കോട്ടയം: 1949 ജൂലൈ ഒന്നിന് കൽവിളക്കു തെളിഞ്ഞ കോട്ടയം ജില്ലയ്ക്ക് 70 വയസ്. തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു മീനച്ചിലാറിന്റെ തീരത്തുള്ള തളിയിൽകോട്ട. ആ കോട്ടയ്ക്കകം കോട്ടയമായെന്നാണ് പാരന്പര്യം.
ലാൻഡ് ഓഫ് ലെറ്റേഴ്സ്, ലാൻഡ് ഓഫ് ലേക്സ്, ലാൻഡ് ഓഫ് ലാറ്റക്സ് എന്നിങ്ങനെ കോട്ടയത്തിന് തനതു വിലാസങ്ങൾ. കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, മീനച്ചിൽ, വൈക്കം താലൂക്കുകളിലെ 100 വില്ലേജുകളും ഒന്പതു നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുന്ന ജില്ലയിൽ 19.74 ലക്ഷം ജനങ്ങൾ. മൂന്നു ലോക്സഭാ മണ്ഡലങ്ങൾ ജില്ലയെ അതിരിടുന്നു. സമൃദ്ധിയുടെ കൂറും കുളിരും നൽകുന്ന മണിമല, മീനച്ചിൽ, മൂവാറ്റുപുഴയാറുകൾ മൂന്നു ദിക്കുകളിലൂടെ ഒഴുകി വേന്പനാട്ട് കായലിൽ പതിക്കുന്നു.
റബറിന്റെ കോട്ടയം
കോട്ടയം റബർപെരുമയുടെ നാടാണ്. ജെജെ മർഫി സായിപ്പ് കിഴക്കൻ മലയോരങ്ങളിൽ റബർ നട്ടതിനൊപ്പം റബർ ഗവേഷണ കേന്ദ്രവും സ്ഥാപിച്ചു. കരപ്പാടങ്ങളിൽ നെല്ലും കരിന്പും കഴിഞ്ഞ കാലത്തിന്റെ സമൃദ്ധിയായിരുന്നു. നെല്ലും കയറും കായലും പുഴയും തോടും അരുവികളും കുന്നും വനവും കാഴ്ചകളുടെ വിസ്മയം തീർക്കുന്ന നാടാണ് കോട്ടയം. മലയും കായലും അതിരിടുന്ന ഭൂപ്രദേശം.
ആത്മീയതയുടെയും അധ്വാനത്തിന്റെയും നാടാണിത്. എരുമേലി, ഭരണങ്ങാനം, വൈക്കം, ഏറ്റുമാനൂർ, കുറവിലങ്ങാട്, പനച്ചിക്കാട്, മാന്നാനം, മണർകാട് തുടങ്ങി ഒട്ടേറെ തീർഥാടനകേന്ദ്രങ്ങളും ആരാധനാലയങ്ങളുമുള്ള ജില്ലയ്ക്ക് ഇന്നും ഗ്രാമീണമുഖമാണ്. ഓടും ഓലയും മാറി കോണ്ക്രീറ്റു വീടുകൾ വന്നിട്ടും മണ്ണുറോഡുകൾ ടാർ പൊതിഞ്ഞിട്ടും ഗ്രാമങ്ങളുടെ കാർഷിക സംസ്കാരം അപ്പാടെ മാറിയിട്ടില്ല. മലയാളി മെമ്മോറിയലും വൈക്കം സത്യഗ്രഹവും തിരുനക്കര മൈതാനവും കേരള കോണ്ഗ്രസും നായർ സർവീസ് സൊസൈറ്റിയും ചരിത്രത്താളുകളിൽ ഇടം നേടിയ സ്ഥലം.
അക്ഷരങ്ങളുടെ കോട്ടയം
അക്ഷരപ്പെരുമയാണ് കോട്ടയത്തിന്റെ ഐശ്വര്യം. മലയാളത്തിലെ പ്രഥമ ദിനപത്രമായ നസ്രാണി ദീപിക ഉൾപ്പെടെ നിരവധി പത്രങ്ങളും മാസികകളും പുസ്തകങ്ങളും മഷിപുരണ്ടിറങ്ങുന്ന വായനാനഗരി. ചാവറ കുര്യാക്കോസ് ഏലിയാസച്ചനും നിധീരിക്കൽ മാണിക്കത്തനാരും കണ്ടത്തിൽ മാമ്മൻ മാപ്പിളയും മാധ്യമ ലോകത്തിലെ ചരിത്രപുരുഷൻമാരായി എണ്ണപ്പെടുന്നു.
