കോട്ടയം: നഗരം ശുചീകരിക്കാൻ പുതിയ ഏജൻസി വരുന്നു. വർഷങ്ങളായുള്ള പ്രശനപരിഹാരത്തിനാണു ഭരണകൂടം വീണ്ടും ശ്രമം നടത്തുന്നത്.
നഗരത്തിലെ മാലിന്യം പുറന്പോക്ക് ഭൂമിയിലും നഗരസഭ പ്രദേശങ്ങളിലും കുഴിച്ചുമൂടുന്നുവെന്നുള്ള ആരോപണം നിലനിൽകെയാണു മാലിന്യനീക്കത്തിനു പുതിയ ഏജൻസിയെ കൊണ്ടുവരുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയോഗമാണ് പുതിയ ഏജൻസിയെ ശുചീകരണ ചുമതല ഏൽപ്പിക്കാൻ തീരുമാനിച്ചത്.
നിലവിൽ നഗരസഭയുടെ ഹരിത കർമ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ഹരിത സഹായ സ്ഥാപനങ്ങളെ സഹായിക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്തു വന്നിരുന്നത് ശുചിത്വ മിഷനും ഹരിതകേരള മിഷനും അംഗീകരിച്ച റോയൽ അസോസിയേറ്റ്സ് എന്ന സ്ഥാപനമായിരുന്നു.
ഹരിത കർമസേനാംഗങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും തരം തിരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന നടപടികളാണ് നടന്നു വന്നിരുന്നത്.
94 ജീവനക്കാർ തുടക്കത്തിലുണ്ടായിരുന്നു. എന്നാൽ കാലക്രമത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തനം വേണ്ട രീതിയിൽ പ്രയോജനപ്പെടാതെ വരുകയും ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിലാകുകയും ചെയ്തു. 65 പേരായി അംഗങ്ങൾ കുറയുകയും ചെയ്തു.
ഇതോടെയാണ് നഗരസഭയിലെ മാലിന്യപ്രശ്നം രൂക്ഷമായി. ഇതാണു പുതിയ ഏജൻസിയെ ഏൽപ്പിക്കാൻ നഗരസഭ തീരുമാനിച്ചത്.
ഇതിൻ പ്രകാരം നഗരസഭ നൽകിയ പരസ്യത്തിന്റെ അടിസ്ഥാനത്തിൽ നിരവധി സ്ഥാപനങ്ങൽ അപേക്ഷ നൽകിയിട്ടുണ്ട്. ഈ അപേക്ഷയിൽ മേൽ അടുത്ത ദിവസം ചേരുന്ന നഗരസഭ കൗണ്‍സിൽ യോഗം പുതിയ ഏജൻസിയെ തീരുമാനിക്കും.
നഗരസഭയിലെ എല്ലാ വീടുകളിലും മാലിന്യസംസ്കരണത്തിനു ബക്കറ്റ് കന്പോസ്റ്റ് അടക്കം മാലിന്യ സംസ്കരണ പ്ലാന്റ് പുതിയ ഏജൻസിയെ ഉപയോഗിച്ച് നൽകാനാണ് നഗരസഭയുടെ തീരുമാനം.
വീടുകളിലെയും നഗരസഭ പ്രദേശത്തെ സ്ഥാപനങ്ങളിലെയും അജൈവ മാലിന്യങ്ങൾ ഹരിതകർമ സേന ശേഖരിക്കും. ഈ പ്രവർത്തനം കാര്യമായ രീതിയിൽ ഏകോപിപ്പിക്കാൻ പുതിയ ഏജൻസിക്ക് നിർദേശം നൽകും.