കോട്ടയം: കോട്ടയം പട്ടണത്തിനു 140 വയസ്. കോട്ടയം പട്ടണം നിർമിച്ചത് അന്നത്തെ ദിവാൻ പേഷ്ക്കാർ ടി. രാമറാവുവായിരുന്നു. തിരുനക്കര ആസ്ഥാനമായി ദിവാൻ പേഷ്ക്കാർ ടി. രാമറാവു രണ്ടു വർഷം കൊണ്ടാണു കോട്ടയം പട്ടണം സ്ഥാപിച്ചത്.
1880ലാണ് തിരുവിതാംകൂറിന്റെ വടക്കൻ ഡിവിഷന്റെ ആസ്ഥാനം ചേർത്തലയിൽനിന്നും കോട്ടയത്തേക്ക് മാറ്റിയത്. വടക്കൻ പറവൂർ മുതൽ ദേവികുളം വരെ വ്യാപിച്ചു കിടന്നിരുന്നതാണ് വടക്കൻ ഡിവിഷൻ.
1882ലാണു കോട്ടയം പട്ടണത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. വയസ്ക്കര കുന്നിൽ താമസിച്ചാണ് രാമറാവു നിർമാണത്തിനു മേൽനോട്ടം വഹിച്ചത്. കോട്ടയം കുന്നിലെ പാറകൾ നീക്കി തിരുനക്കര മൈതാനം നിർമിച്ചു.
ഇവിടെ നടത്തിയിരുന്ന അടിമ വ്യാപാരസ്ഥലവും ഒഴിപ്പിച്ചാണു മൈതാനം നിർമിച്ചത്. മൈതാനത്തിനു ചുറ്റും വിവിധ ഓഫീസുകൾ സജ്ജീകരിക്കുകയും ചെയ്തു. പോലീസ് പരേഡ് മൈതാനമായാണ് ഇതു രൂപകൽപന ചെയ്തത്.
ഇതിനോടു ചേർന്ന് പേഷ്കാർ ഓഫീസ് തുറക്കുകയും ചെയ്തു. തുടർന്നു ജയിൽ, കോടതി എന്നിവയെല്ലാം തിരുനക്കര ചുറ്റുവട്ടത്ത് സ്ഥാപിച്ചു. താഴത്തങ്ങാടി മത്സര വള്ളംകളിക്കും തുടക്കം കുറിച്ചു.
പീന്നിട് ജില്ലാ ആശുപത്രി സ്ഥാപിച്ചതോടെ ചികിത്സാ സൗകര്യങ്ങളും വർധിച്ചു. കാർഡമം ഹിൽറോഡ് എന്ന പേരിൽ ഇപ്പോഴത്തെ കെകെ റോഡിന്റെ ആദിമ രൂപവും നിർമിച്ചു.
ചങ്ങനാശേരിക്കും ആലുവയ്ക്കും റോഡുകൾ നിർമിച്ചതും ദിവാൻ പേഷ്ക്കാർ റാമറാവു തന്നെ. കായൽ യാത്രയ്ക്കിടയിലാണു കോട്ടയത്ത് ഓഫീസ് സ്ഥാപിക്കണമെന്ന ആശയം പേഷ്ക്കാർ ടി. രാമറാവിന്റെ മനസിലുദിച്ചത്.
മഴക്കാലത്ത് ചേർത്തലയിൽ നിന്നു കാറ്റും കോളും നിറഞ്ഞ അന്തരീക്ഷത്തിൽ കോട്ടയത്തിനു വരുന്നതിനിടയിൽ സുരക്ഷിതമായ സ്ഥലത്ത് ഓഫീസ് സ്ഥാപിക്കാൻ അദ്ദേഹം തീരുമാനമെടുത്തത്.
തുടർന്നാണ് അദേഹം കോട്ടയം കുന്നിലെത്തി കണ്ട കാഴ്ചകൾ ഇഷ്പ്പെട്ട രാമറാവു വടക്കൻ തിരുവിതാംകൂർ ഡിവിഷന്റെ ആസ്ഥാനം സ്ഥാപിക്കുകയായിരുന്നു. വളരെ പെട്ടെന്നു തന്നെ കോട്ടയം എല്ലാറ്റിന്റെയും കേന്ദ്രമായി മാറുകയായിരുന്നു. ആദ്യമായി ഭരണ നിർവഹണ ഓഫീസുകൾ സജ്ജമാക്കുകയാണു ചെയ്തത്.
ചങ്ങനാശേരിക്കും ആലുവയ്ക്കും മികച്ച പാതകൾ നിർമിക്കുന്നതിനു തുടക്കം കുറിച്ചു. തിരുവനന്തപുരത്തുനിന്നുള്ള വഴി ചങ്ങനാശേരിയിൽ അവസാനിച്ചിരുന്നു. ഇതു കോട്ടയത്തേക്കു രാജപാതയായി വികസിപ്പിക്കുകയും ചെയ്തു. ടെന്നീസ് പ്രേമിയായിരുന്ന അദേഹം യൂണിയൻ ക്ലബിനും തുടക്കമിട്ടു.