കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ പോലീസും എക്സൈസും ചേർന്നു പിടികൂടിയതു ലിറ്റർ കണക്കിനു ചാരായവും കോടയും.
മുണ്ടക്കയം, എരുമേലി, കടുത്തുരുത്തി, മുണ്ടാർ, വെച്ചൂർ ഏറ്റുമാനൂർ എന്നിവിടങ്ങളിൽ നിന്നാണ് ചാരായം പിടികൂടിയത്. ഇന്നലെ എക്സൈസ് അധികൃതർ നടത്തിയ പരിശോധനയിലാണ് മുണ്ടക്കയം, എരുമേലി ഭാഗങ്ങളിൽ നിന്നായി 55 ലിറ്റർ കോട പിടികൂടിയത്.
പൊൻകുന്നം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വി.ആർ. വിനോദും സംഘവും നടത്തിയ പരിശോധനയിൽ മുണ്ടക്കയത്തിനു സമീപം മുളങ്കയം ഭാഗത്ത് പ്രവർത്തിക്കുന്ന പലചരക്കുകടയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 20 ലിറ്റർ കോട കണ്ടെടുത്തു.
കടയുടമ മാക്സ് വില്ലയിൽ ജോളിമോനെതിരേ കേസെടുത്തു. എരുമേലി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ മാത്യു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘവും കനകപ്പലം വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിൽ എരുമേലി നെടുങ്കവയൽ ഭാഗത്ത് വനത്തിൽ നിന്ന് ഉടമസ്ഥനില്ലാത്ത 35 ലിറ്റർ കോട കണ്ടെടുത്ത് നശിപ്പിച്ചു.
കടുത്തുരുത്തിയിൽ കാറിൽ കടത്തുകയായിരുന്ന രണ്ടു ലിറ്റർ ചാരായം പിടികൂടി.പോലീസ് നടത്തിയ പരിശോധനയിൽ വാറ്റുകാരന്റെ വീട്ടിൽ നിന്ന് ഒന്നര ലിറ്റർ ചാരായം കൂടി കണ്ടെടുത്തു. കാർ ഉടമ അറുന്നൂറ്റിമംഗലം അരിശേരി ദിനേശൻ (57), ചാരായം വാറ്റിയ എഴുമാംന്തുരുത്ത് മുണ്ടാർ കേശവമന്ദിരത്തിൽ പ്രദീപ്( 51) എന്നിവരെ കടുത്തുരുത്തി എസ്എച്ച്ഒ പി.കെ ശിവൻകുട്ടി, എസ്ഐ ടി.എസ്. റെനീഷ് എന്നിവരുടെനേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
ലോക്ക് ഡൗൺ പരിശോധനയ്ക്കിടെയാണ് ദിനേശനെ പിടികൂടിയത്. ദിനേശനെ ചോദ്യം ചെയ്തതോടെ പ്രദീപാണ് ചാരായം വാറ്റിയതെന്നു കണ്ടെത്തി. തുടർന്നു പോലീസ് സംഘം പ്രദീപിന്റെ മുണ്ടാറിലെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ചാരായം കണ്ടെത്തുകയായിരുന്നു. മുണ്ടാറിലെ മറ്റപ്പെട്ട സ്ഥലത്താണ് പ്രദീപിന്റെ വീട്.
പ്രദേശത്ത് ചാരായം വാറ്റുന്നത് ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ പോലീസിനെ അറിയിക്കുന്നത് താനാണെന്ന് നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നയാളാണ് പ്രദീപ്. ഇതിന്റെ മറവിലായിരുന്നു ചാരായ വില്പന നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.
വെച്ചൂർ അച്ചിനകം മത്തുങ്കൽ പാലത്തിനു കിഴക്കേകരയിൽ താമസിക്കുന്ന ചിറയിൽ സി.ജെ. ജിജോയുടെ വീട്ടിൽ നിന്നുമാണ് രണ്ടര ലിറ്റർ ചാരായവും 110ലിറ്റർ കോടയും വാറ്റുപകരണങ്ങളായ പ്രഷർകുക്കറും കുഴലും എക്സൈസ് പിടികൂടിയത്.
കോട്ടയം എക്സൈസ് ഇന്റലിജൻസിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വൈക്കം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ റോയി ജയിംസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇവിടെ പരിശോധന നടത്തിയത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷൽ സ്ക്വാഡ് മീൻ പിടുത്തക്കാരെന്ന വ്യാജ വള്ളത്തിലെത്തി നാട്ടകത്തു നിന്നും ചാരായം വാറ്റിയയാളെ അറസ്റ്റു ചെയ്തിരുന്നു. നാട്ടകം പള്ളം മലയിൽചിറ എം.എം ജോസിനെ (മോനായി 55) യെയും പിടികൂടിയിത്.
ഇയാളുടെ വീട്ടിൽ നിന്നും ഒന്നര ലിറ്റർ ചാരായവും, 120 ലിറ്റർ കോടയും, വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. വർഷങ്ങളായി ഇയാൾ എക്സൈസിനെയും, പോലിസിനെ വെട്ടിച്ച് ചാരായം നിർമിച്ച് വിൽപ്പന നടത്തുകയായിരുന്നു.
പള്ളം കരിന്പിൻ കാലാ കടവിൽ നിന്നും കൊടൂരാർ കടന്ന് രണ്ട് കിലോമീറ്റർ പാടവരന്പിലൂടെ നടന്ന് വേണം ഇയാളുടെ വീട്ടിലെത്താൻ. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എൻ.വി. സന്തോഷ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ സ്ക്വാഡ് സിഐ ടി.വി. ദിവാകരന്റെ നിർദ്ദേശാനുസരണമാണ് റെയ്ഡ് നടത്തിയത്.