കോട്ടയം: പകര്‍ച്ചവ്യാധി ഭീഷണിയില്‍ പകച്ച് കോട്ടയം ജില്ല. മഴശക്തമായതോടെയാണ് ജില്ലയില്‍ വ്യാപകമായി പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കിയത്. വൈറല്‍ പനിക്ക് പിന്നാലെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം എലിപ്പനി ബാധിച്ച് ഏഴുപേരാണ് മരിച്ചത്. ദിവസവും പത്തിലധികം ആളുകളാണു ഡെങ്കിപ്പനി സംശയിച്ച് ചികിത്സ തേടുന്നത്. ഈ മാസം 28 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ഇടവിട്ടു മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കൊതുക് കടിയേല്ക്കാതെയിരിക്കുകയാണ് മുന്‍കരുതല്‍.
പനി വ്യാപകമായി പടരുകയാണ്. പനിബാധിതരായല് ആശുപത്രികള്‍ നിറഞ്ഞു. മരുന്നുകള്‍ വാങ്ങി വീട്ടില്‍ വിശ്രമിക്കുന്ന പനിബാധിതരും ഏറെയാണ്.
മുതിര്‍ന്നവര്‍ക്ക് പിന്നാലെ സ്കൂള്‍ കൂടി തുറന്നതോടെ കുട്ടികളും പനിക്കിടക്കയിലാണ്. ഈ ആഴ്ച 2,454 പേരാണ് ചികിത്സ തേടിയത്. ഈ മാസം മാത്രം 3,469 പേര് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെത്തി.
സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ കണക്ക് കൂടി പരിശോധിച്ചാല്‍ ഇതിന്റെ ഇരട്ടിയാവും. തൊണ്ട വേദനയില്‍ തുടങ്ങി ജലദോഷവും പനിയും ഛര്ദ്ദിയുമൊക്കെയാണ് ലക്ഷണങ്ങള്‍.
മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും സ്വയം ചികിത്സയ്ക്ക് മുതിരാതെ അടിയന്തര വൈദ്യസഹായം തേടണമെന്നും ഉറവിട നശീകരണം നടത്തണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
എലിപ്പനി ലക്ഷങ്ങള്‍ ഉണ്ടായാലും പലരും സ്വയം ചികിത്സയുമായി ഇരിക്കുകയാണ്. പനി, തലവേദന, കണ്ണിനു പിന്നില്‍ വേദന, ശക്തമായ പേശി വേദന, സന്ധി വേദന, ശരീരത്തില്‍ ചുവന്നു തടിച്ച പാടുകള്‍, തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, കറുത്ത മലം, ശ്വാസംമുട്ടൽ, രക്തസമ്മര്‍ദം കുറയുക, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും വേഗം ചികിത്സ തേടണം ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.