കോട്ടയം: യെല്ലോ അലർട്ട് ദിനത്തിലും ജില്ലയിൽ കനത്ത മഴ. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും പരക്കെ മഴ പെയ്തു. മലയോര മേഖലയിൽ മണ്ണിടിച്ചിൽ തുടരുകയാണ്. മീനച്ചിലാറും മണിമലയാറും മൂവാറ്റുപുഴയാറും കരകവിയാറായി. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കോട്ടയം-കുമരകം റോഡിൽ ഇല്ലിക്കലിൽ റോഡിൽ വെള്ളം കയറി. കൊല്ലം -തേനി ദേശീയ പാതയിൽ പുല്ലുപാറയ്ക്കു സമീപം റോഡിൽ മണ്ണിടിഞ്ഞു വീണു. ഒരു വശത്തു കൂടി വാഹനങ്ങൾ കടന്നുപോകുന്നതിനാൽ ഗതാഗതം തടസപ്പെട്ടില്ല.
കനത്ത മഴ തുടരുന്ന മലയോര മേഖല ഉരുൾ ഭീതിയിലാണ്. തലനാട് പഞ്ചായത്തിൽ മണ്ണിടിച്ചിലിൽ നാല് വീടുകൾ അപകടാവസ്ഥയിലാണ്. മേലടുക്കം പ്രദേശത്താണ് മണ്ണിടിഞ്ഞ് വീടുകൾ അപകട സ്ഥിതിയിലായത്. കഴിഞ്ഞ പ്രളയകാലത്ത് വീട് തകർന്നതിനെത്തുടർന്ന് പുനർനിർമിച്ച മുണ്ടപ്ലാക്കൽ മോസസിന്റെ വീടിന്റെ സംരക്ഷണഭിത്തി തകർന്നു.
പടിപുരയ്ക്കൽ ഗോപാലൻ, വെള്ളാനി മഠത്തിപറന്പിൽ റെജി എന്നിവരുടെ വീടും സിഎസ്ഐ പള്ളി വികാരിയുടെ വീടിന്റെ മുറ്റവും മണ്ണിടിച്ചിലിൽ തകർന്നു. വാഗമണ്‍ റൂട്ടിൽ പലയിടത്തും ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായി.
വാഗമണ്‍ വഴിക്കടവിലുള്ള ചെക്ക് ഡാം നിറഞ്ഞു കവിഞ്ഞതായിരുന്നു മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരാൻ കാരണം. ഇടുക്കി ഡാമിലേക്ക് വെള്ളമെത്തിക്കാൻ വഴിക്കടവിൽ നിർമിച്ച മിനിഡാം കെഎസ്ഇബി അധികൃതരുടെ അനാസ്ഥയെത്തുടർന്നാണ് നിറഞ്ഞു കവിഞ്ഞത്.
ചപ്പു ചവറുകൾ ടണൽമുഖത്ത് അടിഞ്ഞ് നീരൊഴുക്ക് നിലച്ചതാണ് ഡാം നിറയാൻ കാരണം. ഇന്നലെ രാവിലെ മുതൽ കെഎസ്ഇബി അധികൃതരുടെ നേതൃത്വത്തിൽ ടണലിൽ അടിഞ്ഞുകൂടിയ ചപ്പുചവറുകൾ നീക്കി ഇടുക്കി ഡാമിലേക്ക് നീരൊഴുക്ക് ശക്തമാക്കി. മിനി ഡാമിലെ വെള്ളം തുരങ്കത്തിലൂടെ ഒഴുകി കരിന്തിരിയിലെത്തി അവിടെ നിന്നും പെരിയാറ്റിലെത്തിയാണ് ഇടുക്കി ഡാമിലെത്തുന്നത്.
കുമരകം, തിരുവാർപ്പ്, അയ്മനം, പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷകർ ഇന്ന് ഓറഞ്ച് അലർട്ടാണ് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു വ്യാപകമായ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് കരുതുന്നത്.