കോട്ടയം: ജില്ലയിലെ സ്കൂൾ അവധി പ്രഖ്യാപനം വൈകിയത് വിദ്യാർഥികളെയും രക്ഷിതാക്കളെയും വലച്ചു. കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നു രാവിലെ എട്ടുമണിയോടെയാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.
അവധി പ്രഖ്യാപിക്കാൻ വൈകിയത് നിരവധിയാളുകളെ ബുദ്ധിമുട്ടിലാക്കി. ഇന്നലെ പകലും രാത്രിയും കനത്ത മഴയായിരുന്നു. ജലനിരപ്പ് ഉയരുമെന്ന് ഇന്നലെ അറിയാമായിരുന്നിട്ടും അവധി പ്രഖ്യാപനം വൈകിയത് എന്ത് എന്നു വ്യക്തമല്ല.
നാളത്തെ അവധിക്കാര്യത്തിൽ വൈകുന്നേരത്തോടെ തീരുമാനമുണ്ടാകുമെന്നാണ് ജില്ലാ അധികൃതർ വ്യക്തമാക്കുന്നത്. രാവിലെ ആറു മണിയോടെ സ്കൂൾ ബസുകൾ ഓടിത്തുടങ്ങി. മിക്ക വിദ്യാർഥികളും സ്കൂളിലെത്തിക്കഴിഞ്ഞാണ് അവധി പ്രഖ്യാപനം അറിഞ്ഞത്.
ഇത് പലരെയും വലച്ചു. കനത്ത മഴയായിട്ടും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാത്തത് എന്ത് എന്ന അന്വേഷിച്ച് രാവിലെ പലരും പത്രം ഓഫീസുകളിലേക്ക് വിളിച്ചിരുന്നു. രാവിലെ പത്രം നോക്കി അവധിയില്ല എന്നുറപ്പു വരുത്തിയെങ്കിലും ഒന്നു കൂടി ഉറപ്പാക്കാനാണ് പലരും ശ്രമിച്ചത്. അപ്പോഴും അവധിക്കാര്യം അറിയില്ലായിരുന്നു.
രാത്രി വൈകിയോ പുലർച്ചെയോ എങ്കിലും അവധി പ്രഖ്യാപിച്ചിരുന്നുവെങ്കിൽ സമൂഹ മാധ്യമങ്ങൾ വഴി വിവരം പ്രചരിക്കുമായിരുന്നു. അതും ഉണ്ടായി്ല. നാളെക്കൂടി അവധി പ്രഖ്യാപിച്ചാൽ അഞ്ചു ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കിട്ടും. രണ്ടാം ശനി, ഞായർ അവധിക്കു പുറമെ തിങ്കളാഴ്ച ബക്രീദ് പ്രമാണിച്ച് സർക്കാർ നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെ വ്യാഴം മുതൽ തിങ്കൾ വരെ അഞ്ചു ദിവസം അവധിയാകും.
കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല
കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിക്കൊണ്ട് രാവിലെ എട്ടു മണിയോടെ കോട്ടയം ജില്ലാ കളക്ടർ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു കീഴെ രക്ഷിതാക്കളുടെ പൊങ്കാല. വിദ്യാർഥികളിൽ ഭൂരിഭാഗവും സ്കൂളിൽ എത്താറായപ്പോൾ പ്രഖ്യാപിച്ച അവധിയെ വിമർശിച്ചു കൊണ്ടായിരുന്നു കമന്റുകൾ ഏറെയും. ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി അനുവദിക്കുന്നത്. ഈ അവധിപ്രഖ്യാപനം ബുദ്ധിമുട്ട് ഇരട്ടിയാക്കിയെന്നാണ് ചിലർ പറയുന്നത്.
ഉച്ചയായിട്ട് പറഞ്ഞാൽ മതിയാരുന്നല്ലോ സാറേ എന്നു കമന്റിട്ടവരുമുണ്ട്. ഇത്ര നേരത്തേ പറഞ്ഞതിനു നന്ദി, 15 മിനിറ്റ് കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ക്ലാസിൽ കയറിയേനെ എന്നാണ് ഒരു വിദ്യാർഥിയുടെ കമന്റ്. വൈകി അവധി പ്രഖ്യാപിച്ച കളക്ടറുടെ നടപടിയെ വിമർശിച്ച് നൂറുകണക്കിന് കമന്റുകളാണ് വന്നു നിറഞ്ഞുകൊണ്ടിരിക്കുന്നത്.