കോട്ടയം: കഴിഞ്ഞ ഒരാഴ്ചയായി അകാരണമായി സ്വകാര്യബസുകൾക്ക് പോലീസ് അധികാരികൾ പിഴചുമത്തുകയും കേസെടുക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ സർവീസ് നിർത്തി വയ്ക്കാനൊരുങ്ങുന്നു. ഡീസൽവില വർദ്ധനമൂലം നിത്യചെലവിനുപോലും വരുമാനമില്ലാതെ ബസുടമകൾ പൊറുതിമുട്ടുന്പോഴാണു പോലീസിന്റെ നടപടി.
കഴിഞ്ഞ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള മാസനികുതി അടയ്ക്കാൻ ഡിസംബർ 31 വരെ സാവകാശമുണ്ടായിരിക്കെ ടാക്സ് അടച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് ഭൂരിഭാഗം ബസുകളിൽനിന്നും പിഴ ഈടാക്കിയതായി ബസുടമകൾ പറയുന്നു.
നിയമാനുസൃതം കഴിഞ്ഞ 30 വരെയുള്ള ടാക്സ് ടോക്കണാണ് ബസുകളിൽ സൂക്ഷിക്കേണ്ടതെന്നും ബോധ്യപ്പെടുത്താൻ ശ്രമിക്കുന്പോൾ ജീവനക്കാർക്കുനേരെ ഉദ്യോഗസ്ഥർ തട്ടിക്കയറുകയാണ്. ഒരു കാരണവുമില്ലാതെ 500ഉം 1000ഉം രൂപ പിഴ അടയ്ക്കാനാവശ്യപ്പെടുകയും കാരണം ചോദിച്ചാൽ മുകളിൽനിന്നുളള നിർദേശമാണെന്നും പറയുന്നു. ഞങ്ങൾക്ക് നിശ്ചിത എണ്ണം തികച്ചെ പറ്റു എന്നാണു മറുപടിയെന്നും പറയുന്നു.
ജീവനക്കാരുടെ ലൈസൻസും വാഹനത്തിന്റെ രേഖകളും വാങ്ങി പോയി സർവീസ് തീർന്നശേഷം രാത്രിയിൽ സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുന്നതും പോലീസ് ഉദ്യോഗസ്ഥരുടെ നടപടിയെന്നും പറയുന്നു. ഇതോടൊപ്പം പോലീസ് സ്റ്റേഷനിലെത്തുന്ന അപകടകേസുകളിൽ എതിർകക്ഷിക്കു പണം നൽകി ഒത്തു തീർപ്പാക്കാൻ ഉടമകളെ നിർബന്ധിക്കുന്ന രീതി വ്യാപകമായിരിക്കുകയാണ്.
ഇക്കഴിഞ്ഞ ദിവസം ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിലുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ സ്വന്തം തെറ്റാണെന്ന് ഏറ്റുപറയുകയും കാർ ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തെങ്കിലും അപകടത്തിൽ കേടുപാടുസംഭവിച്ച ഇലക്ട്രിക് പോസ്റ്റിനു നഷ്ടപരിഹാരമായി ഇൻഷ്വറൻസിൽനിന്നും പണം ഈടാക്കാൻ നിയമം ഉണ്ടായിരിക്ക 18750 രൂപ ബസുടമയെ കൊണ്ട് നിർബന്ധപൂർവം അടപ്പിക്കുന്ന സംഭവമുണ്ടായി.
ബസിന്റെ പ്രവർത്തചെലവിനുപോലും വരുമാനമില്ലാതെ പാടുപെടുന്നവർ 75000 രൂപയിലധികം വാർഷിക ഇൻഷ്വറൻസ് പ്രീമിയം നൽകിയശേഷം അപകടമുണ്ടായാൽ ഉടൻതന്നെ പണം കൊടുക്കേണ്ട അവസ്ഥയിലാണ്. സ്വകാര്യ ബസുകളോടുള്ള അന്യായപീഡനം തുടരുകയാണെങ്കിൽ സർവീസ് നിർത്തിവയ്ക്കുന്നതുൾപ്പടെയുള്ള സമര പരിപാടികളിലേക്ക് നീങ്ങാൻ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഹാളിൽ കൂടിയ പൊതുയോഗം തീരുമാനിച്ചു.
ഒരേ ബസിനു തന്നെ ദിവസം പലപ്രാവശ്യം പിഴ ചുമത്തുകയും ചെക്കിംഗിന്റെ പേരിൽ ട്രിപ്പുകൾ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ജീവനക്കാരോട് പിഴയടക്കണ്ട എന്നു നിർദ്ദേശിക്കാനും അനാവശ്യമായി എടുക്കുന്ന കേസുകളിൽ കോടതിയെ സമീപിക്കാനുമാണു തീരുമാനം. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ടി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എസ്. സുരേഷ്, ടി.യു ജോണ്, പി.വി. ചാക്കോ, ടി.കെ. ജയരാജ് എന്നിവർ പ്രസംഗിച്ചു.