ഗാന്ധിനഗർ: രോഗീപരിചരണം കടമ നിറവേറ്റലല്ല, മഹത്തായ സേവനമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു കോവിഡ് കാലം.
കൊറോണ വൈറസ് ബാധിതരായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കു ശേഷം മടങ്ങിയവർ ഒറ്റ സ്വരത്തിൽ പറയുന്നു; ഇവർ ഭൂമിയിലെ മാലാഖമാർ. ഇക്കാലയളവിൽ നവമാധ്യമങ്ങളിൽ ഉൾപ്പെടെ ഉയർന്നു കേട്ടതും ഇതേ അലയൊലികൾ തന്നെ.
കോവിഡ് പിടിപെട്ട ആദ്യ രോഗി മുതൽ 22 രോഗികൾ മടങ്ങിയപ്പോഴും മറ്റു നിരവധി പകർച്ച വ്യാധികൾ പടർന്നപ്പോഴും ഇവരുടെ സേവനം ഏറെ ശ്രദ്ധേയമായിരുന്നു.
സഹ പ്രവർത്തകയ്ക്കു രോഗം പടർന്നപ്പോൾ ഭീതിയുണ്ടായില്ലെന്നും ഇവിടെത്തിയവരെ ജീവിതത്തിലേക്കു തിരികെ എത്തിക്കാനായതിൽ വളരെ അഭിമാനമുണ്ടെന്നും നഴ്സസ് ദിനത്തിൽ ഓർമിപ്പിക്കുകയാണ് കോട്ടയം മെഡിക്കൽ കോളജിലെ നഴ്സുമാർ.
കോവിഡ് രോഗികളെ പരിചരിക്കുവാൻ നഴ്സുമാർ സ്വയം മുന്നിട്ടിറങ്ങി. ഇറ്റലിയിൽ നിന്നെത്തിയ റാന്നി ഐത്തല സ്വദേശികളുടെ ബന്ധുക്കളായ വയോധിക ദന്പതികളും കോട്ടയം ചെങ്ങളത്തെ യുവ ദന്പതികളുമാണ് ചികിത്സയ്ക്കായ് ആദ്യം എത്തിയത്.
സൂപ്രണ്ട് ഡി. പ്രസന്ന, ഹെഡ്നഴ്സ് സിന്ധു എന്നിവരുടെ നേതൃത്തിൽ 25 അംഗ നഴ്സ്മാരാണ് അവരെ പരിചരിച്ചത്. ഇതിനിടയിൽ നഴ്സ് രേഷ്മാ മോഹൻദാസിനും രോഗബാധയുണ്ടായി.
പുറത്തു നിന്നുള്ള രോഗികൾക്കു പുറമേ സഹപ്രവർത്തകയായ രേഷ്മയേയും പരിചരിച്ച് സുഖപ്പെടുത്തി വീട്ടിലേക്കു മടക്കി. പകർച്ചവ്യാധി വിഭാഗം മേധാവിയും കോവിഡ് 19 നോഡൽ ഓഫീസറുമായ ഡോ.ആർ. സജിത്കുമാറും ഡോ. ഹരികൃഷ്ണനും നഴ്സുമാർക്ക് പിന്തുണയേകി.
കോട്ടയം മെഡിക്കൽ കോളജിൽനിന്നും കഴിഞ്ഞ 15ന് കാസർഗോഡ് മെഡിക്കൽ കോളജിൽ പോയ 25 അംഗ സംഘത്തിലും 10 നഴ്സുമാർ ഉണ്ടായിരുന്നു.
കോവിഡ് ബാധിതർ രണ്ടാം ഘട്ടത്തിൽ ഇവരുടെ പരിചരണത്തിന് എത്തുന്നത് കഴിഞ്ഞ 22നാണ്. ജില്ലയിൽ നിന്ന് 15 പേരും ഇടുക്കിയിൽ നിന്ന് ഒരാളും മെഡിക്കൽ കോളജ് കൊറോണ ഐസൊലേഷൻ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു.
ഹെഡ് നഴ്സുമാരായ എ. അജിത, ലിസി ജോർജ്, സ്റ്റാഫ് നഴ്സ്മാരായ അന്ന ജോണ്, പി.ജെ. ഗീത, വിമല വർഗീസ്, എ.ആർ. ടിങ്കുമോൾ, ജയലക്ഷ്മി എം. നായർ, ബബ്ലി കൃഷ്ണൻ, കെ.കെ. മിനിമോൾ, ആരണ്യ മധു, അഞ്ജന മധു, നീതു എലിസബത്ത്, ഷൈനി മാത്യു, നീനു എം. മൈക്കിൾ, കെ.കെ. അഞ്ജന , എം.എസ്. രമ്യമോൾ, മിനു മൈക്കിൾ എന്നിവരായിരുന്നു രോഗം ഭേദമായി അവസാനത്തെ ആളും വീട്ടിലേക്കു മടങ്ങുന്നതുവരെ പരിചരിച്ചത്.