കോട്ടയം: ചുമട്ടു തൊഴിലാളിയ്ക്കു കോവിഡ് -19 സ്ഥിരീകരിച്ചതിനെത്തുടർന്ന് താത്കാലികമായി അടച്ച കോട്ടയം മാർക്കറ്റ് നാളെ മുതൽ തുറന്നു പ്രവർത്തിക്കും. രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചുവരെ മാർക്കറ്റിൽ നിന്നും ചെറുകിട കച്ചവടക്കാർക്കു സാധനങ്ങൾ വാങ്ങാം. കോവിഡ് -19 ഭീഷണി നിലനില്‍ക്കുന്നതിനാൽ മാർക്കറ്റിൽനിന്നു ചെറുകിടി കച്ചവടക്കാർക്കു മാത്രമേ സാധനങ്ങൾ നല്‍കുകയുള്ളൂ.
ഇന്നലെ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു ഒന്നുവരെ മാർക്കറ്റ് തുറന്നു വ്യാപാരികൾ കടകൾ വൃത്തിയാക്കി. ഇന്നു രാവിലെ മാർക്കറ്റിൽ ഫയർഫോഴ്സ് അണുനശീകരണം നടത്തും. നാളെ പുലർച്ചെ നാലുമുതൽ രാവിലെ ഏഴുവരെ പഴം, പച്ചക്കറികളുടെ ലോഡ് ഇറക്കാൻ അനുവദിക്കും. തുടർന്നു ആറുമുതൽ ഒന്‍പതുവരെയുള്ള സമയത്ത് പലചരക്ക് സാധനങ്ങളുടെ ലോഡും ഇറക്കും.
തുടർന്നു എല്ലാദിവസങ്ങളിലും ഇതേ രീതിയിലായിരിക്കും ലോഡ് ഇറക്കേണ്ടത്. മാർക്കറ്റിനുള്ളിലേക്കു ലോറികൾ ഉൾപ്പെടെയുള്ളവാഹനങ്ങൾക്കു പ്രവേശിക്കാൻ കോടിമതയിലെ ഒരു കവാടം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഈ കവാടത്തിൽ ആരോഗ്യവകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് ഉൾപ്പെടെയുള്ളവ പ്രവർത്തിക്കും. ലോഡുമായി എത്തുന്ന ലോറി ഡ്രൈവർമാരുടെ ശരീരോഷ്മാവ് ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ചു പരിശോധിക്കും. പനി സംശയിക്കപ്പെടുന്നവരെ ഉടൻതന്നെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിലേക്കു തുടർപരിശോധനയ്ക്കു എത്തിക്കണം.
തുടർന്ന് അണ്‍ലോഡിംഗ് പാസ് അനുവദിക്കണം. നൽകുന്ന പാസുകളുടെ ഒരു കോപ്പി രജിസ്റ്റർ സൂക്ഷിക്കണം. ഇത്തരം പാസില്ലാത്ത വാഹനങ്ങളിൽനിന്നു കടയുടമകളും തൊഴിലാളികളും ചരക്ക് ഇറക്കാൻ പാടില്ല. മൊത്തവിതരണ, കച്ചവടക്കാർ ദിവസേന തങ്ങളുടെ കടയിൽ ലോഡ് ഇറക്കിയ വാഹനങ്ങളുടെയും ലോഡ് ഇറക്കിയ തൊഴിലാളികളുടെയും പേരുവിവരവും ഫോണ്‍ നന്പരുകളും എഴുതി സൂക്ഷിക്കുകയും ആവശ്യപ്പെടുന്പോൾ പരിശോധനയ്ക്ക് ഹാജരാക്കുകയും വേണം. മാർക്കറ്റിൽ എത്തുന്ന ഡ്രൈവർമാർ ഒരു കാരണവശാലും മറ്റുള്ളവരുമായി ബന്ധപ്പെടാൻ പാടില്ല. ഡ്രൈവർക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കൾ ലോഡ് വരുത്തിയിരിക്കുന്നയാൾ നൽകണം.
ഡ്രൈവർമാർക്കായി മൂന്നു ശൂചിമുറികൾ കോടിമതയിൽ ക്രമീകരിച്ചിട്ടുണ്ട്. ലോഡ് ഇറക്കിയാൽ ഉടൻ തന്നെ ഡ്രൈവർമാർ മാർക്കറ്റ് വിട്ടുപോകണം. ലോഡ് ഇറക്കി ലോറികൾ പോയാലുടൻ തന്നെ കച്ചവടക്കാർ കടകൾ വൃത്തിയാക്കി മാസ്കും ഗ്ലൗസും ധരിച്ചു സാമൂഹിക അകലം പാലിച്ചു വേണം സാധനങ്ങൾ നല്കാൻ.
മാർക്കറ്റിനുള്ളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് ഇല്ലാത്ത കച്ചവടവും വഴിയോരകച്ചവടവും പൂർണമായും നിരോധിച്ചിട്ടുണ്ട്. യോഗത്തിൽ ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു, എടിഎം അനിൽ ഉമ്മൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.കെ. എൻ. പണിക്കർ, മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി എം.കെ. ഖാദർ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രാധാകൃഷ്ണൻ, വ്യാപാരി വ്യാവസായി സമിതി സെക്രട്ടറി സലീം എന്നിവർ പങ്കെടുത്തു.