കോട്ടയം: ഡിസിസി പ്രസഡന്റിനെ പ്രഖ്യാപിച്ചതുപോലെ കെപിസിസി ഭാരവാഹികളുടെ കാര്യത്തിലും സീനിയർ നേതാക്കളെ തഴഞ്ഞതായി സൂചന.
ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ കെപിസിസി ഭാരവാഹിയാക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഉമ്മൻചാണ്ടിയുടെ സമ്മതം ഇതുവരെ ലഭിച്ചിട്ടില്ല.
ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ച സമയം മുതൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണ് ഉമ്മൻചാണ്ടി. എ ഗ്രൂപ്പിനുള്ളിലും ഉമ്മൻചാണ്ടിക്കു പിന്തുണ ലഭിക്കാതെയായി. കെ.സി. ജോസഫ് മാത്രമാണ് ഉമ്മൻ ചാണ്ടിക്ക് ഒപ്പമുള്ളത്.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആന്റോ ആന്റണിയുൾപ്പെടെ ചേർന്ന് എ ഗ്രൂപ്പിനുള്ളിൽ പുതിയ ഗ്രൂപ്പ് രൂപപ്പെട്ടു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പിന്തുണ നൽകുന്ന നയമാണു പുതിയ ഗ്രൂപ്പിനുള്ളത്.
കെപിസിസി ഭാരവാഹികളുടെ ലിസ്റ്റ് ഇന്നോ നാളെയോ പ്രഖ്യാപിക്കാനിരിക്കെ ജില്ലയിൽനിന്നും രണ്ടു പ്രമുഖ നേതാക്കൾ ലിസ്റ്റിൽ ഇടം നേടിയതായി പ്രഥമ സൂചന.
നിലവിലെ കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനി, കെപിസിസി സെക്രട്ടറിയും യുഡിഎഫ് ജില്ലാ കണ്‍വീനറുമായ ജോസി സെബാസ്റ്റ്യനുമാണ് ഭാരവാഹി ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. ഇരുവരും ഭാരവാഹിത്വത്തിൽ അഞ്ച് വർഷം പൂർത്തിയായിട്ടില്ല.
ഗ്രൂപ്പുകൾക്ക് അതീതനെന്നതാണ് ടോമി കല്ലാനിക്കു ഗുണമായത്. കൂടാതെ ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി എന്നി നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതും ടോമിക്കു ഗുണമായി.
കോണ്‍ഗ്രസിൽ പുതുതായി രൂപപ്പെട്ട ചേരിയുടെ ആളാണ് ജോസി സെബാസ്റ്റ്യൻ. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ശക്തമായ പിന്തുണയാണ് ജോസി സെബാസ്റ്റ്യനുള്ളത്.
ഭാരവാഹി പട്ടിക കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനു കൈമാറിയെങ്കിലും ലിസ്റ്റ് അന്തിമമായിട്ടില്ലെന്നാണു വിവരം.
സാമൂദായിക പരിഗണനയ്ക്ക് ഉൗന്നൽ നൽകിയാൽ നിലവിലെ കെപിസിസി സെക്രട്ടറി പി.എ. സലിമും മുൻ എംഎൽഎ വി.പി. സജീന്ദ്രനും ഭാരവാഹി പട്ടികയിൽ ഇടംതേടും.
നിലവിൽ കെപിസിസി സെക്രട്ടറിമാരായ പി.ആർ. രഘുറാം, ഡോ. പി.ആർ. സോന, സുധാ കുര്യൻ എന്നിവരെ ഒഴിവാക്കും.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും കെപിസിസി സെക്രട്ടറിയായിരുന്നു. ഇതിൽ ഫിലിപ്പ് ജോസഫിന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് ഐ ഗ്രൂപ്പ് നിർദേശിച്ചിട്ടുണ്ട്. എ ഗ്രൂപ്പിനുള്ളിലെ പുതിയ ഗ്രൂപ്പ് പി.എ. സലീം, വി.പി. സജീന്ദ്രൻ എന്നിവരെയാണ് നിർദേശിക്കുന്നത്.
ഡിസിസി പ്രസിഡന്റ് പ്രഖ്യാപനത്തോടെ ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റം വന്നു. കെപിസിസി ഭാരവാഹികളെ പ്രഖ്യാപിക്കുന്നതോടെ വീണ്ടും ഗ്രൂപ്പു പ്രവർത്തനം സജീവമാകും.