കോട്ടയം: ഗുണ്ടാസംഘങ്ങളുടെ വിളയാട്ടംകൊണ്ടു കോട്ടയംകാർ മടുത്തു. ഓരോ ദിവസവും ഗുണ്ടകളുടെ വിവിധ അക്രമസംഭവങ്ങളാണു കോട്ടയത്ത് അരങ്ങേറുന്നത്.
ഇതര സംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണംതട്ടിയതിന് ഇന്നലെ ഗുണ്ടകളെ പോലീസ് പിടികൂടി. പിടിക്കപ്പെട്ടവർ ഏറെയും നിരവധി ക്രമിനിൽ കേസുകളിലെ പ്രതികളാണ്.
നാട്ടകം മറിയപ്പള്ളി കളപ്പൂർ കെ.പി. ബാബു (അമ്മിണി ബാബു – 54), കുമാരനല്ലൂർ പെരുന്പായിക്കാട് സലിം മൻസിലിൽ എസ്.ബി. ഷംനാസ് (37), വടവാതൂർ പ്ലാമ്മൂട്ടിൽ സാബു കുര്യൻ (ചാച്ച – 38), അയ്മനം പൂന്ത്രക്കാവ് പതിമറ്റം കോളനി ജയപ്രകാശ് (മൊട്ട പ്രകാശ് – 42) എന്നിവരാണു പിടിയിലായത്.
അസം സ്വദേശിയും മാങ്ങാനത്ത് കുടുംബ സമേതം വാടകയ്ക്കു താമസിക്കുന്ന ആളുമായ അലി അക്ബറി(31)നെയാണ് ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം തട്ടിയത്. 12 വർഷം മുന്പ് കേരളത്തിൽ എത്തിയ ഇയാൾ ഇന്റർലോക്ക് നിർമാണം നടത്തിയാണ് ജീവിക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം കോട്ടയം മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ എത്തിയ അലിയെ രണ്ടു ഓട്ടോറിക്ഷകളിലായി എത്തിയ നാലംഗ സംഘം ബലമായി ഓട്ടോയിൽ വലിച്ചു കയറ്റി കോട്ടയം ടൗണിലും കോടിമത, പുതുപ്പള്ളി ഭാഗങ്ങളിലും കൊണ്ടുപോയി മർദ്ദിക്കുകയുമായിരുന്നു.
പിന്നീട് കോടിമതയ്ക്കു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഇയാളെ ബന്ദിയാക്കി വച്ചു. അരലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ ഇയാളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പ്രതികൾ അലിയുടെ വീട്ടിൽ വിളിച്ച് അരലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ഭീഷണി മുഴക്കുകയും ചെയ്തു.
തുടർന്ന് അലിയുടെ സുഹൃത്ത് 30,000 രൂപ കോടിമത ഭാഗത്ത് എത്തി ബാബുവിനു നൽകി. ബാക്കി 20,000 രൂപ വെള്ളിയാഴ്ച ഉച്ചയോടെ കൈമാറണമെന്നു പ്രതികൾ ആവശ്യപ്പെട്ടു. 30,000 രൂപ കിട്ടിയതോടെ അലിയെ പ്രതികൾ വിട്ടയച്ചു. തുടർന്നാണ് അലി പോലീസിൽ പരാതി നൽകിയത്.
പിടിയിലായവരുടെ പേരിൽ ചിങ്ങവനം, ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ്, വെസ്റ്റ് പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എം.ജെ അരുണ്, ടി. ശ്രീജിത്ത്, സുമേഷ്, അഖിൽ ദേവ്, കുര്യൻ മാത്യു, കെ.പി. മാത്യു, പി.എൻ. മനോജ്, കെ.കെ. സന്തോഷ്, ടി.ജെ. സജീവ്, സി.കെ. നവീൻ, സി. സുദീപ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.