മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നു. ആട് 2 എന്ന തകര്‍പ്പന്‍ ഹിറ്റിന് ശേഷം മിഥുന് മാനുവല്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന് മിഥുന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സംവിധായകന് പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഇരുവരുടെയും ഫേസ്ബുക്ക് പേജിലൂടെയും ആരാധകരെ ഈ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.
1990ലാണ് കോട്ടയം കുഞ്ഞച്ചന് തിയേറ്ററുകളിലെത്തുന്നത്. കോട്ടയം കുഞ്ഞച്ചന് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ ശക്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു കുഞ്ഞച്ചന്. ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റായിരുന്നു. രഞ്ജിനി, ഇന്നസെന്റ്, കെ.പിഎസി ലളിത, സുകുമാരന്‍, ബാബു ആന്റണി, തുടങ്ങി വന്‍ താര നിരതന്നെ ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവിരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ചിത്രം ക്രിസ്തുമസ് റിലീസാണെന്നാണറിയുന്നത്.