മന്നത്തു പത്മനാഭൻ, പി.ടി. ചാക്കോ, എ.ജെ ജോണ്, ആർ.വി. തോമസ്, കെ.ആർ. നാരായണൻ, കെ.എം. മാണി, വിശുദ്ധ അൽഫോൻസാമ്മ, ധന്യൻ തേവർപറന്പിൽ കുഞ്ഞച്ചൻ, വൈക്കം മുഹമ്മദ് ബഷീർ, ഇ.സി.ജി. സുദർശൻ, രാമപുരത്ത് വാര്യർ, കൊട്ടാരത്തിൽ ശങ്കുണ്ണി, പൊൻകുന്നം വർക്കി, എൻ.എൻ. പിള്ള, മമ്മൂട്ടി, തിലകൻ, അരുന്ധതി റോയി വിവിധ തലങ്ങളിൽ ഒട്ടേറെ ആരാധ്യരുടെ ജന്മനാട്. കഥകളിയും നാടകവും മാർഗംകളിയും പരിചമുട്ടും അരങ്ങിൽ ആടിത്തകർത്ത കലാകേന്ദ്രം.
സന്പൂർണ സാക്ഷരതയുടെ കോട്ടയം
വിദ്യാമേഖലയിൽ കോട്ടയം എന്നും മുൻപന്തിയിലാണ്. കോട്ടയത്തിന്റെ വിദ്യാപ്രബുദ്ധതയ്ക്ക് ആമുഖം വേണ്ടതില്ല. 96 ശതമാനം സാക്ഷരത. ഇതിൽതന്നെ രാജ്യത്താദ്യമായി സന്പൂർണ സാക്ഷരത നേടിയ പട്ടണം എന്ന ക്രെഡിറ്റ്. സിഎംഎസ്, സെന്റ് ബെർക്കുമാൻസ് കോളജുകൾക്കും പാരന്പര്യമേറെ. കോട്ടയംകാരുടെ ശരാശരി ആയുർദൈർഘ്യം 71 വയസ്. 1924ൽ നഗരം നഗരസഭയായി.
വികസന കോട്ടയം
വികസന കാര്യത്തിൽ മെട്രോനഗരങ്ങൾക്കൊപ്പം തന്നെയാണ് കോട്ടയവും റെയിൽവേ വികസനം പൂർണമല്ലെങ്കിലും എറണാകുളം പിന്നിട്ട് കോട്ടയം വഴി ട്രെയിൻ ഓടി വന്നിട്ടു ഏഴു പതിറ്റാണ്ടാകുന്നു. അതിരിൽ കടലില്ലെങ്കിലും കായൽകയറിവരുന്ന നാട്ടകത്ത് ചെറിയ തുറമുഖമുണ്ട്. എരുമേലി വിമാനത്താവളം പ്രതീക്ഷയുടെ ടേക് ഓഫിൽതന്നെ.
വിദേശികൾ സമ്മാനിച്ച വികസന അടിത്തറ കോട്ടയത്തിന് നേട്ടമായെന്നതിൽ രണ്ടുപക്ഷം വേണ്ട. കൃഷി, അക്ഷരം, അച്ചടി, ഗതാഗതം എന്നിവയിൽ സായിപ്പ് സംഭാവനകൾ ഏറെ നൽകിയാണ് മടങ്ങിയത്. കോട്ടയത്തുനിന്നും മുണ്ടക്കയം വഴി കിഴക്കോട്ടു സായിപ്പ് പണിത റോഡുകൾ ഇന്നുമൊരു കാഴ്ച വിസ്മയമാണ്. മലയിൽ നടവെട്ടുപോലൊരു റോഡ്. ഇരുവശവും വനംപോലെ തിങ്ങി റബർത്തോട്ടങ്ങൾ. ഉൾനാടൻ ഗതാഗതത്തിൽ കുട്ടനാട് അതിരിടുന്ന പടിഞ്ഞാറൻ മേഖലയ്ക്ക് സാധ്യതകൾ ബാക്കിയുണ്ട്.
