കോട്ടയം: വനിതാ ആക്ടിവിസ്റ്റ് തൃപ്തി ദേശായി ശബരിമല ദർശനത്തിനായി കൊച്ചിയിൽ എത്തി കുടുങ്ങിയെങ്കിലും കോട്ടയം പോലീസ് ജാഗ്രതയിലാണ്. കൊച്ചിയിൽ നിന്ന് പോലീസ് സംരക്ഷണത്തോടെ യാത്ര തുടർന്നാൽ കോട്ടയം വഴിയാകും കടന്നു പോവുക. അതിനാൽ കോട്ടയത്ത് പോലീസ് കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
കൊച്ചിയിലേതു പോലെ കോട്ടയം അടക്കമുള്ള സ്ഥലങ്ങളിലും വിശ്വാസികളുടെ എതിർപ്പുണ്ടാകാൻ സാധ്യതയുണ്ട്. തൃപ്തി നേതൃത്വം നൽകുന്ന സംഘടനയായ ഭൂമാതാ ബ്രിഗേഡിലെ അഞ്ചു സ്ത്രീകൾക്കൊപ്പമാണ് ഇവർ കൊച്ചിയിൽ വിമാനമിറങ്ങിയത്. ദർശനത്തിനെത്തുന്പോൾ സുരക്ഷ, താമസം, ഭക്ഷണം, യാത്ര തുടങ്ങിയവ സർക്കാർ ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.
ചെലവുകൾ വഹിക്കണമെന്നും പോലീസ് വാഹനത്തിൽ സുരക്ഷിത യാത്ര അനുവദിക്കണമെന്നും ആവശ്യപ്പെട്ടു സംസ്ഥാന സർക്കാരിന് ഇവർ കത്തയച്ചിരുന്നു. എന്നാലിത് സർക്കാർ അംഗീകരിച്ചിട്ടില്ല. ഇന്ന് കൊച്ചിയിലെത്തി യുവതികൾക്കൊപ്പം ഇന്നു കോട്ടയത്തെത്തുമെന്നും നാട്ടകം ഗസ്റ്റ് ഹൗസിലോ ഹോട്ടലിലോ താമസിച്ചശേഷം ഇവിടെ നിന്നു പുറപ്പെട്ട് നാളെ ശബരിമലയിൽ ദർശനം നടത്തുമെന്നുമായിരുന്നു നേരത്തേയുണ്ടായിരുന്ന അറിയിപ്പ്.
ഇതേ തുടർന്ന് നാട്ടകം ഗസ്റ്റ് ഹൗസിലും പ്രധാന ഹോട്ടലുകളിലും പോലീസ് അറിയിപ്പു നൽകിയിരുന്നു. ആരാധനാലയങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം ആവശ്യപ്പെട്ട് നടത്തിയ നിയമനടപടികളിലൂടെ ശ്രദ്ധേയയാണ് തൃപ്തി. സ്ത്രീകൾക്ക് പ്രവേശനമില്ലാതിരുന്ന ഏതാനും ക്ഷേത്രങ്ങളിൽ എതിർപ്പുകൾ അവഗണിച്ചു കയറി ഇവർ വാർത്ത സൃഷ്ടിച്ചിരുന്നു. കർണാടകത്തിലെ ബെൽഗാം ജില്ലയിലെ നിപാനിയിൽ ജനിച്ച് പൂനയിൽ പഠിച്ചു താമസമാക്കിയ ഇവർ ചേരികളിൽ സാമൂഹിക പ്രവർത്തനം നടത്തുകയാണ്.