കോട്ടയം: ജില്ലയിലേക്ക് വൻ തോതിൽ കഞ്ചാവ് ഒഴുകുന്നു. ഇന്നലെ നാലു കിലോഗ്രാം കഞ്ചാവുമായി ചങ്ങനാശേരിയിലെ ലോഡ്ജിൽ നിന്നും മൂന്നു പേരെ പിടികൂടിയതു എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് നടത്തിയ മൂന്നാമത്തെ വലിയ കഞ്ചാവ് വേട്ടയാണ്.
ഏതാനും ദിവസങ്ങൾക്കു മുന്പാണ് എക്സൈസ് അധികൃതർ കുറിച്ചിയിൽ നിന്നും 10 കിലോഗ്രാം കഞ്ചാവും കാറും, ഏലപ്പാറയിൽ നിന്നും നാലു കിലോഗ്രാം കഞ്ചാവും കാറും പിടികൂടിയത്. ഇതെല്ലാം സൂചിപ്പിക്കുന്നതു ജില്ലയിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തുന്നുവെന്നാണ്.
അഞ്ചുലക്ഷം!
ആലുവ അരീക്കൽ എബിൻ ജോയി (33), ചങ്ങനാശേരി വണ്ടിപ്പേട്ട പറാൽ സ്വദേശി ദിവാൻജി (34), ചങ്ങനാശേരി പുഴവാത് പാറാട്ട് താഴ്ചയിൽ അസീസ് (27) എന്നിവരെയാണ് ചങ്ങനാശേരി എക്സൈസ് സംഘം പിടികൂടിയത്.
ഇവരിൽ നിന്നും പിടികൂടിയ കഞ്ചാവിന് മാർക്കറ്റിൽ അഞ്ച് ലക്ഷം രൂപ വിലമതിക്കുമെന്ന് എക്സൈസ് സംഘം പറഞ്ഞു.
എബിൻ ജോയി മീൻ ലോറിയുടെ ഡ്രൈവറാണ്. ആന്ധ്രായിൽ മീൻ എടുക്കുന്നതിനായി പോകുന്ന എബിൻ കഞ്ചാവ് വാങ്ങി മീൻ ലോറിയിൽ ആലുവയിൽ എത്തിക്കുകയായിരുന്നു.
ഇവിടെ നിന്നും വിൽപ്പനയ്ക്കായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലേക്കു കൊണ്ടു പോവുകയാണ് പതിവ്. മീൻ ലോറിയിൽ കഞ്ചാവ് കൊണ്ടു പോകുന്നതിനാൽ പിടിക്കപ്പെടാനുള്ള സാധ്യത കുറവാണ്.
ഇത്തരത്തിൽ ചങ്ങനാശേരിയിൽ കൊണ്ടുവന്ന കഞ്ചാവ് പ്രതികളുടെ സുഹൃത്തുക്കൾ മുഖേനയാണ് ലോഡ്ജിൽ എത്തിച്ചത്.
ലോഡ്ജിൽ വെച്ച് കഞ്ചാവ് കൈമാറുന്നതിനിടെ ലോഡ്ജ് വളഞ്ഞെത്തിയ എക്സൈസ് സംഘം മുറികളിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയതും കഞ്ചാവ് പിടിച്ചെടുത്ത തും.
നിരവധി കഞ്ചാവ് കേസിലെ പ്രതികളാണ് പിടിയിലായവരെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഓണവിപണി ലക്ഷ്യമിട്ട് ലക്ഷകണക്കിന് രൂപയുടെ കഞ്ചാവാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് എത്തുന്നത്.
ആലുവ സംഘവുമായി ബന്ധം ?
കുറിച്ചിയിൽ വച്ച് ആലുവയിൽ നിന്നും എത്തിച്ച പത്ത് കിലോ കഞ്ചാവ് കാറിൽ നിന്നും എക്സൈസ് സംഘം പിടികൂടിയിരുന്നു.
ഇന്നലെ പിടികൂടിയ സംഘത്തിന് ആലുവ സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പരിശോധനകൾ കർശനമാക്കുമെന്നും എക്സൈസ് സംഘം അറിയിച്ചു.
എക്സൈസ് കമ്മീഷണർ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ആർ. രാജേഷ്, ഇൻസ്പെക്ടർ അൽഫോണ്സ് ജേക്കബ്, കമ്മീഷ്ണർ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ ഫിലിപ്പ് തോമസ്, കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ കെ.എൻ. സുരേഷ്കുമാർ, നജ്മുദ്ദീൻ, എൽ. ലിബിൻ,
ടി. ജിയേഷ്, കെ. ഷിജു, പ്രിവന്റീവ് ഓഫീസർമാരായ നിസാം, വി.എൻ. പ്രദീപ് കുമാർ, എം. നൗഷാദ്, ഡ്രൈവർ മനീഷ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.