കോട്ടയം: കോട്ടയം പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്നു മുതൽ പരിശോധന കൂട്ടും. ഇന്നും നാളെയും മറ്റന്നാളും പരിശോധന വ്യാപിപ്പിക്കാനാണ് ആരോഗ്യവകുപ്പ് തയാറെടുക്കുന്നത്.
പച്ചക്കറി, മീൻമാർക്കറ്റുകളിൽ 50ൽപ്പരം പേർക്ക് കോവിഡ് പോസിറ്റീവായെന്നാണ് കണക്ക്. എന്നാൽ ഇതിലധികം പേർക്ക് കോവിഡ് പിടിപെട്ടെന്നും പറയുന്നു. കോട്ടയത്തെ വ്യാപാരശാലകളിലെ ജീവനക്കാരായ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
സ്വർണാഭരണ വ്യാപാര സ്ഥാപനങ്ങളിലും നിരവധി പേർക്ക് കോവിഡ് ബാധിച്ചു. ആന്റിജൻ പരിശോധന വ്യാപിപ്പിക്കുന്നതോടെ രോഗികളുടെ എണ്ണം വർധിക്കുമെന്നാണു കണക്കുകൂട്ടൽ. രോഗികളുടെ എണ്ണം വർധിച്ചാലും കോട്ടയം മാർക്കറ്റ് പൂർണമായും അടച്ചേക്കില്ല.
രോഗം ബാധിച്ചവരുമായി ബന്ധമുള്ള കടകൾ മൂന്നു ദിവസത്തേക്ക് അടപ്പിക്കാനാണു ആരോഗ്യവകുപ്പ് നിർദേശം. ഇന്നു മുതൽ ആയിരത്തോളം ആന്റിജൻ പരിശോധന നടത്താനാണു ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. ഫലം വന്നശേഷം തുടർനടപടികൾ സ്വീകരിക്കും. പച്ചക്കറി, മീൻ മാർക്കറ്റുകളിലാണു രോഗം വ്യാപിക്കുന്നത്.
17 പച്ചക്കറി കടകൾ ഇതിനകം അടച്ചു. കൂടുതൽ പേരിൽ രോഗവ്യാപന സാധ്യതയുണ്ടെന്നു ആരോഗ്യവകുപ്പ് മുന്നറിയിപ്പും നൽകി. ഒരുദിവസം 25 അധികം പേർക്ക് രോഗം വ്യാപിച്ചതോടെയാണു നടപടികൾ ശക്തമാക്കിയത്.
കൂടുതൽ പേർ എത്തുന്ന സ്ഥലം എന്ന നിലയിൽ പച്ചക്കറി, പച്ചമീൻ മാർക്കറ്റിനു പുറമേ ഉണക്കമീൻ മാർക്കറ്റ്, എംഎൽ റോഡ്, കോഴിച്ചന്ത, മാർക്കറ്റ് റോഡ്, ചള്ളിയിൽ റോഡ്, ന്യൂ മാർക്കറ്റ് റോഡ് എന്നിങ്ങനെ കോട്ടയം മാർക്കറ്റുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലെയും വ്യാപാരസ്ഥാപനങ്ങൾ അടച്ചിടാൻ വ്യാപാരികൾ സ്വയം സന്നദ്ധത കാട്ടി. നശിച്ചു പോകാൻ സാധ്യതയുള്ള സാധനങ്ങൾ ഇന്നലെ മാറ്റിയശേഷം അടയ്ക്കാനായിരുന്നു തീരുമാനം.
ഓണനാളിൽ രാവിലെ തീരുമാനമെടുത്തുവെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെത്തുടർന്നു തീരുമാനം തൽക്കാലം പിൻവലിക്കുകയായിരുന്നു. നാളെ മുതൽ കോവിഡ് ടെസ്റ്റ് പൂർത്തിയാക്കിയതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി മറ്റ് നടപടികൾ മാർക്കറ്റിൽ സ്വീകരിക്കുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ മുഴുവൻ വ്യാപാരികളെയും തൊഴിലാളികളെയും ഇന്നും നാളെയും മറ്റന്നാളും കോടിമത പച്ചക്കറി മാർക്കറ്റിൽവച്ചു കോവിഡ് ടെസ്റ്റ് നടത്തുന്നതിന് സൗകര്യം ഒരുക്കുമെന്ന് ജില്ലാ ആശുപത്രി കോവിഡ് വിഭാഗം അധികൃതർ അറിയിച്ചു.