കോട്ടയം: റെഡ് സോണായ കോട്ടയം ജില്ലയിൽ അതീവ ജാഗ്രത. ഹോട്ട് സ്പോട്ടുകളിൽ പരിശോധനകളും നിയന്ത്രങ്ങളും കൂടുതൽ കടുപ്പിച്ചിരിക്കുകയാണ് പോലീസ്.
ഇന്നലെ ജില്ലയിൽ പുതിയ കോവിഡ് രോഗികളില്ലെങ്കിലും നിരവധിപേരെ പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.
ഹോട്ട് സ്പോട്ട് മേഖലകളിൽ നിന്ന് ആരെയും പുറത്തേക്കോ അകത്തേക്കോ പ്രവേശിപ്പിക്കുകയില്ല. റോഡുകളിലെങ്ങും പോലീസ് കർശന പരിശോധനയാണ് നടത്തുന്നത്.
ഇതോടൊപ്പം കോട്ടയം ജില്ലയുടെ അതിർത്തികളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ആവശ്യ സർവീസുകളെയും പാസ് ഉള്ളവരെയും മാത്രമാണ് ജില്ലാ അതിർത്തി കടത്തിവിടുന്നത്.
കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന മേഖലകളിലെ ആളുകൾ ഒരു കാരണവശാലും വീടിനു പുറത്തിറങ്ങരുതെന്നാണ് അധികൃതർ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
ഹോട്ട്സ്പോട്ടുകൾ അല്ലാത്ത മേഖലകളിൽ അവശ്യ വസ്ക്കൾ വില്പന നടത്തുന്ന കടകൾ തുറന്നിട്ടുണ്ട്. ഇവിടങ്ങളിലും അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ ആളുകൾ പുറത്തിറങ്ങാവുവെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഹോട്ട്സ് പോട്ടുകളായ അയർക്കുന്നവും മണർകാടും കർശനനിയന്ത്രണത്തിലാണ്. അയർക്കുന്നം പഞ്ചായത്തിലെ രണ്ടാം വാർഡ് ഭാഗത്തേക്കുള്ള വഴികൾ പോലീസ് അടച്ചു.
കരുനാട്ട് കവല കുരിശുപള്ളി റോഡ് ഭാഗം വഴികൾ പോലീസ് അടച്ചു. മരുന്നുകൾ അവശ്യ വസ്തുക്കൾ ഭക്ഷണ സാമഗ്രികൾ ആവശ്യമുള്ളവർക്ക് വാർഡിലെ വോളന്റിയർ മുഖേന എത്തിക്കും.
കഴിഞ്ഞദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റിയവരുമായി സംന്പർക്കം പുലർത്തിയവരെയാണ് ഇന്നലെ പരിശോധനക്കു വിധേയമാക്കിയത്.
ഇവരുടെ പരിശോധനാ ഫലം ഇന്നും നാളെയുമായി ലഭിക്കും. ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ഇന്നലെ നിരവധി പേരെയാണു പരിശോധിച്ച് സ്രവങ്ങൾ വൈറോളജി ലാബിലേക്ക് അയച്ചത്.
രോഗലക്ഷണങ്ങൾ സംശയിക്കപ്പെട്ടവർ, കോവിഡ് ബാധിച്ചവരുമായി സന്പർക്കമുണ്ടായവർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുടെ സ്രവങ്ങളാണ് ഇന്നലെ പരിശോധനയ്ക്ക് അയച്ചത്.
പാലാ ജനറൽ ആശുപത്രിയിൽ ഇന്നലെ 30 പേരുടെ സ്രവമാണു പരിശോധനയ്ക്കെടുത്തത്. ജില്ലയിൽ ഇന്നലെ 149 പേരുടെ സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മെഡിക്കൽ കോളജിൽ 19 പേരെയാണ് നിരീക്ഷണത്തിലാക്കി പരിശോധനാഫലത്തിനായി കാത്തിരിക്കുന്നത്.
പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട കെഎസ്ആർടിസി ജീവനക്കാരനായ പാലാ സ്വദേശിയുടെ സ്രവവും പരിശോധനയ്ക്കയച്ചിട്ടുണ്ട്.
മേലുകാവ് സ്വദേശിയെയും കാഞ്ഞിരപ്പള്ളി സ്വദേശിനിയെയും കോട്ടയം നഗരത്തിൽനിന്നുരണ്ടുപേരെയും മീനടം, വിജയപുരം പഞ്ചായത്തിൽനിന്ന് ഓരോരുത്തരെയും ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊറോണ നിരീഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പാലാ സ്വദേശിനിയുടെ ഭർത്താവ് (71), സംക്രാന്തിയിൽ താമസിച്ച 29കാരനായ അതിഥി തൊഴിലാളി, ടയർ കന്പനിയുടെ കുമരകം സെന്ററിലെ ജീവനക്കാര(37)ൻ, കാഞ്ഞിരപ്പള്ളി സ്വദേശിനി (56) എന്നിവരാണ് നിരീക്ഷണത്തിലുള്ള മറ്റുള്ളവർ. കോവിഡ് പരിശോധനയിൽ പോസിറ്റീവായി ചികിത്സിൽ കഴിയുന്ന 18 പേരുടേയും നിരീക്ഷണത്തിൽ കഴിയുന്നവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി അധികൃതർ പറഞ്ഞു.
സ്രവ പരിശോധന വ്യാപകമാക്കി
കോട്ടയം: ജില്ലയിലെ സ്രവ പരിശോധന വ്യാപകമാക്കി. നിലവിലുള്ള നാലു സ്രവ സാംപിൾ പരിശോധന കേന്ദ്രങ്ങൾക്കു പുറമെ ആറു മൊബൈൽ സാംപിൾ ശേഖരണ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.
രോഗം സ്ഥീരികരിച്ചവരുടെ സന്പർക്ക പട്ടികയിലുള്ളവർ, രോഗ ലക്ഷണങ്ങളുള്ളവർ, ആരോഗ്യ പ്രവർത്തകർ, ഗർഭിണികൾ, വയോജനങ്ങൾ തുടങ്ങിയവരുടെ സാംപിൾ പരിശോധനയ്ക്കാണ് മുൻഗണന നല്കുന്നത്.
ഹോട്ട് സ്പോട്ടുകൾ
കോട്ടയം: ജില്ലയിൽ ഇന്നലെ രണ്ടു ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. ചങ്ങനാശേരി നഗരസഭയുടെ 33-ാം വാർഡും മേലുകാവ് പഞ്ചായത്തുമാണ് ഹോട്ട് സ്പോട്ടുകളായത്.
ഇതോടെ ജില്ലയിൽ വിജയപുരം, മണർകാട്, അയർക്കുന്നം, പനച്ചിക്കാട്, അയ്മനം, വെള്ളൂർ, തലയോലപ്പറന്പ്, പഞ്ചായത്തുകൾ, കോട്ടയം മുനിസിപ്പാലിറ്റിയിലെ 2, 16, 18, 20, 29, 36, 37 വാർഡുകളുമാണ് ഹോട്ട്സ്പോട്ടുകളായി പുനർനിർണയിച്ചത്.