കോട്ടയം നസീര്‍ എന്ന മിമിക്രി താരത്തെയും നടനെയും എല്ലാവര്‍ക്കും പരിചയമുണ്ട്. ആ മേഖലകളിലുള്ള തന്റെ കഴിവ് അദ്ദേഹം തെളിയിച്ചിട്ടുള്ളതുമാണ്. പക്ഷേ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ചിത്രരചനയിലുള്ള തന്റെ അതുല്യ കഴിവ് കോട്ടയം നസീര്‍ ആളുകള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്.
എറണാകുളം ദര്‍ബാര്‍ ഹാളില്‍ ആരെയും വിസ്മയിപ്പിക്കുന്ന കാഴ്ചകളുമായി കോട്ടയം നസീര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുകയാണ്. ഡ്രീംസ് ഓഫ് കളേഴ്‌സ് എന്ന പ്രദര്‍ശനം ഈ മാസം 18വരെയാണ്.
ചിത്രങ്ങള്‍ക്കുള്ളിലെ ചിത്രങ്ങളടക്കം അവിശ്വസനീയമായ കാഴ്ചകളാണ് പ്രദര്‍ശനത്തില്‍ നസീര്‍ ഒരുക്കി വച്ചിരിക്കുന്നത്. ഒരു ലോകോത്തര ചിത്രകാരന്റെ സൃഷ്ടികളാണെന്ന് തോന്നുന്ന തരത്തിലുള്ള പെയ്ന്റിങ്ങുകള്‍.
ചിത്രമോ ഫോട്ടോഗ്രാഫോ എന്ന് സംശയം തോന്നുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഭൂരിഭാഗവും. കോട്ടയം നസീര്‍ ചിത്രം വരക്കുമെന്ന് അടുത്ത സുഹൃത്തുക്കള്‍ക്ക് അറിയാവുന്നതാണ്. എന്നാല്‍ ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് സംവിധായകന്‍ സിദ്ധിഖ് പറഞ്ഞു.
ചിത്രരചന തനിക്ക് ഒരു ലഹരിയാണെന്നും ആ മനോഭാവമാണ് തിരക്കുകള്‍ക്കിടയിലും വരയ്ക്കാന്‍ സമയം കണ്ടെത്തുന്നതെന്നും നസീര്‍ പറഞ്ഞു. സിനിമയിലെ കലാലോകത്തെയും അടുത്ത സുഹൃത്തുക്കളെല്ലാം നസീറിന്റെ ചിത്ര പ്രദര്‍ശനത്തില്‍ പങ്കാളികളാവാന്‍ എത്തുന്നുണ്ട്.