ഏറ്റുമാനൂർ: ഒളിച്ചോടിയ വിദ്യാർഥികൾ പോലീസും ആർപിഎഫും ചേർന്നൊരുക്കിയ വലയിൽ കുരുങ്ങി. കഴിഞ്ഞ ദിവസം കാണാതായ നീണ്ടൂർ ഗവണ്മെന്റ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥികളെ മുംബൈയിൽ ആർപിഎഫ് പിടികൂടി.
നീണ്ടൂർ, കല്ലറ സ്വദേശികളായ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. കുട്ടികളെ കാണുന്നില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടികൾ ഹിമാലയത്തിലേക്ക് യാത്ര ചെയ്യണമെന്ന് പറഞ്ഞിരുന്നതായറിഞ്ഞു.
ഇതേത്തുടർന്ന് ഏറ്റുമാനൂർ സിഐ എ.ജെ. തോമസിന്റെ നേതൃത്വത്തിൽ പോലീസ് കുട്ടികളുടെ ഫോട്ടോ സഹിതം ആർപിഎഫിനും പോലീസിനും വിവരം വാട്സാപ് ഗ്രൂപ്പിലൂടെ കൈമാറി.
ജയന്തി ജനത എക്സ്പ്രസ് എത്തിയ സമയം കുട്ടികൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായതോടെ ആർപിഎഫിന് വിവരം കൈമാറി. ജയന്തി ജനത മുംബൈയിൽ എത്തിയപ്പോൾ കുട്ടികൾ നേരേ പോലീസിന്റെ മുന്‍പിലാണ് ചെന്നുപെട്ടത്.
കുട്ടികളിൽ ഒരാളുടെ കൈവശം സ്വകാര്യ സന്പാദ്യമായി 3000 രൂപ ഉണ്ടായിരുന്നു. ഇതിനൊപ്പം വീട്ടിൽനിന്നും 2000 രൂപ കൂടി മോഷ്ടിച്ചു. രണ്ടാമത്തെയാളുടെ കൈയിൽ പണമൊന്നും ഉണ്ടായിരുന്നില്ല. പോലീസിന്റെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും ജാഗ്രതയിൽ കുട്ടികളെ വീണ്ടുകിട്ടിയ ആശ്വാസത്തിലാണ് എല്ലാവരും.