കോട്ടയം: കോട്ടയം നഗരത്തിൽ ലഹരിമാഫിയ പിടിമുറുക്കുന്പോൾ ആവശ്യക്കാരായി പെണ്‍കുട്ടികളും രംഗത്ത്. സ്കൂൾ-കോളജ് വിദ്യാർഥികളാണ് ഇതിൽ ഏറിയ പങ്കും.
കഴിഞ്ഞ വെള്ളിയാഴ്ച നഗരത്തിലെ ഒരു ചിക്കൻ വിഭവ ഭക്ഷണ ശാലയിൽ പോലീസ് നടത്തിയ പരിശോധനയിൽ തൊഴിലാളിയായ പെണ്‍കുട്ടിയിൽനിന്നു മൂന്നു പാക്കറ്റ് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇത്തരത്തിൽ ലഹരി ഉപയോഗത്തിലും വിതരണത്തിലും പെണ്‍കുട്ടികൾ വ്യാപകമാകുന്നതായി പോലീസ് പറയുന്നു.
നഗരത്തിൽ വളരെ തിരക്കേറിയ ഭക്ഷണ ശാലയിലെ ജീവനക്കാരിയായ പെണ്കുട്ടിയിൽനിന്നുമാണു പോലീസ് കഞ്ചാവ് പിടികൂടിയത്. ആവശ്യക്കാർ പെണ്‍കുട്ടിയെ കാണാനായി ഇവിടെയെത്തുന്നു. ഭക്ഷണ ശാലയായതിനാൽ മറ്റുള്ളവർ സംശയിക്കുകയില്ല.
നഗരത്തിൽ പലയിടങ്ങളിലും മറ്റുള്ള കച്ചവടങ്ങളുടെ മറവിൽ കഞ്ചാവ് വിപണനം നടക്കുന്നുണ്ടെന്നാണു വിലയിരുത്തുന്നത്. ഇത്തരത്തിൽ പെണ്‍കുട്ടികൾ ഭാഗമാകുന്ന നിരവധി സംഭവങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
കഴിഞ്ഞ ദിവസം സഹപാഠിയായ പെണ്‍കുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്തു ഭീഷണിപ്പെടുത്തിയ സംഭവത്തിലും സ്കൂൾ വിദ്യാർഥിനികളാണു പ്രതികളായിരിക്കുന്നത്. പണം തട്ടാനുള്ള ശ്രമമായിരുന്നു അത്.
കഴിഞ്ഞ ദിവസം 10 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു. കേരളത്തിലെ വിവിധ കോളജുകളിൽ വിതരണം ചെയ്യാനുള്ളതായിരുന്നു അതെന്നാണു പ്രാഥമിക വിലയിരുത്തൽ.
ആണ്‍കുട്ടികൾക്കു പുറമേ പെണ്‍കുട്ടികളും ഇപ്പോൾ കഞ്ചാവ് മാഫിയയുടെ കയ്യാളാകുകയാണ്. ഉപയോഗത്തിനൊപ്പം പോക്കറ്റ് മണികൂടി കിട്ടുന്നുവെന്നതിനാലാണ് കൂടുതൽ പേർ ഇതിലേക്ക് ആകൃഷ്ടരാകുന്നത്.
കഞ്ചാവ് പ്രതികളുടെ ഫോണിൽ വരുന്ന കോളുകളിലും കാൾ ലിസ്റ്റുകളിലും കൂടുതൽ പെണ്‍കുട്ടികളാണുള്ളത്. കോഡു ഭാഷയിലാണ് ഇവർ സംസാരിക്കുന്നത്.
മറ്റുള്ളവർ കേട്ടാൽ ലഹരിയുമായി യാതൊരു വിധ ബന്ധവുമില്ലാത്ത കോഡുഭാഷ ഇവർ ഉപയോഗിക്കുന്നതിനാൽ ആരും സംശയിക്കുന്നില്ല എന്നതും ഇവർക്കു ലഹരി ഉപയോഗവും വിപണനവും കൂടുവാൻ കാരണമാകുന്നുണ്ട്.
