ലിജിൻ കെ. ഈപ്പൻ
കോട്ടയം: ഒരൊറ്റ ഡയലോഗ്കൊണ്ടു ജീവിതംമാറിയ കലാകാരനായിരുന്നു കോട്ടയം പ്രദീപ്. കരിമീനുണ്ട്, ചിക്കനുണ്ട്, മട്ടനുണ്ട്.. കഴിച്ചോളൂ, കഴിച്ചോളൂ… എന്ന് ഒറ്റ സീനിലെ ഡയലോഗ് പിന്നീട് ഈ നടന്റെ ജീവിതം മാറ്റിമറിക്കുകയായിരുന്നു.
വർഷങ്ങളായി പിന്നാലെ അലഞ്ഞ മലയാള സിനിമയിലല്ല, തമിഴ് സിനിമയായ വിണ്ണൈത്താണ്ടി വരുവായ ആയിരുന്നു ഗതിമാറ്റിയതെന്നത് കാലത്തിന്റെ നീതിയായിരുന്നു.
പത്താം വയസിൽ എൻ.എൻ. പിള്ളയുടെ ഈശ്വരൻ അറസ്റ്റിൽ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ചാണ് കോട്ടയം പ്രദീപ് കലാജീവിതം ആരംഭിക്കുന്നത്. പിന്നീട് 40 വർഷമായി നാടകരംഗത്ത് സജീവമായിരുന്നു.
അതിനു ശേഷമാണ് സിനിമ അഭിനയത്തിലേക്ക് എത്തുന്നത്. സിനിമയുടെ പിന്നാലെ അതിയായ അഭിലാഷത്തോടെ അലഞ്ഞ ഒരു കാലം ഈ നടനുമുണ്ടായിരുന്നു.
കോട്ടയം സ്വദേശിയായ പ്രദീപ് കാരാപ്പുഴ സർക്കാർ സ്കൂളിലും കോട്ടയം ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂർത്തിയാക്കി. 1989 മുതൽ എൽഐസി ഉദ്യോഗസ്ഥനായി. ഇതിനൊപ്പമായിരുന്നു കലാപ്രവർത്തനങ്ങളും.
1999ൽ ഈ നാട് ഇന്നലെവരെ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയെങ്കിലും കോട്ടയം പ്രദീപ് എന്ന നടനെ പ്രേക്ഷകർ തിരിച്ചറിഞ്ഞത് ഗൗതം മേനോൻ 2010 ൽ ഒരുക്കിയ വിണ്ണൈത്താണ്ടി വരുവായിലൂടെയാണ്.
പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. സംഭാഷണ ശൈലികൊണ്ടും ഭാഷയുടെയും ശബ്ദത്തിന്റെയും പ്രത്യേകത കൊണ്ടും പ്രേക്ഷക ഇഷ്ടം നേടിയെടുത്തു.
കല്യാണരാമൻ, ഫോർ ദ പീപ്പിൾ, രാജമാണിക്യം, ലോലിപ്പോപ്പ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. വിണ്ണൈതാണ്ടി വരുവായ വന്നതോടെ സിനിമാ പ്രവർത്തകരും പ്രദീപിന്റെ അഭിനയ ശൈലി ശ്രദ്ധിച്ചു.
ആ ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി പതിപ്പിലും താരം അഭിനയിച്ചിരുന്നു. പ്രതീക്ഷയുമില്ലാതെ ഗൗതം മേനോനെ കാണുക എന്ന ലക്ഷ്യത്തോടെ ചിത്രത്തിന്റെ ഓഡീഷനു പോയതായിരുന്നു പ്രദീപ്.
എന്നാൽ അവിചാരിതമായി സിനിമയിൽ അവസരം കിട്ടിയതോടെ തലവര മാറി. പിന്നീട് എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
മുഴുനീള കഥാപാത്രമല്ലെങ്കിൽ പോലും തന്റെ ഒറ്റ ഡയലോഗിലൂടെ തിയറ്ററുകളിൽ ചിരി പടർത്തുമായിരുന്നു താരം. മോഹൻലാലിനൊപ്പം അവസാനിച്ച ആറാട്ട് നാളെ തിയറ്ററിലെത്താനിരിക്കെയാണ് ഇപ്പോഴത്തെ ആകസ്മിക വിയോഗം.
അഭിനയപാരന്പര്യമില്ലാത്ത കുടുംബത്തിൽനിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്. ചാൻസ് ചോദിച്ചും ഡയലോഗുകൾ കിട്ടാൻ കാത്തിരുന്നും സിനിമയ്ക്കു വർഷങ്ങൾ കാത്തിരുന്നു.
അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ടെന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് സീനിയർ ആയ ഒരു റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത്.
നിർമാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിന് ആ അവസരം നൽകിയത്. പിന്നീട് ഐ.വി. ശശി ചിത്രം ഈ നാട് ഇന്നലെ വരെയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള കടന്നു വരവ്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്തിലെ പോലീസ് കോണ്സ്റ്റബിളിന്റെ വേഷം മലയാളത്തിൽ മികച്ച തുടക്കം നൽകി. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു വടക്കൻ സെൽഫി, കുഞ്ഞിരാമായണം, തോപ്പിൽ ജോപ്പൻ, ആട് ഒരു ഭീകരജീവിയാണ്, ലൈഫ് ഓഫ് ജോസൂട്ടി, ഗോദ്ധതുടങ്ങി എഴുപതിലധികം സിനിമൾ. ഇതിനിടയിൽ രാജാറാണി, നൻപെൻടാ, തെരി തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും ഭാഗമായി.
സൗഹൃദങ്ങളിലൂടെ അവസരങ്ങൾ നേടിയ നടനെന്നാണ് സിനിമാ പ്രവർത്തകർ കോട്ടയം പ്രദീപിനെ ഓർക്കുന്നത്. എല്ലാവരും അയാളുടെ സുഹൃത്തുക്കളായിരുന്നു.