ചിങ്ങവനം: ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇത്തിത്താനം പൊൻപുഴ പാലമൂട്ടിൽ തങ്കപ്പൻ നായർ (71), ഭാര്യ സരസമ്മ (65), മകൻ രാജീവ് (35) എന്നിവരെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. വീടിനുള്ളിലെ ലൈറ്റുകൾ എല്ലാം തെളിഞ്ഞു കിടന്നിരുന്നു.
ഇന്നു പുലർച്ചെയോടെ ടിപ്പർ ഡ്രൈവറായ രാജീവിന്റെ സുഹൃത്ത് ടിപ്പർ ലോറിയെടുക്കാൻ വേണ്ടി വീട്ടിലെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. വീട് അകത്തു നിന്നും പൂട്ടിയ നിലയിലായതിനാലും ലൈറ്റുകൾ എല്ലാം തെളിഞ്ഞു കിടക്കുന്നതും കണ്ടതോടെ സുഹൃത്ത് വീട്ടുകാരെ വിളിച്ചു.
ഏറെ നേരം വിളിച്ചിട്ടും പ്രതികരണമുണ്ടാകാതെ വന്നതോടെ സംശയം തോന്നിയ സുഹൃത്ത് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അയൽവാസികൾ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയശേഷം ചിങ്ങവനം പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്നു പേരുടെയും മൃതദേഹങ്ങൾ ഒരു മുറിയിൽ തന്നെ തൂങ്ങി നില്ക്കുന്ന നിലയിലായിരുന്നു. മരിച്ച രാജീവ് അവിവാഹിതനാണ്. മൂന്നു പേരുടെയും മരണത്തിനു പിന്നിൽ ദൂരുഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പരിശോധനകൾ പൂർത്തിയാക്കിയാൽ മാത്രമേ മരണം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റും. ചിങ്ങവനം എസ്എച്ച്ഒ ആർ. രതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. സംഭവമറിഞ്ഞു പ്രദേശത്ത് നിരവധിയാളുകൾ തടിച്ചുകൂടിയിട്ടുണ്ട്.