കോട്ടയം: കലാശക്കൊട്ട് കലക്കാൻ വെറൈറ്റി പുട്ട് റെഡി. വോട്ടുപിടിക്കാനുള്ള യാത്രയ്ക്കിടയിൽ സ്ഥാനാർഥിയും കൂടെയുള്ളവരും ഭക്ഷണം കഴിക്കാൻ കോട്ടയത്തെ ഗ്രീൻ ലീഫിന്റെ മണിപ്പുഴയിലേയും ചന്തക്കവലയിലെയും ഹോട്ടലിലെത്തിയാൽ കൊടിയുടെ നിറം നോക്കി ഭക്ഷണം കഴിക്കാം.
ഏതു പാർട്ടിക്കാർ വന്നാലും ഇവിടെ രാഷ്ട്രീയം പറയുന്നതോടൊപ്പം അവരുടെ ടേസ്റ്റ് അനുസരിച്ചുള്ള ചൂട് പുട്ടും കഴിക്കാം. ഓരോ പാർട്ടിയുടെയും കൊടിയുടെ നിറത്തിലാണ് ഇവിടെ രൂചിയോടെ പുട്ട് തയാറാക്കിയിരിക്കുന്നത്.
ഇടതുപക്ഷക്കാർക്ക് ചുവപ്പ് പുട്ട്, കോണ്‍ഗ്രസുകാർക്ക് ത്രിവർണപുട്ട്, ബിജെപിക്കാർക്ക് കാവി പുട്ട്, കേരള കോണ്‍ഗ്രസുകാരുടെ കേന്ദ്രമായതുകൊണ്ടാകും ചുവപ്പും വെള്ളയും നിറഞ്ഞ പുട്ടിനും ഇവിടെ ഡിമാന്റാണ്.
സ്വതന്ത്ര സ്ഥാനാർഥികളെയും ഗ്രീൻലീഫ് ഹോട്ടൽ നിരാശരാക്കുന്നില്ല. വിവിധ രുചികളിലുള്ള സുന്ദരിപുട്ടാണ് ഇവർക്കായി തയാറാക്കിയിരിക്കുന്നത്.
അരിപ്പൊടി, ഗോതന്പ്, ചോളം, റാഗി, തിന തുടങ്ങിയ ധാന്യങ്ങൾ ഉപയോഗിച്ചാണ് പുട്ട് തയാറാക്കിയിരിക്കുന്നത്. പച്ചനിറത്തിന് പച്ച ചീരയും മല്ലിയിലയും പുതിനയിലയും പച്ചക്കറികളും ഉൾപ്പെടെയുള്ള ഇലകളാണ് ഉപയോഗിക്കുന്നത്.
ചുവപ്പ് പുട്ടിനു ബീറ്റ്റൂട്ടും കാവിപുട്ടിനു കാരറ്റുമാണ് ചേർക്കുന്നതെന്ന് ഗ്രീൻലീഫ് ഹോട്ടൽ ഉടമ എൻ.ജി. ബിജു പറഞ്ഞു.