കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയുടെ അച്ഛന് 28 വർഷം കഠിന തടവും 3.02 ലക്ഷം രൂപ പിഴയും.
മുണ്ടക്കയം സ്വദേശിയായ 12 കാരിയെ പീഡിപ്പിച്ച കേസിലാണു കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി കെ.എൻ. സുജിത്ത് ശിക്ഷ വിധിച്ചത്.
2020 സെപ്റ്റംബർ 19 മുതൽ 2020 ഒക്ടോബർ 26 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അതിജീവിതയുടെ മാതാപിതാക്കൾ വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞു കഴിയുകയായിരുന്നു. പെണ്‍കുട്ടിയും സഹോദരനും കോണ്വന്റിൽനിന്നാണു വിദ്യാഭ്യാസം നടത്തിയിരുന്നത്.
അവധിക്കാലത്ത് ഇരുവരും മാതാപിതാക്കളുടെ വീടുകളിലാണു കഴിഞ്ഞിരുന്നത്. അവധിക്കാലത്ത് വീട്ടിൽ വന്ന് നിന്നിരുന്നപ്പോഴാണു പെണ്‍കുട്ടിയുടെ അമ്മയുടെ അച്ഛൻ പീഡിപ്പിച്ചത്.
ഒരു ദിവസം വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ അമ്മ, കുട്ടി കുളിക്കുന്പോൾ അച്ഛൻ ഒളിഞ്ഞു നോക്കുന്നത് കണ്ടു. തുടർന്ന് മകളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
തുടർന്ന് മുണ്ടക്കയം പോലീസിൽ പരാതി നൽകുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ വി. ഷൈൻകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പോക്സോ വകുപ്പിലെ ആറാം വകുപ്പ് പ്രകാരം 20 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം.
പിഴ അടച്ചില്ലങ്കിൽ രണ്ട് വർഷം കഠിന തടവ് അനുഭവിക്കണം. പോക്സോ പത്താം വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവും അനുഭവിക്കണം.
ഐപിസി 506 (പി) വകുപ്പ് പ്രകാരം മൂന്നു വർഷം കഠിന തടവും 2000 രൂപ പിഴയും അടയ്ക്കാനുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി എം.എൻ. പുഷ്കരൻ കോടതിയിൽ ഹാജരായി.