ചിങ്ങവനം: കുറിച്ചിയിൽ കോവിഡ് വാക്സിനേഷൻ വിതരണത്തിലെ രാഷ്ട്രീയ ഇടപെടലെന്നും തൽപര കക്ഷികൾക്കു മാത്രം വാക്സിൻ ലഭിക്കുന്നു എന്നും പരാതി.
കുറിച്ചി, സചിവോത്തമപുരം സിഎച്ച്സിയിൽ നടക്കുന്ന വാക്സിൻ വിതരണത്തിലാണ് വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്.
ഇതിനെതിരേ യൂത്ത് കോണ്‍ഗ്രസ് ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുകയാണ്. വാക്സിൻ വിതരണത്തിൽ പഞ്ചായത്തുകൾക്ക് യാതൊരുവിധ ചുമതലകളും നൽകിയിട്ടില്ലെങ്കിലും തങ്ങളുടെ സ്വന്തക്കാർക്കു മാത്രമായി വാക്സിൻ വിതരണം നടത്തുകയാണ്.
കിടപ്പ് രോഗികൾക്കും ബന്ധുക്കൾക്കും വീട്ടിലെത്തി വാക്സിൻ നൽകാമെന്നുള്ള ഉത്തരവിന്റെ മറവിൽ പ്രദേശത്ത് തങ്ങളുടെ ആൾക്കാർക്കു മാത്രം വാക്സിൽ നൽകി വരുന്നു.
വിതരണത്തിലെ ക്രമക്കേട് അവസാനിപ്പിക്കാത്ത പക്ഷം കുറിച്ചിയിൽ യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് നിജുമോൻ വാണിയപ്പുരയിൽ അറിയിച്ചു.