കോട്ടയം: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കഴിക്കാൻ പോലീസില്ല. പക്ഷേ ഒരു തിരക്കും ഇല്ലാത്ത സ്ഥലത്ത് വാഹനങ്ങൾ കിടന്നാൽ പെറ്റിയടിക്കാൻ പോലീസ് ഓടിയെത്തും. കോട്ടയത്തെ പോലീസിനെതിരേ ഉയരുന്ന ആക്ഷേപമാണിത്. കളക്ടറേറ്റിനു സമീപത്തെ പള്ളിയിൽ ഞായറാഴ്ച ആരാധനയ്ക്കെത്തിയ വിശ്വാസികളുടെ വാഹനങ്ങളിൽനിന്നുവരെ പോലീസ് പിഴയീടാക്കി.
എന്തിന് വീട്ടിൽ വെള്ളം കയറിയപ്പോൾ വാഹനം സുരക്ഷിതമായിടാൻ റോഡിൽ പാർക്ക് ചെയ്തിരുന്നവർക്ക് വരെ പോലീസിന്റെ പെറ്റികിട്ടി. ഇതെന്നാ പോലീസാണെന്നു നാട്ടുകാർ ചോദിക്കുന്നു.വെള്ളപ്പൊക്ക കാലത്ത് ചുങ്കം പാലത്തിനടുത്തായിരുന്നു പോലീസിന്റെ വാഹന പരിശോധന. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് റോഡരികിലേക്ക് ബൈക്ക് വയ്ക്കാൻ വന്നയാൾക്കും കിട്ടി പെറ്റി. വണ്ടിയുടെ രേഖകൾ കൈവശമില്ലായിരുന്നു എന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.
കളക്ടറേറ്റിനു സമീപത്തെ സിഎസ്ഐ അസൻഷൻ പള്ളിയിൽ വരുന്ന വിശ്വാസികളുടെ കാറുകളും ബൈക്കുകളും പാർക്ക് ചെയ്യുന്നതിനെതിരേ പോലീസ് നടപടിയെടുക്കുന്നതായി കാട്ടി പള്ളി വികാരി റവ. ഡാനിയേൽ ജോർജ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. കളക്ടറേറ്റിനു മുന്നിലെ റോഡരികിൽ ഒതുക്കി പാർക്കു ചെയ്ത വാഹനങ്ങൾക്കാണു പോലീസ് പിഴ നോട്ടീസ് നൽകുന്നത്. ഞായറാഴ്ചകളിൽ കളക്ടറേറ്റ് റോഡിൽ താരതമ്യേന തിരക്കു കുറവാണ്.
പള്ളിയിലെ തിരക്കും റോഡിലെ കുരുക്കും ഒഴിവാക്കാൻ രണ്ടായാണ് ഞായറാഴ്ചകളിൽ ഇവിടെ ആരാധന നടക്കുന്നത്. ഈ ആരാധനയ്ക്കായി പള്ളിയിൽ എത്തിയവരെയാണു പോലീസ് പിഴിഞ്ഞത്. പള്ളിയിൽ ആരാധനയ്ക്കായി എത്തുന്നവരുടെ വാഹനത്തിൽനിന്നും പിഴ ഈടാക്കുന്ന നടപടിയിൽനിന്നും പോലീസ് പിൻതിരിയണമെന്നും പള്ളി അധികൃതർ ആവശ്യപ്പെട്ടു.
സിഎംഎസ് കോളജ്-ചുങ്കം റോഡിലും നഗരത്തിലെ മറ്റു ചെറിയ റോഡുകളിലും വീടുകളിൽ സൂക്ഷിക്കുവാൻ സാധിക്കാതിരുന്ന വാഹനങ്ങൾ പാർക്കു ചെയ്തിരുന്നു. പ്രളയത്തെത്തുടർന്നു വാഹനങ്ങൾ മറ്റു സ്ഥലങ്ങളിൽ സൂക്ഷിക്കുവാൻ സാധിക്കാതിരുന്ന ചെറുവാഹനങ്ങൾ ഉൾപ്പെടെ റോഡ് വശങ്ങളിലാണു പാർക്കു ചെയ്തിരുന്നത്. ഇവർക്കും പിഴ ഈടാക്കിയതിനെതിരെയും പ്രതിഷേധം ശക്തമാണ്.
അതേസമയം, കോട്ടയം നഗരത്തിലെ റോഡിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്താൽ പെറ്റിയടിക്കുമെന്ന് ട്രാഫിക് എസ്ഐ രാഷ്ട്രദീപികയോട് പറഞ്ഞു. മേലധികാരികളുടെ നിർദേശ പ്രകാരമാണ് നടപടി. പരാതിയുള്ളവർ മേലധികാരികളെ സമീപിക്കാനും എസ്ഐ നിർദേശിച്ചു.