കോട്ടയം: രണ്ടാഴ്ചയായി നിലനിന്ന ആശങ്കയ്ക്കു വിരാമമിട്ടു കോട്ടയം മാർക്കറ്റിൽ കോവിഡ് രോഗ വ്യാപനമില്ലെന്ന് ആരോഗ്യവിഭാഗം. കഴിഞ്ഞ മൂന്നു ദിവസമായി മാർക്കറ്റിലെ വ്യാപാരികളെയും അനുബന്ധതൊഴിലാളികളെയും പരിശോധിച്ചപ്പോഴാണു കോവിഡ് വ്യാപനമില്ലെന്നു വ്യക്തമായത്.
രോഗ വ്യാപനമില്ലെന്നു വ്യക്തമായതോടെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കച്ചവടം സജീവമാക്കാനാണു വ്യാപാരികളുടെ തീരുമാനം.
ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തിൽ കോട്ടയം മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ മാർക്കറ്റിൽ വ്യാപാര സ്ഥാപന ഉടമകൾ, ജീവനക്കാർ, കയറ്റിറക്ക് തൊഴിലാളികൾ എന്നിവരിലായി 852 പേരുടെ കോവിഡ് പരിശോധയാണു പൂർത്തിയാക്കിയത്.
മുൻകരുതലോടെ മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടു പോകുമെന്ന് അസോസിയേഷൻ അറിയിച്ചു.