കോഡു ഭാഷ പെണ്‍കുട്ടികൾക്കും സുപരിചിതം
സ്കോർ, ജോയിന്റ്, പോസ്റ്റ് എന്നിങ്ങനെയുള്ള കോഡുഭാഷയാണു കഞ്ചാവ് ലഭിക്കുന്നതിനായി പെണ്‍കുട്ടികൾ ഉപയോഗിക്കുന്നത്. കഞ്ചാവ് ഉപയോഗിച്ചു തുടങ്ങുന്ന സമയത്തു തന്നെ കോഡു ഭാഷ ഇവരെ പഠിപ്പിക്കും. പിന്നീട് ഫോണ്‍ മുഖേനയുള്ള സംഭാഷണത്തിൽ കോഡ് ഭാഷകളാണ് ഉപയോഗിക്കുന്നത്.
വീടുകളിലും നഗരത്തിലെ വിവിധ ഹോസ്റ്റലുകളിലും താമസിക്കുന്ന പെണ്‍കുട്ടികൾ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്പോൾ ആരും തിരിച്ചറിയില്ല എന്നതാണ് ശ്രദ്ധേയം. സ്കോർ എന്നത് കഞ്ചാവിന്റെ വിലയാണ് സൂചിപ്പിക്കുന്നത്.
നൂറിന്റെ സ്കോർ, അഞ്ഞൂറിന്റെ സ്കോർ എന്നാണു കഞ്ചാവിന്റെ വില വിവരം അറിയിക്കുന്നത്. സ്കോർ കൂടുതലാണല്ലോ എന്നതിനു കാശ് കൂടുതലാണല്ലോ എന്നാണ് അർഥം. വില കുറയുമോ എന്നത് സ്കോർ കുറയ്ക്കാമോ എന്നായിരിക്കും ചോദിക്കുന്നത്.
കഞ്ചാവ് നിറച്ച ബീഡിയോ സിഗരറ്റോ കൊടുക്കുന്നതിനാണ് ജോയിന്റ് എന്നു പറയുന്നത്. വലിയ കഞ്ചാവ് പൊതികൾ മറ്റുള്ളവർ ശ്രദ്ധിക്കുമെന്നതിനാൽ ജോയിന്റുകളാക്കിയാണു പലപ്പോഴും വിതരണം നടക്കുന്നത്.
ആവശ്യക്കാർക്കു കഞ്ചാവ് കിട്ടുന്ന സമയത്തെയാണു പോസ്റ്റ് എന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഏറെ നേരം കാത്തിരിക്കണോ എന്നതിനുള്ള രഹസ്യ കോഡാണ് പോസ്റ്റാകുമോ എന്നത്.
പെണ്‍കുട്ടികൾക്കുവേണ്ടി മാത്രമുള്ളതാണ് ഹാൾട്ട് എന്ന വാക്ക്. കഞ്ചാവ് വലിക്കുന്ന പെണ്‍കുട്ടികൾക്കു വീട്ടിൽ പോകാൻ കഴിയാതെ വരുന്പോൾ അവൾ ആവശ്യപ്പെടുന്നതാണ് ഹാൾട്ട്. ഗോഡൗണോ, ഒറ്റപ്പെട്ട വീടോ ആണ് പെണ്‍കുട്ടികൾക്കായി ഇവർ ഒരുക്കുന്ന ഹാൾട്ട്.
സംഘമായി എത്തുന്ന പെണ്‍കുട്ടികളാണ് ഹാൾട്ട് ആവശ്യപ്പെടുന്നത്. കഞ്ചാവ് ഏജന്റിനെ സൂചിപ്പിക്കുന്ന വാക്കാണ് പിഎം. ഉച്ചകഴിഞ്ഞു മാത്രം വിതരണം നടത്തുന്നയാൾ പിഎം എന്നാണ് ഇവർക്കിടയിൽ അറിയപ്പെടുന്നത്.
വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിലാണു വിദ്യാഥിനികൾക്കിടയിൽ കഞ്ചാവിന് ആവശ്യക്കാർ ഏറെ. ദൂര സ്ഥലങ്ങളിൽനിന്നും നഗരത്തിലെത്തി ഹോസ്റ്റലിൽ താമസിക്കുന്നവർ കൂട്ടുകാരുമൊത്തു വാരാന്ത്യങ്ങളിൽ വിനോദയാത്ര പോകുന്നതാണു കഞ്ചാവിനു ഡിമാൻഡ് കൂടാൻ കാരണം.