കോട്ടയം: കളക്ഷനിൽ ഏറെ മുന്നിലുള്ള കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾ ഏറെയും വൈകാതെ നിരത്തൊഴിയും. സൂപ്പർ ഫാസ്റ്റുകളുടെ പെർമിറ്റ് കാലാവധി ഒന്പതു വർഷമാക്കണമെന്ന കെഎസ്ആർടിസി നിർദേശം സർക്കാർ അംഗീകരിക്കാതെ വന്നതോടെ ജില്ലയിൽ വിവിധ ഡിപ്പോകളിലെ 20 സൂപ്പർ ഫാസ്റ്റുകൾ രണ്ടു മാസത്തിനുള്ളിൽ പിൻവലിക്കേണ്ടിവരും.
സംസ്ഥാന തലത്തിൽ നാനൂറിലേറെ സൂപ്പർ ഫാസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതോടെ കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിൽ യാത്രാക്ലേശം വർധിക്കും. ദീർഘദൂര സർവീസുകൾ നടത്തുന്ന സൂപ്പർ ഫാസ്റ്റ് പെർമിറ്റ് ബസ് അഞ്ചു വർഷം ഓടാനായിരുന്നു മുന്പ് അനുമതി. പിന്നീട് ഏഴു വർഷമായി സർവീസ് കാലം നീട്ടിയിരുന്നു. പുതിയ ബസുകൾ ഇറക്കാൻ പണമില്ലാത്ത സാഹചര്യത്തിലാണ് നിലവിലുള്ള ബസുകളുടെ ആയുസ് നീട്ടാൻ കെഎസ്ആർടിസി താത്പര്യം ഉന്നയിച്ചത്.
കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 100 പുതിയ ബസുകൾ മാത്രമേ കെഎസ്ആർടിസിക്ക് പുതുതായി വാങ്ങാനായുള്ളു. ഇതിൽ 80 എണ്ണവും ഫാസ്റ്റ് പാസഞ്ചറായായാണ് നിരത്തിലിറങ്ങിയത്.
ഈ ബസുകൾ വാങ്ങിയതിൽ 18 കോടി രൂപ അശോക് ലൈലാൻഡ് കന്പനിക്ക് നൽകേണ്ടതുള്ളതിനാൽ പുതിയ ചേസുകൾ ലഭിക്കില്ല. ഇക്കൊല്ലം പുതിയ ബസുകളൊന്നും ജില്ലയിൽ എത്തിയിട്ടില്ല. ദിവസം 350 മുതൽ 500 കിലോമീറ്റർ വരെയാണ് സൂപ്പർ ഫാസ്റ്റുകൾ ഓടുന്നത്. നാൽപതിനായിരം രൂപ വരെ പ്രതിദിന കളക്ഷനുള്ള ബസുകളാണിത്.
അന്തർസംസ്ഥാനം ഉൾപ്പെടെ ദീർഘദൂര ബസുകൾ പിൻവലിച്ചാൽ യാത്രക്കാർക്കുണ്ടാകുന്ന ദുരിതം ഏറെയാണ്. ഏഴു വർഷം കഴിഞ്ഞാൽ സൂപ്പർ ഫാസ്റ്റുകൾ സാധാരണ ഫാസ്റ്റ് പാസഞ്ചറുകളാക്കി മൂന്നു വർഷം കൂടി ഓടിക്കുകയായിരുന്നു പതിവ്. തുടർന്ന് ഓർഡിനറി സർവീസുകൾക്കായി മാറ്റണമെന്നതാണ് ചട്ടം.