കോട്ടയം: കോട്ടയം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ നാടകീയത വർധിപ്പിച്ച് ബിജെപി.
അവിശ്വാസത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ഇതുവരെയും പാർട്ടി തീരുമാനമെടുത്തിട്ടില്ല. ഇന്നലെ യോഗം ചേരാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഒടുവിൽ മാറ്റിവച്ചു.
ഇന്നു പാർട്ടിയുടെ കോർ കമ്മിറ്റി യോഗം ജില്ലാ കമ്മറ്റി ഓഫീസിൽ ചേർന്നു തീരുമാനമെടുക്കുമെന്നാണ് സൂചന.
പാർട്ടിയുടെ തീരുമാനം നേരത്തെ പുറത്തായാൽ അതനുസരിച്ചു യുഡിഎഫും എൽഡിഎഫും കരുക്കൾ നീക്കുമെന്നതിനാൽ കരുതലോടെ മാത്രം നിലപാടു പ്രഖ്യാപിക്കാനാണു ബിജെപിയുടെ തീരുമാനം.
നിലവിലെ സാഹചര്യത്തിൽ യുഡിഎഫിനും എൽഡിഎഫിനും അഗ്നി പരീക്ഷയാണ് അവിശ്വാസ പ്രമേയമെങ്കിൽ നിർണായക റോൾ ബിജെപിക്കാണ്.
ബിജെപി സ്വീകരിക്കുന്ന നിലപാട് ഇരു മുന്നണികൾക്കും ഒരുപോലെ നിർണായകമാണ്.
എട്ടംഗങ്ങളുള്ള ബിജെപി അവിശ്വാസത്തെ പിന്തുണച്ചാൽ, സാങ്കേതികമായി എൽഡിഎഫിനു നേട്ടമാണ്.
അവിശ്വാസം പാസാകും. ബിജെപിയുടെ പിന്തുണയോടെ അവിശ്വാസം പാസായെന്ന ദുഷ്പേര് ചർച്ചയാക്കാൻ സിപിഎം താത്പര്യപ്പെടുന്നില്ല.
ഈരാറ്റുപേട്ടയിൽ എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് ഭരണം അട്ടിമറിച്ചതിന്റെ ക്ഷീണം ഇതുവരെ പാർട്ടിയെ വിട്ടുമാറിയിട്ടില്ലെന്നതും സമ്മേളന കാലയളവാണെന്നതിനാലും സിപിഎം ശ്രദ്ധയോടെയാണ് നീങ്ങുന്നത്.
ബിജെപി വിട്ടുനിന്നാൽ, യുഡിഎഫിന് നേട്ടമാകും. തത്കാലത്തേക്കെങ്കിലും ഭരണ പ്രതിസന്ധി അവസാനിച്ചെന്ന് ആശ്വസിക്കാം.
ബിജെപി യുഡിഎഫിനൊപ്പമെന്ന ദുഷ്പേര് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി നിലപാട് നിർണായകമാകുക.
കോണ്‍ഗ്രസിന്റെ യോഗവും മാറ്റിവച്ചിരിക്കുകയാണ്. 18നു ചേർന്ന യോഗത്തിൽ പാർട്ടി തീരുമാനമെടുത്തുവെന്നു കൗണ്‍സിലർമാർ പറഞ്ഞു. വിപ്പ് രണ്ടു ദിവസത്തിനുള്ളിൽ അംഗങ്ങൾക്കു ലഭിക്കും.
നാളെ വൈകുന്നേരമോ വെള്ളിയാഴ്ച രാവിലെയോ കോണ്‍ഗ്രസ് കൗണ്‍സിലർമാരുടെ യോഗം വീണ്ടും ചേരും.