കോട്ടയം: കാസർഗോഡിനു പിന്നാലെ കോട്ടയത്തും ഷവർമ വില്ലനാകുന്നു. ഇന്നലെ ഷവർമ കഴിച്ച വിദ്യാർഥിനി ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് ജില്ലയിലെ ഷവർമ പ്രേമികൾക്ക് ആശങ്കയായത്.
മെഡിക്കൽ കോളജിലെ ബിഎസ്സി ഡയാലിസിസ് വിദ്യാർഥിനിയും തിരുവനനന്തപുരം സ്വദേശിനിയുമായ ഇരുപതു കാരിയാണു ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ജംഗ്ഷനിലുള്ള ഒരു ഹോട്ടലിൽനിന്നാണു വിദ്യാർഥിനി ഷവർമ കഴിച്ചത്. ഭക്ഷണം കഴിച്ച് അര മണിക്കൂർ കഴിഞ്ഞപ്പോൾ ശാരീരിക അസ്വസ്തയുണ്ടാകുയും ശരീരമാകെ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്തു.
തുടർന്നു മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. വിദ്യാർഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുണ്ട്.
അടുത്തകാലത്തായി നാട്ടിൻപുറങ്ങളിൽ പോലും ഏറെ പ്രചാരവും സ്വീകാര്യതയും ലഭിച്ച സ്വാദിഷ്ഠമായ ഭക്ഷണമാണ് ഷവർമ.
വൈകുന്നേരങ്ങളിൽ കോട്ടയം ടൗണിലെ കടകൾക്കു മുൻപിൽ ഷവർമയും അറേബ്യൻ വിഭവങ്ങളും വാങ്ങാനെത്തുന്നവരുടെ നീണ്ട നിര പതിവ് കാഴ്ചയയായിരുന്നു. എന്നാൽ രണ്ടു ദിവസമായി ഷവർമ വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ്.
ഒരേ സമയം രുചിയും ഒപ്പം അപകടസാധ്യതയും നിറഞ്ഞ ഭക്ഷണമാണ് ഷവർമ. ഷവർമ കഴിച്ച നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത് ഇപ്പോൾ വ്യാപക ചർച്ചയായിട്ടുണ്ട്. ഇറച്ചി, പച്ചക്കറികൾ, ചില മസാലകൾ, കുബ്ബൂസ് തുടങ്ങിവയാണ് ഷവർമയിലെ പ്രധാന ചേരുവകൾ.
എല്ലില്ലാതെ ചെത്തിയെടുത്ത് പ്രത്യേകമായി തയയാറാക്കുന്ന ഇറച്ചി ഒരുകന്പിയിൽ കോർത്ത് പ്രത്യേക താപനിലയിൽ വേവിച്ചെടുത്താണ് ഈ വിഭവം തയ്യാറാക്കുന്നത്.
ആവശ്യക്കാർക്ക് ഇതിന്റെ ഓരോ ഭാഗങ്ങൾ ചെത്തിയെടുത്ത് കുബ്ബൂസിൽ മയോണൈസ്് പുരട്ടിയ ശേഷം പൊതിഞ്ഞാണ് നൽകുന്നത്. 70 രൂപ മുതൽ 160 രൂപ നിരക്കിലാണ് സാധാരണയായി ഷവർമ വിൽക്കുന്നത്.
പ്രശ്നക്കാർ മയോണൈസും ഇറച്ചിയും
ഷവർമയ്ക്ക് രുചി പകരുന്ന പ്രധാന ഘടകമാണ് മയോണൈസ്. വേവിക്കാത്ത മുട്ട, എണ്ണ, വെളുത്തുള്ളി, ഉപ്പ് തുടങ്ങിയവ ഉപയോഗിച്ചാണ് മയോണൈസ് തയാറാക്കുന്നത്.
പരസ്പരം ലയിക്കാത്ത വിഭവങ്ങളായ എണ്ണ, മുട്ട എന്നിവയെ മിക്സിയിൽ ഘട്ടംഘട്ടമായി അടിച്ച് സംയോജിപ്പിച്ചാണ് മയോണൈസ് ഉണ്ടാക്കുന്നത്.
വേവിക്കാത്ത മുട്ട പലപ്പോഴും ബാക്ടീരിയകൾ വളരാൻ കാരണമാകും. കൃത്യമായി സൂക്ഷിക്കാതിരിക്കുകയോ പഴകുകയോ ചെയ്താൽ സാൽമൊണല്ല പോലെയുള്ള അപകടകരമായ വൈറസുകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതു ശരീരത്തിനുള്ളിലെത്തിയാൽ മരണത്തിലേക്കുവരെ നയിക്കാം.
വേകാത്ത ഇറച്ചിയാണ് മറ്റൊരു ഘടകം. ചെത്തിയെടുത്ത ഇറച്ചി പ്രത്യേക താപനിലയിൽ സാവകാശം വേണം വേവിച്ചെടുക്കാൻ. പലപ്പോഴും ഷവർമയുടെ ഉൾവശത്തെ ഇറച്ചി വേകാറില്ല.
കന്പിയിൽ കോർത്തുവച്ചിട്ടുള്ള ഇറച്ചിയുടെ പുറം ഭാഗം മാത്രമാണ് വേകുന്നത്. തിരക്കേറുന്പോൾ കടക്കാർ ഇത് വേഗത്തിൽ ചെത്തിയെടുത്ത് നൽകുകയാണ് പതിവ്.
വേകാത്ത ഇറച്ചി കഴിക്കുന്പോൾ ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. പ്രതിരോധശേഷി കുറവായതിനാൽ കുട്ടികളിലാണ് കൂടുതലും ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത.
സൂക്ഷ്മമായും വൃത്തിയോടെയും വേണം ഷവർമ പാചകം ചെയ്യാൻ എന്നാൽ ഇതു പലയിടത്തും നടക്കുന്നില്ല. തുറസായ സ്ഥലങ്ങളിൽ പൊടിയടിച്ചാണ് പലരും ഷവർമ പാകം ചെയ്യുന്നത്.
പഴകിയ മയോണൈസ് വ്യാപകമായി ഉപയോഗിക്കുന്നുമുണ്ട്. ഇതു കൂടാതെ വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഇറച്ചിയും മസാലയും തയാറാക്കുന്നത്.
ഇങ്ങനെയുള്ള കടകൾക്കെതിരേ ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റി അധികൃതരും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.