കോട്ടയം: ചെറിയ വേഷങ്ങളിൽ അഭിനയിച്ചു പ്രേക്ഷക മനസുകൾ കിഴടക്കിയ താരമായിരുന്നു കോട്ടയം പ്രദീപ്.
കരിമീനൊണ്ട്…ചിക്കനൊണ്ട്…മട്ടനൊണ്ട്…താറാവൊണ്ട്…. ഈ ഡയലോഗ് മാത്രം മതി മലയാളികൾക്ക് പ്രദീപിനെ തിരിച്ചറിയാൻ.
നാടക രംഗത്തുനിന്ന് സിനിമയിലേക്ക് എത്തി സ്വതസിദ്ധമായ ശൈലി കൊണ്ട് പ്രേഷക ഹൃദയങ്ങളിൽ ഇടം നേടിയ അഭിനേതാവായിരുന്നു കോട്ടയം പ്രദീപ്.
10-ാം വയസിൽ നാടകത്തിൽ അഭിനയിച്ചതിനുശേഷവും സ്കൂൾ കലോത്സവങ്ങളിലും സജീവമായിരുന്നു.
സിനിമയിൽ പ്രത്യേക രീതിയിലുള്ള ഡയലോഗ് ഡെലിവറിയിലൂടെയാണ് വളരെ പെട്ടെന്ന് പ്രേക്ഷക മനസുകളിൽ കയറിപ്പറ്റാൻ പ്രദീപിനു സാധിച്ചത്.
സിനിമയിൽ സജീവമായിരുന്നപ്പോഴും കോട്ടയത്തിന്റെ സാംസ്കാരിക മേഖലകളിലും നിറ സാന്നിധ്യമായിരുന്നു.
നിരവധി കോമഡി റോളുകൾ
1999ൽ ആദ്യം അഭിനയിച്ച ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടിരുന്നു. മലയാളം, തമിഴ് സിനിമകളിൽ നിരവധി കോമഡി റോളുകൾ ചെയ്തു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
2010ൽ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോൻ ചിത്രം ‘വിണ്ണൈ താണ്ടി വരുവായ’യിലെ തൃഷയുടെ അമ്മാവൻ ആയി അഭിനയിച്ച കഥാപാത്രം പ്രദീപിന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായി.
വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്തിലെ പോലീസ് കോണ്സ്റ്റബിളിന്റെ വേഷം പ്രേക്ഷക പ്രീതി പിടിച്ചുപറ്റി.
പിന്നീട് അച്ഛനും അമ്മാവനും ചേട്ടനും കടക്കാരനും അയൽക്കാരനുമായി പ്രദീപ് സിനിമയിൽ സജീവമായി.
ആമേൻ, വടക്കൻ സെൽഫി, സെവൻത്ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികൾ, ജമ്നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമർ അക്ബർ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, യോദ്ധ തുടങ്ങിയ ചിത്രങ്ങളിലും പ്രേക്ഷകരെ കൂടുകുടെ ചിരിപ്പിച്ചു.
തമിഴിൽ രാജാ റാണി, നൻപനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. ചുരുങ്ങിയ കാലം കൊണ്ട് എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അവസാന ചിത്രം
2020ൽ പുറത്തിറങ്ങിയ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം.
പ്രദീപിന്റെ വിയോഗം കോട്ടയത്തിന്റെ സാംസ്കാരിക മേഖലയിൽ വലിയ നഷ്്ടമാണുണ്ടാക്കിയിരിക്കുന്നത്.
സിനിമാസ്വാദകരുടെ പ്രിയപ്പെട്ട ഹാസ്യതാരമായി വളർന്നുവരുന്ന കാലഘട്ടത്തിൽ അപ്രതീക്ഷിതമായി പ്രദീപിന്റെ മരണം.
ഏറെ വേദനയുണ്ടാക്കുന്ന വിയോഗം: മന്ത്രി വി.എൻ. വാസവൻ
കോട്ടയം: മലയാള സിനിമാ ലോകത്തിനു ദുഃഖം പകരുന്ന വാർത്തയാണ് കോട്ടയം പ്രദീപിന്റെ ആകസ്മിക വിയോഗമെന്ന് മന്ത്രി വി.എൻ. വാസവൻ.
കോട്ടയം പ്രദീപ് എന്ന പേരു കേൾക്കുന്പോൾ തന്നെ ജനമനസുകളുടെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി മാത്രം കണ്ടാൽ മതി ആ അഭിനയ പ്രതിഭ എത്രമാത്രം ജന മനസുകളിൽ ഇടം നേടിയിട്ടുണ്ടെന്നറിയാൻ.
സിനിമാ ലോകത്തിനൊപ്പം അക്ഷര നഗരിയായ കോട്ടയത്തിനും വ്യക്തിപരമായി എനിക്കും ഏറെ വേദനയുണ്ടാക്കുന്നതാണ് പ്രദീപിന്റെ വിയോഗമെന്നും മന്ത്രി വി.എൻ. വാസവൻ അനുസ്മരിച്ചു.
ഏറെ ദുഃഖകരമെന്ന് സംവിധായകൻ ബെന്നി ആശംസ
കോട്ടയം: അടുത്ത സുഹൃത്തുക്കളായിരുന്നു ഞാനും പ്രദീപുമെന്ന് സംവിധായകൻ ബെന്നി ആശംസ.
ബെന്നിച്ചന്റെ സിനിമയിൽ എനിക്കൊരു വില്ലൻ വേഷം തരണമെന്ന് അദ്ദേഹം പറയുമായിരുന്നു.
എന്റെ ഏറ്റവും പുതിയ സിനിമയായ ‘നിപ’യിൽ ചതിയനായ ഒരു അമ്മാവന്റെ വേഷത്തിൽ ഞാൻ പ്രദീപിനെ അഭിനയിപ്പിച്ചു.
എല്ലാവരെയും ചിരിപ്പിക്കുന്ന പ്രദീപിന്റെ ഹാസ്യ ഭാവത്തിനു പകരം നിപ്പയിലെ ക്രൗരഭാവം അദ്ദേഹം ഗംഭീരമാക്കി.
കോട്ടയം പത്മനൊപ്പം ഒരു ഫോട്ടോ ഷൂട്ട് പ്ലാൻ ചെയ്തിരുന്നു. എറണാകുളത്താണെന്നും വ്യാഴാഴ്ച 11 മണിക്ക് എത്താമെന്നുമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇന്ന് പുലർച്ചെ അദ്ദേഹത്തിന്റെ വിയോഗ വാർത്തയാണ് അറിഞ്ഞത്. എനിക്കും ‘നിപ’ ടീമിനും ഏറെ ദുഃഖകരമാണ് പ്രദീപിന്റെ മരണം.