കോട്ടയം: കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കുറയുകയും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ ലഭിച്ചതോടെ നഗരം പോസിറ്റീവായി.
ഇപ്പോള്‍ നഗരത്തില്‍ രാവിലെയും വൈകുന്നേരവും നല്ല തിരക്കാണ്. മാര്‍ക്കറ്റിലും സൂപ്പര്‍മാര്‍ക്കറ്റിലും കവലകളിലും ചില സമയങ്ങളില്‍ നല്ല ആള്‍ക്കൂട്ടമാണ്.
ആളുകള്‍ പുറത്തിറങ്ങുമ്പോഴും മാസ്ക് ധരിക്കാറുണ്ടെങ്കിലും സാമൂഹ്യ അകലവും കോവിഡ് പ്രോട്ടോകോളും പലപ്പോഴും പാലിക്കാറില്ല.
ഒറ്റ, ഇരട്ട നമ്പര്‍ അക്കത്തില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും പല റൂട്ടുകളിലും യാത്രാക്ലേശം രൂക്ഷമാണ്.
ബസുകളില്‍ ആളുകളെ നിര്‍ത്തിയുള്ള യാത്ര അനുവദിക്കുന്നില്ലെങ്കിലും രാവിലെയും വൈകുന്നേരവും ഇടറൂട്ടുകളിലെ ബസുകളില്‍ ആളുകള്‍ നിന്നും യാത്ര ചെയ്യുന്നുണ്ട്.
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്കൊപ്പം നഗരത്തിനു സമീപ പ്രദേശങ്ങളിലേക്ക് ഓര്‍ഡിനറി സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്.
ഇടവേളയ്ക്കു ശേഷം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡും തിരുനക്കര, നാഗമ്പടം ബസ്റ്റാന്‍ഡുകള്‍ സജീവമായി. ബേക്കര്ജംഗ്ഷന്, ലോഗോസ്, കെഎസ്ആര്‍ടിസി, ശാസ്ത്രി റോഡ് ബസ്റ്റോപ്പുകളിലും ആളനക്കമായി.
സ്വകാര്യ ബസുകളുടെ ഒറ്റ, ഇരട്ട നമ്പര്‍ വ്യവസ്ഥ പിന്‍വലിക്കണമെന്നും എല്ലാ ബസുകളും സര്‍വീസ് നടത്തിയാല്‍ മാത്രമേ കച്ചവടം വര്‍ധിക്കുകയുള്ളുവെന്ന് ബസ്റ്റാന്‍ഡുകളിലെ വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ പറഞ്ഞു.
വ്യാപാര സ്ഥാപനങ്ങള്‍ ഭൂരിഭാഗവും അനുവദിച്ച സമയങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. മാസ്ക് ധരിച്ചാണ് കടയുടമയും ജീവനക്കാരും. സാമൂഹ്യ അകലം കര്‍ശനമായി പാലിച്ചാണ് ആളുകള്‍ കടയിലെത്തുന്നത്.
ഇതു പാലിക്കുന്നുണ്ടോ എന്ന പരിശോധനയും പോലീസും ആരോഗ്യ വകുപ്പ് അധികൃതരും നടത്തുന്നുണ്ട്. ഹോട്ടലുകളില്‍ ഇപ്പോഴും പാഴ്സല്‍, ഹോം ഡെലിവറി സര്‍വീസാണ്.
ആളുകളെ കുറച്ച് ഇരുത്തി കഴിക്കാന്‍ അനുവദിക്കണമെന്നാണ് ഹോട്ടലുടമകള്‍ ആവശ്യപ്പെടുന്നത്. ഹോംഡെലിവറി കമ്പനിക്കാരുടെ വാഹനങ്ങള്‍ നഗരത്തില്‍ എപ്പോഴും സജീവമാണ്.
ലോക്ഡൗണ്‍ ഇളവുകള്‍ രാഷ്്ട്രീയക്കാരും ഉപയോഗിക്കാന്‍ തുടങ്ങി. അനുവദിനീയമായ ആളുകളെ പങ്കെടുപ്പിച്ചുള്ള സമരപരിപാടികളും ജില്ലാ തല യോഗങ്ങളും എല്ലാ രാഷ്്ട്രീയ പാര്‍ട്ടിക്കാരും ആരംഭിച്ചു.
രാത്രി ഏഴിനു ശേഷം നഗരത്തില്‍ തിരക്ക് കുറവാണ്. തട്ടുകടകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല. ചില തട്ടുകടകള്‍ പാഴ്സല്‍ സര്‍വീസ് നടത്തുന്നുണ്ട്.
മൊബൈല്‍ ഫോൺ കടകള്‍, ഹോം അപ്ലൈയന്‍സ് കടകള്‍, വര്‍ക്ക് ഷോപ്പുകള്‍, മെക്കാനിക്കല്‍ കടകള്‍ എന്നിവിടങ്ങളില്‍ നല്ല തിരക്കാണ്.
വസ്ത്രശാലകളിലും ജ്വല്ലറികളിലും തിരക്കായിട്ടില്ല. ഓട്ടോ ടാക്സി സര്‍വീസുകളും സജീവമായി. ഓട്ടോ സ്റ്റാന്‍ഡുകളില്‍ ഓരോ ദിവസവും ഓട്ടോറിക്ഷകളുടെ എണ്ണം കൂടുന്നുണ്ട്. രണ്ടു പേരെ മാത്രം യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളുവെന്ന നിയമം ഓട്ടോക്കാര്‍ക്ക് വിനയാകുന്നുണ്ട്.