കോട്ടയം: കെഎസ്ആര്‍ടിയുടെ പമ്പ സര്‍വീസിന് അള്ളുവച്ച് റെയില്‍വേ. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ മുന്‍ വര്‍ഷങ്ങളില്‍ നല്‍കിവന്ന സൗകര്യം നിഷേധിച്ചാണ് റെയില്‍വേ കെഎസ്ആര്‍ടിസിയെ ബുദ്ധിമുട്ടിക്കുന്നത്.
റെയില്‍വേ സ്റ്റേഷനു മുന്‍വശത്തുതന്നെ കൗണ്ടര്‍ തുറക്കാനുള്ള സൗകര്യവും മൈക്ക് അനൗണ്‍സ്മെന്റും നേരത്തെ അനുവദിച്ചിരുന്നു. എന്നാല്‍ ഇത്തവണ മൈക്ക് അനൗണ്‍സ്മെന്റിനുള്ള സൗകര്യം നല്‍കിയിട്ടില്ല. മാത്രമല്ല ഓഫീസ് അനുവദിച്ചതാകട്ടെ 25 മീറ്ററോളം അകലെ പെട്ടന്നു ശ്രദ്ധ ലഭിക്കാത്ത സ്ഥലത്തും.
ട്രെയിന്‍ എത്തുമ്പോള്‍ മൈക്ക് അനൗണ്‍സ്മെന്റിലൂടെ തീര്‍ഥാടകര്‍ക്ക് ബസിന്റെ വിവരങ്ങള്‍ നല്‍കുകയാണ് ചെയ്തുവന്നിരുന്നത്. ഇത് തീര്‍ഥാടകര്‍ക്കും സഹായകരമായിരുന്നു.
ഈ സൗകര്യം നിര്‍ത്തലാക്കിയത് സ്റ്റേഷന് നവീകരണ പ്രവര്‍ത്തനങ്ങളുടെ പേരിലാണെങ്കിലും സ്വകാര്യ ടാക്സികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.
മണ്ഡലകാലത്തിനു ശേഷം മാത്രമേ സ്റ്റേഷന് നവീകരണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയുള്ളുവെങ്കിലും പ്രവേശന കവാടത്തിനു സമീപം കൗണ്ടര്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് റെയില്‍വേ.
തോമസ് ചാഴികാടന് എംപി, റെയില്‍വെ പാസഞ്ചേഴ്സ് അമ്നിറ്റി കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ് ഉള്‍പ്പെടെ ജനപ്രതിനിധികള്‍ ഇടപെട്ടെങ്കിലും റെയില്‍വേയ്ക്കു കുലുക്കമില്ല.