കോട്ടയം: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ പോലീസ് അപമാനിച്ചതായി പരാതി.കുറ്റക്കാരിയല്ലെന്നു ബോധ്യമായതോടെ യുവതിയോട് മാപ്പുപറഞ്ഞ് പോലീസുകാരൻ തലയൂരി. കുമാരനല്ലൂർ സ്വദേശിനിയായ യുവതിക്കാണ് പോലീസിൽനിന്ന് ദുരനുഭവം.
യുവതി മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനം നൽകിയ പരാതിയിൽ മേലുള്ള അന്വേഷണമാണ് അതിരുവിട്ടത്. ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് എത്തിയ ഡിവൈഎസ്പി ഓഫീസിലെ പോലീസുകാരൻ അപമാനിച്ചെന്നാണു പരാതി. കളത്തിൽപ്പടിയിലെ നഴ്സിംഗ് പരിശീലന കേന്ദ്രത്തിലെ അക്കൗണ്ട്സ് വിഭാഗത്തിലെ ജീവനക്കാരിയാണ് യുവതി. ഇവർ മൂന്നു മാസം മുന്പാണ് ഇവിടെ ജോലിക്കെത്തിയത്.
അതിനു മുന്പ് ഏഴു വർഷത്തോളം ശാസ്ത്രി റോഡിലെ പന്പ് സെറ്റ് കടയിലായിരുന്നു ജോലി. ഈ സ്ഥാപനത്തിന്റെ പരാതിയിൻമേൽ ചോദ്യം ചെയ്യണം എന്നാവശ്യപ്പെട്ടാണ് മഫ്തിയിൽ പോലിസ് ഓഫീസർ കളത്തിൽപ്പടിയിലെ നഴ്സിംഗ് കേന്ദ്രത്തിൽ എത്തുന്നത്. ഫോണ് വിളിച്ച് പതിനഞ്ച് മിനിറ്റിനകം പോലീസെത്തി ഇവരെ നിർബന്ധപൂർവം ജീപ്പിൽ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്ന് യുവതി പറയുന്നു.
ഭർത്താവിനെ വിളിച്ചറിയിക്കണമെന്ന ഇവരുടെ ആവശ്യവും പോലിസ് അംഗീകരിച്ചില്ല. മൊബൈൽ ഫോണ് ബലമായി പിടിച്ചുവാങ്ങിയ ശേഷമാണത്രേ ഇവരെ ഓഫീസിൽനിന്നു വിളിച്ചിറക്കിക്കൊണ്ടുപോയത്. നേരത്തേ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ സാന്പത്തിക തിരിമറി നടത്തി.
അവിടുത്തെ ഇ മെയിൽ പാസ്വേർഡ് മാറ്റി എന്നുമാണ് പോലിസുകാരൻ ഇവർക്കെതിരേ ആരോപിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ നിരപരാധിയാണെന്ന് തെളിഞ്ഞു. സ്ഥലത്തില്ലാത്ത ഡിവൈഎസ്പി ഉടൻ വരുമെന്ന് പറഞ്ഞ് ഇവരെ മണിക്കൂറുകളോളം സ്റ്റേഷനിൽ ഇരുത്തുകയും ചെയ്തത്രേ. പതിനേഴ് വയസുള്ള മകളെയും അറസ്റ്റ് ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
പത്രത്തിൽ വാർത്ത നൽകാനെന്ന് ഭയപ്പെടുത്തി തന്റെ ഫോട്ടോ എടുത്തെന്നും യുവതി പറഞ്ഞു. പാസ്വേർഡ് സ്ഥാപന ഉടമ തന്നെ മാറ്റിയതാണെന്ന് ഐടി വിദഗ്ധർ അന്വേഷണത്തിൽ കണ്ടെത്തി. സാന്പത്തിക തിരിമറി ഉണ്ടെന്നു പരാതിയില്ലെന്നും ഉടമ വ്യക്തമാക്കി.
ഇതോടെ രംഗം പന്തിയല്ലെന്ന് കണ്ട പോലിസുകാരൻ മാപ്പപേക്ഷയുമായി യുവതിയുടെ പിന്നാലെയെത്തുകയും വീട്ടിൽ പോകാൻ അനുവദിക്കുകയും ചെയ്തു. മുഖ്യമന്ത്രി, സംസ്ഥാന വനിതാ കമ്മിഷൻ, ഡിജിപി, എസ്പി എന്നിവർക്ക് പരാതി നൽകുമെന്ന് യുവതിയും ബന്ധുക്കളും പറഞ്ഞു.