കോട്ടയം: കളക്ടറേറ്റ് വളപ്പിലെ എംപ്ലോയ്മെന്റ് എക്സചേഞ്ച് ഓഫീസിനു മുന്നിൽ തമ്മിൽ തല്ലിയശേഷം കത്തിവീശിയ വിദ്യാർഥികൾ പോലീസ് താക്കീത് നല്കി വിട്ടയച്ചു.
കോട്ടയം ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് വിദ്യാർഥികളെ പോലീസ് താക്കീത് ചെയ്തത്.
ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം. ജില്ലാ കളക്ടറേറ്റ് വളപ്പിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാൻ എത്തിയ വിദ്യാർഥികൾ ക്യൂ നിൽക്കുന്നതിനിടെ കാലിൽ ചവിട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലും കത്തിവീശലിലും കലാശിച്ചത്.
ക്യൂ നിൽക്കുന്നതിനിടെ ചെങ്ങളം സ്വദേശിയായ വിദ്യാർഥിയുടെ കാലിൽ വടവാതൂർ സ്വദേശിയായ വിദ്യാർഥി ചവിട്ടി.
ഇതേ ചൊല്ലിയുണ്ടായ തർക്കത്തിനിടെ വടവാതൂർ സ്വദേശിയെ ചെങ്ങളം സ്വദേശിയും സുഹൃത്തുക്കളും ചേർന്നു മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു.
ക്ഷുഭിതനായ വടവാതൂർ സ്വദേശി തന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തി. ഡിവൈഎസ്പി ഓഫിസിനു സമീപത്തെ ഇടനാഴിയിൽ ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഒരു വിദ്യാർഥി കത്തി വീശുകയായിരുന്നു.
സംഘർഷമറിഞ്ഞ് ഡിവൈഎസ്പി ഓഫിസിൽ നിന്നടക്കം പോലീസ് സംഘം സ്ഥലത്തെത്തി ഇതോടെ വിദ്യാർഥികൾ ചിതറിയോടി.
സംഘത്തിൽ ഒരാളെ പിടികൂടിയ പോലീസ് മറ്റുള്ള വിദ്യാർഥികളെയും വിളിച്ചു വരുത്തി.
സംഘർഷത്തിൽ പരിക്കേറ്റ രണ്ടു വിദ്യാർഥികൾ ജനറൽ ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നു. സംഘർഷത്തിൽ മർദമേറ്റവർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു.