ഏറ്റുമാനൂർ: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽനിന്ന് പെട്രോൾ ഊറ്റുന്നതായി വ്യാപക പരാതി. കഴിഞ്ഞ ദിവസം പകൽ സമയത്തു വാഹനങ്ങളിൽനിന്ന് പെട്രോൾ ഊറ്റുന്നതു യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ മോഷ്ടാക്കൾ കടന്നുകളയുകയായിരുന്നു.
യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിലും ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കുമെന്നും റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുമെന്നും പോലീസ് ഉറപ്പുനൽകിയിട്ടുണ്ട്.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി സ്റ്റേഷനിൽ നിർമാണങ്ങൾ പുരോഗമിക്കുന്നതിനാൽ പാർക്കിംഗിനു സ്ഥലപരിമിതിയുണ്ട്. സ്റ്റേഷനിലേക്കുള്ള വഴിയിലും പരിസരങ്ങളിലും യാത്രക്കാർക്കു വാഹനങ്ങൾ പാർക്കു ചെയ്യേണ്ടി വരുന്നു. ഈ സാഹചര്യം മോഷ്ടാക്കൾ മുതലെടുക്കുകയാണ്. പഴയ റെയിൽവെ സ്റ്റേഷനും പരിസരവും കാടുകയറിയ നിലയിലാണ്.
വിജനമായ ഇവിടം രാത്രിയും പകലും സാമൂഹ്യവിരുദ്ധരുടെ താവളമാണ്. സ്റ്റേഷനിൽ ട്രെയിൻ എത്താത്ത സമയങ്ങളിലും രാത്രി വൈകിയും നിലവിലുള്ള റെയിൽവെ സ്റ്റേഷനിലും പരിസരങ്ങളിലും വാഹനങ്ങൾ ദീർഘനേരം കിടക്കുന്നതു സംശയാസ്പദമാണ്. മദ്യപാനവും മയക്കുമരുന്നു കൈമാറ്റവുമൊക്കെ ഇവിടെ നടക്കുന്നതായി പരാതിയുണ്ട്.