കോട്ടയം: മിഷോങ്ങ് ചുഴലിക്കാറ്റിനെത്തുടർന്ന് ചെന്നൈയിലുണ്ടായ ശക്തമായ പ്രളയം ശബരിമല തീര്ഥാടകര് ഉള്പ്പെടെയുള്ള യാത്രക്കാരെ വലച്ചു. ചെന്നൈയില്നിന്നു കേരളത്തിലേക്കു വരാനിരുന്നവരും പലയിടങ്ങളില് കുടുങ്ങി.
കനത്ത മഴയെത്തുടര്ന്നു ചെന്നൈ ബേസിന് ബ്രിഡ്ജിനും വ്യാസര്പടിക്കും ഇടയിലെ പാലത്തില് വെള്ളം ഉയര്ന്നതിനാലാണ് കേരളത്തിലേക്കുള്ള പല ട്രെയിനുകളും റദ്ദാക്കിയത്.
ചെന്നൈ സെന്ട്രല് സ്റ്റേഷനില്നിന്നു പുറപ്പെടേണ്ടിയിരുന്ന വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ്, തിരുവനന്തപുരം മെയില് സൂപ്പര്ഫാസ്റ്റ് എക്സ്പ്രസ് എന്നിവയടക്കമുള്ള വണ്ടികള് ഇന്നലെ റദ്ദാക്കി. കേരളത്തില്നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനുകളും മുടങ്ങി.
കേരള, ശബരി എക്സ്പ്രസുകള് എന്നിവയും റദ്ദാക്കപ്പെട്ടവയില്പ്പെടുന്നു. മുന്കൂര് ബുക്കിംഗ് നടത്തിയ 5,000ലേറെ ശബരിമല തീര്ഥാടകരുടെ യാത്ര അവതാളത്തിലായി.
കൂടാതെ വിവിധ സംസ്ഥാനങ്ങളില്നിന്നുള്ള മറ്റ് മലയാളി യാത്രക്കാരും ദുരിതത്തിലായി. ശബരിമല തീര്ഥാടനം കഴിഞ്ഞു മടങ്ങിയ ഏറെപ്പേരും കോട്ടയം സ്റ്റേഷനില് ക്യാമ്പുചെയ്യുകയാണ്. വെള്ളപ്പൊക്കത്തെത്തുര്ന്ന് ചെന്നൈ സ്പെഷല് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് കോട്ടയത്തെത്തി നാളെ മടങ്ങിപ്പോകേണ്ട നരസപുര് (വെസ്റ്റ് ഗോദാവരി) ശബരി സ്പെഷല് ട്രെയിനും റദ്ദാക്കപ്പെട്ടവയില്പ്പെടുന്നു.
ചുഴലിക്കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാല് ഇന്നും ട്രെയിന് യാത്ര അനിശ്ചിതമാണെന്നും സര്വീസ് പുനരാരംഭിക്കുന്നതില് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും റെയില്വെ അറിയിച്ചു.