കോട്ടയം: സ്ത്രീ വേഷം ധരിച്ച് മേക്കപ്പ് ഇട്ട് നഗരത്തിൽ രാത്രി കാലങ്ങളിൽ കറങ്ങി പണം തട്ടിപ്പ് നടത്തി വന്ന സംഘത്തിലെ രണ്ടു പേരെക്കൂടി ഇന്നലെ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തതോടെ ഈ സംഘത്തിലെ കൂടുതൽ പേർ കുടുങ്ങുമെന്നുറപ്പായി.
എറണാകുളം തേവര സ്വദേശി വിഷ്ണു മോഹൻ (24), ആനിക്കാട് സ്വദേശി അജിത് (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. വിഷ്ണു മോഹൻ ഒരാഴ്ച മുൻപ് ഇതേ കേസിൽ പിടിയിലായതാണ്. അന്ന് ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിപ്പിനായി ഇറങ്ങുകയായിരുന്നു. ഇവരുടെ സംഘത്തിൽ 30 പേർ ഉണ്ടെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.
രാത്രി ഒൻപത് മണി കഴിഞ്ഞാൽ ഇവർ നഗരത്തിൽ അഴിഞ്ഞാടുകയാണെന്നാണ് പരാതി. മൂന്നും നാലും പേർ ചേർന്ന് വഴിയാത്രക്കാരെ വശീകരിച്ചു കൊണ്ടുപോയി പണം തട്ടിയെടുക്കുകയായിരുന്നു സ്ഥിരമായി ചെയ്തു വന്നത്. നാണക്കേട് മൂലം പലരും പരാതി പറയാറില്ലായിരുന്നു. എന്നാൽ റോഡിലൂടെ പോകുന്നവരുടെ പോക്കറ്റിൽ നിന്ന് ബലമായി പണം പിടിച്ചുപറിക്കാൻ തുടങ്ങിയതോടെയാണ് പരാതി ഏറിയത്.
ഭിന്ന ലിംഗക്കാരെന്ന രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം. അതിനാൽ ആദ്യം ആളുകൾ പരാതി പറയാൻ മടിച്ചു. എന്നാൽ ഇവരുടെ ശല്യം ഏറിയപ്പോൾ വ്യാപകമായി പരാതി ഉയർന്നു. പോലീസിന്റെ രാത്രി പട്രോളിംഗ് ശക്തമാക്കിയതോടെയാണ് തട്ടിപ്പുകാരെ പൊക്കാൻ കഴിഞ്ഞത്.