കോട്ടയം: സിപിഎം ജില്ലാ സമ്മേളനത്തിനു കൊടി ഉയർന്നു. സിപിഎമ്മിന്റെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സംസ്ഥാന നേതാക്കളും കഴിഞ്ഞ നാലുവർഷത്തെ പാർട്ടിയുടെ നേട്ടങ്ങളും കോട്ടങ്ങളും ചർച്ച ചെയ്യാൻ തുടങ്ങി.
കോട്ടയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിലാണ് സമ്മേളനം. പ്രതിനിധി സമ്മേളനം മാമ്മൻ മാപ്പിള ഹാളിലെ വി.ആർ. ഭാസ്കരൻ നഗറിലും പൊതുസമ്മേളനം തിരുനക്കര മൈതാനത്തും അനുബന്ധ പരിപാടികൾ പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തുമാണ്.
150 പ്രതിനിധികളും 39 ജില്ലാ കമ്മിറ്റിയംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഇന്നു രാവിലെ നീണ്ടൂർ രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തിൽ നിന്നും എത്തിച്ച ദീപശിഖ തെളിഞ്ഞതോടെ പ്രതിനിധി സമ്മേളന നഗറായ മാമ്മൻ മാപ്പിള ഹാളിൽ പാർട്ടി കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ പതാക ഉയർത്തി.
പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിജെപിക്ക് എതിരേ മതനിരപേക്ഷ സഖ്യം കേന്ദ്രത്തിൽ രൂപപ്പെടുകയാണെന്നും ഇടതുപക്ഷത്തിന് ഇതിൽ നിർണായക പങ്കാണ് വഹിക്കാനുള്ളതെന്നും രാമചന്ദ്രൻപിള്ള പറഞ്ഞു.
എൽഡിഎഫിന്റെ തുടർ ഭരണത്തിൽ ആരും അഹങ്കരിക്കരുതെന്നും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും നേട്ടങ്ങളും ജനങ്ങളിലെത്തിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും എസ്ആർപി പറഞ്ഞു.
രണ്ടില തണലിൽ സിപിഎം തളിർത്തതായി പ്രവർത്തന റിപ്പോർട്ട്
കോട്ടയം: കേരള കോണ്ഗ്രസ് എമ്മിന്റെ ഇടതുമുന്നണിയിലേക്കുള്ള വരവ് ജില്ലയിൽ സിപിഎമ്മിനു വലിയ മുന്നേറ്റമുണ്ടാക്കിയതായി പ്രവർത്തന റിപ്പോർട്ട്.
ന്യൂനപക്ഷങ്ങൾ പാർട്ടിയിലേക്ക് കൂടുതലായി വരുകയും അടുക്കുകയും ചെയ്തതായി പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ പാലായിലെയും കടുത്തുരുത്തിയിലേയും തോൽവി ജാഗ്രത കുറവുമൂലം സംഭവിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം ജില്ലാ സെക്രട്ടറി എ.വി.റസലാണ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്.
ഗ്രൂപ്പ് ചർച്ചയ്ക്കു ശേഷം വൈകുന്നേരത്തോടെ പൊതു ചർച്ചയും ആരംഭിച്ചു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ. വിജയരാഘവൻ,
വൈക്കം വിശ്വൻ, ഡോ. ടി.എം. തോമസ് ഐസക്, പി.കെ. ശ്രീമതി, എം.സി. ജോസഫൈൻ, എളമരം കരിം സംസ്ഥാന സെക്രട്ടേറിയേറ്റംഗങ്ങളായ എം.എം. മണി, കെ.ജെ. തോമസ്, പി. രാജീവ്, സംസ്ഥാന സമിതിയംഗം വി.എൻ. വാസവൻ എന്നിവർ സമ്മേളത്തിൽ മുഴുവൻ സമയവും പങ്കെടുക്കുന്നുണ്ട്.