദ്രമേനോൻ, ജഗദീഷ്, സുരേഷ് ഗോപി, ലാലു അലക്സ് എന്നിവരുടെ ശബ്ദമാണ് വഴങ്ങുന്നതെന്ന് പലരും പറയുമായിരുന്നു.
പിന്നീട് കൊച്ചിൻ ഹനീഫ, ആറ്റുകാൽ രാധാകൃഷ്ണൻ എന്നിവരുടേതാണെന്നുള്ള വിലയിരുത്തലുകളും വന്നു. എനിക്ക് തോന്നുന്നത് ഒരു മിമിക്രി കലാകാരന്റെ രൂപവും ശാരീരിക മാറ്റവും ഈ വ്യത്യാസം വരുന്നതിനു കാരണമാകുന്നുവെന്നാണ്. എന്റെ രൂപത്തിന് അനുസരിച്ചുള്ള ശബ്ദം തെരഞ്ഞെടുക്കുവാനും ശ്രദ്ധിക്കാറുണ്ട്.
കോട്ടയം നസീർ മിമിക്രിലോകത്ത് എത്തുന്നത് തികച്ചും യാദൃശ്ചികമായാണ്. ചെറുപ്പത്തിൽ ചിത്രരചന പഠിക്കാൻ പോയ നസീറിന്റെ സ്വപ്നം ചിത്രകാരനാവുക എന്നതായിരുന്നു.
നാടകാഭിനയവും ഇഷ്ടമായിരുന്നു. ഒരു നാടക ട്രൂപ്പുമായി ബന്ധപ്പെട്ട് നാടകാവതരണത്തിന് വടക്കേയിന്ത്യയിൽ എത്തിയ കാലത്താണ് അനുകരണ കലയുടെ സാധ്യത തിരിച്ചറിയുന്നത്.
നാടകത്തിന് ഇടയ്ക്ക് അന്ന് മിമിക്രി അവതരിപ്പിച്ചിരുന്ന നാടക നടനായ ബാബുവാണ് ഈ രംഗത്തെ പ്രചോദനം. പ്രശസ്ത ചലച്ചിത്ര താരങ്ങളെ വേദിയിൽ ബാബു അനുകരിക്കുന്നത് കണ്ടപ്പോൾ തനിക്കും ഈ അനുകരണകല പഠിക്കണമെന്ന് നസീർ ആഗ്രഹിച്ചു.
“ചലച്ചിത്രതാരങ്ങളെ അനുകരിക്കുന്നത് പഠിപ്പിക്കുവാൻ പറ്റുന്ന കലയല്ല. ഞാൻ സ്റ്റേജിൽ അവതരിപ്പിക്കുന്നത് നീ നോക്കി പഠിച്ചു കൊള്ളൂ” എന്നായി ബാബു.
അങ്ങനെ സ്റ്റേജിൽ ബാബു മിമിക്രി അവതരിപ്പിക്കുന്പോൾ ബാബുവിന്റെ ചുണ്ടിന്റെ ചലനം, ശബ്ദവ്യത്യാസങ്ങൾ എല്ലാം നസീർ നിരീക്ഷിക്കാൻ തുടങ്ങി.
ഒപ്പം കഠിനമായ പ്രയത്നവും നടത്തിയിരുന്നു. വെറുതെ ഇരിക്കുന്ന സമയങ്ങളിൽ നടന്മാരുടെ ശബ്ദം അനുകരിച്ച് നോക്കും.
ഈ കഠിന ശ്രമങ്ങൾ കൊണ്ടു തന്നെയാകും രണ്ടു മാസത്തെ വടക്കേയിന്ത്യൻ യാത്ര കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്പോൾ പല നടന്മാരേയും അനുകരിക്കുവാൻ നസീർ പഠിച്ചിരുന്നു.
“വലിയ രീതിയിലെ പെർഫെക്ഷനൊന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും മിമിക്രി വേദികളിൽ ഞാനും കയറിത്തുടങ്ങി. ജയറാം, ദിലീപ്, അബി എന്നിവരുടെ മിമിക്രി കാസറ്റുകൾ കണ്ടും പ്രാക്ടീസ് ചെയ്തിരുന്നു.
ഇപ്പോൾ മൂന്നു പതിറ്റാണ്ടിലേറെയായി ഈ രംഗമാണ് എന്റെ ജീവിതം. മിമിക്രി എന്ന കലയെ വളരെ ഗൗരവമായിത്തന്നെയാണ് കാണുന്നത്. ജനങ്ങൾ അംഗീകരിച്ചു തുടങ്ങിയതോടെ ആത്മാർപ്പണം തന്നെയായി”- കോട്ടയം നസീർ പറയുന്നു.