കോട്ടയം: ജില്ലയിൽ പോത്തിറച്ചിക്കു ഈടാക്കുന്ന കൊള്ള നിയന്ത്രിക്കാൻ ഭക്ഷ്യമന്ത്രിയുടെ മറുപടിക്കായി ജില്ലാ പഞ്ചായത്ത് കാത്തിരിക്കുന്നു.
മറുപടി ലഭിച്ചാൽ ഉടൻ തന്നെ വില ഏകീകരണത്തിനു നടപടി സ്വീകരിക്കാനാണ് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. ജില്ലയിൽ പോത്തിറച്ചിയ്ക്കു 360 മുതൽ 380 രൂപ വരെയാണ് വിവിധ പ്രദേശങ്ങളിൽ ഈടാക്കുന്നത്.
മറ്റു ജില്ലകളെ അപേക്ഷിച്ചു കോട്ടയം ജില്ലയിലാണ് കൂടുതൽ വില ഈടാക്കുന്നതെന്ന് കാണിച്ചു മുളക്കുളം സ്വദേശി കെ.വി. ജോർജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നിർമല ജിമ്മിക്ക് കത്തയച്ചു. തുടർന്ന് അന്വേഷണം നടത്തിയശേഷം നിർമ്മല ജിമ്മി ഇക്കാര്യത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട കത്ത് ഉൾപ്പടെ ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന് കൈമാറുകയായിരുന്നു.
ഇതര ജില്ലകളിൽ പോത്തിറച്ചി കിലോയ്ക്ക് ശരാശരി 280 രൂപ ഈടാക്കുന്പോൾ കോട്ടയം ജില്ലയിലെ പോത്തിറച്ചി എന്താ സ്വർണം പൂശിയതാണോ എന്ന പരാമർശത്തോടെയാണ് കെ.വി. ജോർജ് നിർമല ജിമ്മിക്ക് കത്ത് അയച്ചത്.
250 രൂപയിൽ താഴെ ഈടാക്കാവുന്ന കാളയിറച്ചിയും മൂരിയിറച്ചിയുംവരെ ജില്ലയിൽ പോത്തിറച്ചി എന്ന ബ്രാൻഡിൽ 360-380 രൂപ നിരക്കിൽ വിറ്റുവരുന്നതിനെതിരേയും നടപടിയില്ലെന്നും കത്തിൽ പറയുന്നു.
ഇടുക്കിയിൽ 300-320, എറണാകുളം 280-300, തൃശൂർ 290-300, കണ്ണൂരിൽ 300 രൂപ നിരക്കിലാണ് വിൽപന. മറ്റ് ജില്ലകളിൽ പോത്തിറച്ചി കൊത്തിനുറുക്കി കറിവയ്ക്കാൻ പാകത്തിനു നൽകുന്പോൾ ജില്ലയിൽ നുറുക്കാൻ കിലോയ്ക്ക് പത്തു രൂപ അധികം നൽകണം.
ഇതര ജില്ലകളിൽ എന്നപോലെ വടക്കേ ഇന്ത്യയിൽ നിന്നുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ട്രെയിനുകളിലും ട്രക്കുകളിലും മാടുകളെ കൊണ്ടുവന്ന് തമിഴ്നാട്ടിലെ കച്ചവടക്കാർ മുഖേനയാണു കേരളത്തിലുടനീളം വിൽക്കുന്നത്.
ഇറച്ചിക്കു മാത്രമല്ല കറിയെല്ലിനും മറ്റ് ജില്ലകളില്ലാത്ത നിരക്കാണ് ഈടാക്കുന്നത്. മലപ്പുറം ജില്ലയിൽ കിലോയ്ക്ക് 250 രൂപ നിരക്കിൽ പെരുന്നാൾ വേളകളിൽ പോത്തിറച്ചി വിൽക്കുന്ന സാഹചര്യത്തിലാണു വിദേശ രാജ്യങ്ങളെക്കാൾ ഉയർന്ന നിരക്കിൽ കോട്ടയം ജില്ലയിലെ പോത്തിറച്ചി വിൽപന എന്നും പരാതിയിൽ പറയുന്നു.
പന്നിയിറച്ചി വിലയിലും മുന്നിൽ കോട്ടയം
എറണാകുളം ജില്ലയുടെ വിവിധയിടങ്ങളിൽ എല്ല് നീക്കം ചെയ്ത് 200 രൂപയ്ക്ക് പന്നിയിറച്ചി വിൽക്കുന്പോൾ കോട്ടയം ജില്ലയിൽ എല്ലുൾപ്പെടെ 250-270 രൂപ നിരക്കിൽ വിൽക്കുന്നു.
പന്നിയിറച്ചിക്കും സംസ്ഥാനത്ത് ഏറ്റവും ഉയർന്ന നിരക്ക് കോട്ടയം ജില്ലയിലാണ്.എറണാകുളം ജില്ലയിലെ ഫാമുകളിൽനിന്നാണ് ജില്ലയിൽ കൂടുതലായി പന്നികളെ കശാപ്പുശാലകളിൽ എത്തിക്കുന്നത്.
ഇറച്ചിവിലയ്ക്ക് നിയന്ത്രണവും ഏകോപനവും ഏർപ്പെടുത്താൻ അധികാരം ജില്ലാ പഞ്ചായത്തിനും പ്രസിഡന്റിനും ഉണ്ടെന്നതിനാലാണ് ജോർജ് വിശദമായ കത്ത് അയച്ചത്.