ബോട്ട് ജെട്ടികളെല്ലാം പിന്നോക്കാവസ്ഥയിൽതന്നെ. റോഡ് വികസനത്തിൽ മുന്നിലാണെങ്കിലും ജലഗതാഗതത്തിൽ ഇനിയും ഓളങ്ങളുണ്ടാകണം. ജനങ്ങളിൽ മൂന്നു ലക്ഷവും പ്രവാസികളാണ്. അയൽജില്ലകൾക്കു കൂടി പ്രയോജനപ്പെടേണ്ട കോട്ടയം റെയിൽവേ സ്റ്റേഷനിൽ പരിമിതികളേ പറയാനുള്ളു. കായികമേഖലയിൽ രാജ്യത്തിന് വലിയ സംഭാവനകൾ ജില്ലയ്ക്ക് നൽകാനായി. എന്നാൽ വ്യവസായത്തിൽ എണ്ണിപ്പറയാൻ ഒന്നുമില്ല.
മഹാത്മാക്കൾ എത്തിയ കോട്ടയം
മഹാത്മാക്കൾ വന്നിറങ്ങിയ നാടാണ് കോട്ടയം മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, മദർ തെരേസ, ജോണ് പോൾ രണ്ടാമൻ മാർപാപ്പ, ബെഞ്ചമിൻ ബെയ്ലി തുടങ്ങി ഒട്ടേറെ മഹാരഥൻമാരുടെ പാദസ്പർശമുണ്ടായി. നാഗന്പടം, തിരുനക്കര മൈതാനങ്ങൾ ഒട്ടേറെ നിർമാണ നിമിഷങ്ങൾക്കു സാക്ഷിയായി. മെഡിക്കൽ കോളജും മെഡിക്കൽ കോളജ് ആശുപത്രിയും റബർ ഗവേഷണ കേന്ദ്രവും എംജി സർവകലാശാലയും മെഡിക്കൽ എൻജിനീയറിംഗ് എൻട്രൻസ് സ്ഥാപനങ്ങളും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും സയൻസ് സിറ്റിയും ട്രിപ്പിൾഐറ്റിയുമൊക്കെ നേട്ടപ്പട്ടികയിലുണ്ട്.
കപ്പയും കരിമീനുമുള്ള കോട്ടയം
കരിമീനും കയറും തഴപ്പായയും വെച്ചൂർ ചെറുവള്ളി പശുക്കളുമൊക്കെയായി ജൈവ വൈവിധ്യങ്ങൾ ഏറെയാണ് കോട്ടയത്തിന്. കിഴക്കൻ കുന്നുകളും കായലും കുമരകവും കെട്ടുവള്ളങ്ങളുമൊക്കെ ടൂറിസം കാഴ്ചകൾ. മഴപ്പെയ്ത്തിൽ മുന്നിലാണ് കോട്ടയം. അതിൽതന്നെ കാഞ്ഞിരപ്പള്ളി ഒന്നാമത്. അതിരു ചേർന്ന് പൊന്തൻപുഴ വനം. നെല്ലും കപ്പയും കാച്ചിലും ചേനയും ചേന്പും തെങ്ങും പ്ലാവും സമൃദ്ധി സമ്മാനിക്കുന്ന കനകഭൂമി.
ചെണ്ടൻകപ്പ, ചക്കപ്പുഴുക്ക്, മീൻകറി, അപ്പം, വട്ടയപ്പം, ഉൗത്തപ്പം, പോത്തുകറി, അരിപലഹാരങ്ങൾ തുടങ്ങി രുചിഭേദങ്ങളുടെ നാട്. കുടന്പുളിയും കണ്ണിമാങ്ങയും അന്പഴങ്ങയും ആറ്റുമീനും കരിമീനും കാന്താരിമുളകും…. പ്രൗഡിക്കു കുറവില്ലിവിടെ. ആഭരണം, സദ്യ, ആഘോഷം ഒക്കെ മുന്നിൽതന്നെ. അച്ചടി വളർന്ന കോട്ടയത്തു വരണം അച്ചടി ഭാഷ കേൾക്കാൻ എന്നൊരു ചൊല്ലുണ്ട്. അതെ തെക്ക്, വടക്ക് നാടുകളിൽനിന്നു വ്യത്യസ്തമാണ് സ്ഥുടതയുള്ള കോട്ടയം വർത്തമാനം.